മുക്കം: 266 കിലോമീറ്റർ ദൈർഘ്യമുള്ള മൈസൂർ- മലപ്പുറം ദേശീയ പാത വേനപ്പാറ(ഓമശേരി പഞ്ചായത്ത്), മുത്തേരി (മുക്കം നഗരസഭ), പൊറ്റശ്ശേരി (മുക്കം), കൂളിമാട് (മാവൂർ പഞ്ചായത്ത്)വഴിയാണ് കടന്നു പോകുന്നത്. എന്നാൽ ഇത് ഓമശ്ശേരി, മലയമ്മ, കട്ടാങ്ങൽ, മാവൂർ, വാഴക്കാട് വഴിയാക്കണമെന്ന് ആവശ്യം ഉയരുകയാണ്. ആദ്യം നൽകിയ രൂപരേഖ അനുസരിച്ച് വയനാട് ജില്ലയിലെ നിലവിലെ പാത നവീകരിക്കേണ്ടി വരും. കോഴിക്കോട്, മലപ്പുറം ജില്ലകളുടെ കൂടുതൽ ഭാഗങ്ങളിൽ പുതിയ പാത ഒരുക്കേണ്ടതായും വരും. അങ്ങനെയാകുമ്പോൾ മലപ്പുറത്തു മാത്രം 130 ഹെക്ടർ ഭൂമി ഇതിനായി ഏറ്റെടുക്കേണ്ടി വരും.
എന്നാൽ ഇപ്പോൾ മറ്റൊരു പദ്ധതിയിലൂടെ നവീകരണം നടന്നുകൊണ്ടിരിക്കുന്ന കട്ടാങ്ങൽ, മാവൂർ റോഡ് വഴിയാക്കുമ്പോൾ
ചെലവ് ഗണ്യമായി കുറയുമെന്ന മെച്ചവും ഉണ്ടെന്നാണ് പുതിയ അലൈൻമന്റിനു വേണ്ടി രംഗത്തുള്ള ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നത്. കേന്ദ്ര സർക്കാറിന്റെ ഭാരത് മാലാ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ പദ്ധതിക്ക് അനുമതി നൽകിയത്. രാത്രിയാത്രാ നിരോധനം വഴി പ്രയാസത്തിലാകുന്നവർക്ക് ആശ്വാസമാകുന്നതാണ് ഈ പാത. ബന്ദിപൂർ വനമേഖല ഒഴിവാക്കിയായിരിക്കും മൈസൂരുവിൽ നിന്നുള്ള ഈ ദേശീയപാത. ഇതിന്റെ രൂപരേഖയിൽ മാറ്റം ആവശ്യപ്പെട്ട് മലപ്പുറം, കോഴിക്കോട് കളക്ടർമാർ, എം.എൽ.എ, എം.പി. എന്നിവർക്കെല്ലാം നിവേദനം നൽകി കാത്തിരിക്കുകയാണ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ.