കാഞ്ഞങ്ങാട്: മഴക്കാലം കഴിഞ്ഞതോടെ വേനൽ കനക്കുകയാണ്. അന്തരീക്ഷത്തിനും മനസിനും ചൂട് പിടിക്കുമ്പോൾ കുളിർമയേകാൻ പറ്റിയ ഒരിടമുണ്ട്. സീമാ രതീഷിന്റെ തണ്ണിമത്തൻ കൃഷിയിടം. പഴങ്ങളിലും പച്ചക്കറികളിലും മായം ചേർക്കുന്നതിനെതിരെ സന്ധിയില്ലാ സമരഭൂമിയാണ് സീമാ രതീഷിന്റെ കൃഷിയിടം. കാസർകോട് കുമ്പളയിലെ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയായ ഇവർ കാർഷിക മേഖലയിലെ മാതൃകാ പ്രവർത്തനങ്ങൾക്ക് നാട്ടുകാരിൽ നിന്നും സർക്കാരിൽ നിന്നും അനുമോദനങ്ങളും വാരിക്കൂട്ടുകയാണ്.
കാഞ്ഞങ്ങാടിനടുത്ത് മീങ്ങോത്ത് വീടിനോട് ചേർന്നുള്ള രണ്ടര ഏക്കർ കൃഷിയിടത്തിലാണ് പൂർണ്ണമായും ഓപ്പൺ പ്രിസിഷൻ എന്ന ഹൈടെക് രീതിയിൽ തയ്യാറാക്കിയ തോട്ടത്തിൽ ജൈവകൃഷിരീതിയിൽ മികച്ച ഇനം തണ്ണീർ മത്തൻ കൃഷി ചെയ്യുന്നത്. ഷുഗർ ക്വീൻ എന്ന ഹൈബ്രിഡ് വിത്തുപയോഗിച്ചാണ് കൃഷി. ചാണകം, കോഴിവളം, പച്ച കക്കപ്പൊടി ചാരം, വേപ്പിൻ പിണ്ണാക്ക് എന്നിവ അടിവളമായി ഉപയോഗിച്ചു. 70 ദിവസം കൊണ്ട് തണ്ണി മത്തൻ വിളവെടുപ്പിന് പാകമായി. മുപ്പത് ടൺ വിളവാണ് കൃഷിയിൽ നിന്നും പ്രതീക്ഷിക്കുന്നത്.
കിലോയ്ക്ക് 30 രൂപ നിരക്കിലാണ് വില്പന. ഇവിടെ വിളഞ്ഞ ഓരോ തണ്ണിമത്തനും മൂന്ന് മുതൽ നാല് കിലോ വരെ തൂക്കമുണ്ട്. ഇവിടുത്തെ തണ്ണിമത്തൻ കൃഷി ജൈവോത്പ്പന്നമായതിനാൽ നിരവധി സൂപ്പർ മാർക്കറ്റുകൾ വിളവെടുപ്പിനു മുൻപായി തന്നെ സമീപിച്ചെന്നും അതിനാൽ വിപണന പ്രശ്നം നേരിടുന്നില്ലായെന്നും ഈ യുവകർഷക അഭിമാനപൂർവ്വം പറഞ്ഞു.
സ്‌കൂൾ അദ്ധ്യാപികയായ സീമാ രതീഷ് രാവിലെയും വൈകിട്ടും ഓരോ മണിക്കൂർ വീതം സമയം കണ്ടെത്തിയാണ് തണ്ണിമത്തൻ കൃഷിയിൽ വ്യാപൃതയായത്. 6 ലക്ഷം രൂപയോളം ചെലവഴിച്ച് സീമ രതീഷ് മീങ്ങോത്ത് കൃഷിയിറക്കിയ വിഷരഹിത തണ്ണീർ മത്തൻ 26ന് മന്ത്രി ഇ. ചന്ദ്രശേഖരൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യും. വേനൽ ചൂട് തുടങ്ങിയാൽ ദാഹശമനി എന്ന നിലയിൽ വിപണിയിൽ ലഭിക്കുന്ന പഴങ്ങളിൽ ഏറ്റവും പ്രചാരവും ആവശ്യക്കാരേറെയുള്ളതും തണ്ണിമത്തൻ തന്നെ.
വെള്ളരിവിളയായ തണ്ണിമത്തൻ അഥവാ വത്തക്കയുടെ ജന്മദേശം ആഫ്രിക്കയാണെങ്കിലും അന്തരീക്ഷത്തിലെ ഈർപ്പവും മഴയും കുറഞ്ഞ രീതിയിലുള്ള വരണ്ട കാലാവസ്ഥയുമുള്ള എവിടെയും തണ്ണിമത്തൻ കൃഷിയിറക്കാമെന്ന് സീമ പറയുന്നു.
ഡിസംബർ മുതൽ മാർച്ച് വരെയാണ് കൃഷിക്കനുയോജ്യമായ കാലം. കേരളത്തിലെ കാലാവസ്ഥക്കും സാമൂഹിക സാഹചര്യങ്ങൾക്കും ഇണങ്ങുന്ന നൂതന ഹൈടെക്ക് കൃഷിരീതിയായ ഓപ്പൺ പ്രിസിഷ്യൻ ഫാമിംഗ് അഥവാ കൃത്യതാ കൃഷിയെക്കുറിച്ച് സീമ ടീച്ചർ വാചാലയാകുന്നു. കൃഷിച്ചെലവിന്റെ വലിയൊരു ശതമാനം കൂലിയിനത്തിൽ നൽകേണ്ടി വരുന്നതിനാലാണത്രെ ഭൂരിഭാഗം പേരും പച്ചക്കറികൃഷിയിൽ നിന്ന് അകലം പാലിക്കുന്നത്. വെള്ളവും വളവും ആവശ്യമായ അദ്ധ്വാനവും ഗണ്യമായ തോതിൽ ക്രമീകരിച്ചുകൊണ്ട് കൂടിയ ഉൽപ്പാദനം ഉണ്ടാക്കാനുള്ള കൃഷിരീതിയാണ് പ്രിസിഷൻ ഫാർമിംഗ് എന്ന് ടീച്ചർ വ്യക്തമാക്കി.
നല്ല നീർവീഴ്ചയും കൃത്യമായ സൂര്യപ്രകാശവും ലഭിക്കുന്ന ഏത് സ്ഥലവും പ്രിസിഷൻ ഫാർമിംഗ് എന്ന കൃത്യതാ ഫാർമിംഗിന് അനുയോജ്യമാണെന്നും സീമ രതീഷ് പറഞ്ഞു. വിളഞ്ഞു പാകമായ തണ്ണിമത്തന്റെ ഉള്ളിലെ മാംസളവും രുചികരവുമായ ഭക്ഷ്യപദാർത്ഥത്തിൽ ഇരുമ്പിന്റെ അംശം കൂടുതലാണെന്നും നല്ലൊരു ദാഹശമിനിയായ വത്തക്ക ജ്യൂസിൽ വിറ്റാമിൻ എ,സി, ലൈക്കോപീൻ തുടങ്ങിയ ആന്റി ഒക്സിഡന്റുകൾ അടങ്ങിയ തണ്ണി മത്തനിൽ 90 % വും വെള്ളമാണ്. കൊടുംചൂടിൽ ശരീരം തണുപ്പിക്കാനും ദാഹമകറ്റാനും മാത്രമല്ല ഹൃദ്രോഗം മുതൽ കാൻസർ രോഗം വരെ ഒരളവോളം തടയാനും രക്തസമ്മർദ്ദം കുറക്കാനും വൃക്കയുടെ പ്രവർത്തനത്തിനും ശരീരഭാരം കുറയ്ക്കാനും തണ്ണിമത്തന് കഴിവുണ്ടത്രേ. കാത്സ്യം, മഗ്നീഷ്യം, ഫൈബർ, പ്രോട്ടീൻ, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയതിനാൽ ചർമ്മ സൗന്ദര്യത്തിനും ആരോഗ്യവർദ്ധനക്കും തണ്ണീർ മത്തൻ ഉത്തമമാണെന്നും അറിയുന്നു.