dronar

മനുഷ്യന്റെ തലയ്ക്കും തെങ്ങിൻ കുലയ്ക്കും ഇന്നാട്ടിലൊരു വിലയുമില്ലെന്ന് സി.എച്ച്. മുഹമ്മദ് കോയ സാഹിബ് മാത്രമല്ല, നമ്മുടെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലാജിയും പ്രസംഗിച്ചിട്ടുണ്ട് . പേറ്റന്റ് ചെന്നിത്തലാജിക്ക് പതിച്ച് കൊടുത്തിട്ടില്ല. ചെന്നിത്തലാജി സി.എച്ച് സാഹിബിനെ ഉദ്ധരിച്ചതാണോ എന്നും വ്യക്തമാക്കപ്പെട്ടിട്ടില്ല.

സ്പീക്കർ ശ്രീരാമകൃഷ്ണൻ കൈയും കലാശവും കാട്ടി പ്രതിപക്ഷനേതാവിനെ നോക്കിക്കൊണ്ടാണ് ആ വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസം സഭയിൽ നടത്തിയത്. അതും തൊട്ടടുത്ത് നിന്നുകൊണ്ട്. ശ്രീരാമകൃഷ്ണൻസഖാവ് അന്ന് പെരിന്തൽമണ്ണ ഹൈസ്കൂളിൽ പഠിക്കുകയായിരുന്നു. ശ്രീരാമകൃഷ്ണൻ സഖാവിന്റെ ഓർമ്മ അപാരം തന്നെയെന്ന് ചിന്തിച്ച് ഉൾപ്പുളകിതനാകുന്ന ചെന്നിത്തലാജിയെ ആണ് തൊട്ടടുത്തിരുന്ന മുനീർ സാഹിബ് അടക്കമുള്ളവർ അപ്പോൾ കണ്ടത്.

വിലയില്ലാത്ത തലകളെപ്പറ്റി അന്നേ (ശ്രീരാമകൃഷ്ണൻ പറഞ്ഞ എൺപതുകളുടെ ആദ്യം) ചെന്നിത്തലാജിക്ക് നല്ല ബോദ്ധ്യമുണ്ടായിരുന്നു എന്ന് ഇതിൽ നിന്ന് നമ്മൾ മനസിലാക്കേണ്ടതുണ്ട്. അത് തിരിച്ചറിയാതെ ഇപ്പോൾ ചിലരൊക്കെ കടയിൽ ചെന്ന് കറിവേപ്പിലയെ ചൂണ്ടി 'പത്തുരൂപയ്ക്ക് ചെന്നിത്തല' എന്നൊക്കെ ചോദിക്കുന്നത് കടന്ന കൈയാണ്.

ചെന്നിത്തലാജി അന്ന് മനുഷ്യന്റെ തലയുടെ വിലയെപ്പറ്റി പറയുമ്പോൾ കെ.എസ്.യുവിന്റെ പ്രസിഡന്റാണ്. സമീപകാലത്തായി ശ്രീരാമകൃഷ്ണൻ ഒരുയർന്ന പീഠത്തിലും ചെന്നിത്തലാജിയും മറ്റും അതിന് കീഴെ കസേരയിലുമിരിക്കുന്നത് കാരണം ചെന്നിത്തലാജിയുടെ വളർച്ച എത്രത്തോളമെന്ന് ശ്രീരാമകൃഷ്ണന് അളക്കാൻ സാധിച്ചിട്ടില്ലായിരുന്നു. നിയമസഭയിൽ ഉമ്മർ സാഹിബ് ഒരു പ്രമേയം കൊണ്ടുവന്നതോടെ അതും സാധിച്ചു.

സ്പീക്കറെ നീക്കാനാവശ്യപ്പെട്ടുള്ള പ്രമേയമായതിനാൽ ചെന്നിത്തലാജിയുടെ തൊട്ടടുത്തെ സീറ്റിൽ ഇരിക്കാൻ ശ്രീരാമകൃഷ്ണൻ സഖാവിന് യോഗമുണ്ടായത് എന്തുകൊണ്ടും അനുഗ്രഹമായി. ആ വേളയിലാണ് ചെന്നിത്തലാജിയുടെ ശരീരത്തെ മൊത്തത്തിലൊന്ന് അളന്ന് നോക്കാൻ ശ്രീരാമകൃഷ്ണന് സാധിച്ചത്. കൂടെക്കിടക്കുമ്പോൾ രാപ്പനിയറിയാമെന്നതിനാൽ അറിഞ്ഞ കാര്യം മറയില്ലാതെ അദ്ദേഹം പങ്കുവയ്ക്കുകയായിരുന്നു. അതനുസരിച്ച് ചെന്നിത്തലാജിക്ക് തീരേ വളർച്ചയില്ലാത്ത അവസ്ഥയാണ്. പെരിന്തൽമണ്ണ ഹൈസ്കൂളിൽ പഠിക്കുമ്പോൾ ശ്രീരാമകൃഷ്ണൻ കണ്ടതെന്തായിരുന്നോ, അതേ വളർച്ച. അതിൽ നിന്നല്പം താഴേക്ക് പോയോയെന്നേ അദ്ദേഹത്തിന് സംശയമുള്ളൂ. മുകളിലോട്ട് ഇല്ല.

ചെന്നിത്തലാജിയുടെ വളർച്ചയെപ്പറ്റി ശ്രീരാമകൃഷ്ണന്റെ പഠനം ആധികാരികമാണോ എന്ന് ചിലരൊക്കെ ഇപ്പോഴും സംശയിക്കുന്നുണ്ട്. പക്ഷേ കോൺഗ്രസ് ഹൈക്കമാൻഡ് ആ പഠനറിപ്പോർട്ട് അക്ഷരംപ്രതി ശരിവയ്ക്കുന്നുവെന്നാണ് പറയുന്നത്. വിലയില്ലാത്ത തലകളുടെ കൂട്ടത്തിൽ ചെന്നിത്തലാജിയുടെ തലയെയും അവർ പെടുത്തിയത് അതുകൊണ്ടാണത്രെ. ചെന്നിത്തലാജിയുടെ പേരിൽ തന്നെ ഒരു തല കിടപ്പുള്ളതും കൂടി, ആ തലയുടെ മൂല്യം ഇടിച്ചുതാഴ്ത്തപ്പെടാൻ വഴിയൊരുക്കിയിട്ടുണ്ട് എന്നാണ് ഹൈക്കമാൻഡ് നിരീക്ഷണം. അതിന് കേസിവേണുഗോപാൽജിയുടെ വിലപ്പെട്ട സംഭാവനകളുമുണ്ടായിട്ടുണ്ടെന്ന് പറയപ്പെടുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇമ്മാതിരി നിരീക്ഷണങ്ങൾ ഹൈക്കമാൻഡ് ചിലപ്പോഴെല്ലാം നടത്താറുണ്ട്. അങ്ങനെ നടത്തുമ്പോഴാണ് ആലിൻ കായ് പഴുത്തപ്പോൾ കാക്കയ്ക്ക് വായ്പ്പുണ്ണ് എന്ന അവസ്ഥ ചിലർക്കൊക്കെ ഉണ്ടാവാറ്.

വിലയില്ലാത്ത തലയുള്ള ദേഹി എന്ന ഗവേഷണ ഫലം കൊണ്ട് മാത്രം ചെന്നിത്തലാജിയെ കൊച്ചാക്കാൻ ആരും നോക്കരുതെന്നാണ് ദ്രോണർക്ക് അഭ്യർത്ഥിക്കാനുള്ളത്. ഐശ്വര്യ കേരള യാത്ര പര്യടനം തീർത്ത് എത്തുമ്പോഴേക്ക് ഒരു പക്ഷേ മൂല്യമുയർന്നെങ്കിലോ? പ്രതീക്ഷകൾ വച്ചുപുലർത്തുന്നത് എപ്പോഴും നല്ലതാണ്.

നാല്- നാലര കൊല്ലം വെള്ളം കോരിയും വിറക് വെട്ടിയും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. എത്ര വാർത്താസമ്മേളനം! ആ മുഖം കാണാതെ ഉറക്കം വരാത്ത ആളുകളെത്ര! എല്ലാം ഒറ്റനിരീക്ഷണത്താൽ തവിട് പൊടിയാവുക എന്നൊക്കെ പറഞ്ഞാൽ അതിൽപ്പരം ക്രൂരത മറ്റെന്തുണ്ട്! അന്നെല്ലാം മണ്ണും ചാരി നിന്ന ഉമ്മൻ ചാണ്ടിജിയുടെ തലയ്ക്കാണ് ഇപ്പോൾ മൂല്യം കൂടുതൽ എന്ന് ഇപ്പോൾ നിരീക്ഷിച്ച് കണ്ടെത്തുന്നത് അല്പം കടന്നകൈയാണ്.

.......................................

കേരളത്തിൽ വന്ന് തലയുടെ മൂല്യം അളക്കുന്ന കോൺഗ്രസുകാർ ഡൽഹിയിൽ തലയില്ലാതെ നടക്കാൻ തുടങ്ങിയിട്ട് വർഷം രണ്ട് കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ വരും തല എന്ന് കേൾക്കാൻ തുടങ്ങിയിട്ടും നാളുകളായി. കോഴിക്ക് മുല വരിക, ഗണപതിക്ക് കല്യാണം വരിക, എ.ഐ.സി.സിക്ക് അദ്ധ്യക്ഷൻ വരിക എന്നിവ തമ്മിലെന്താണ് വ്യത്യാസം എന്ന് ചിലരൊക്കെ ചോദിച്ചേക്കാം? എന്ത് വ്യത്യാസം! എന്ന് മാത്രമാണുത്തരം.

ജൂണിൽ എ.ഐ.സി.സിക്ക് പുതിയ അദ്ധ്യക്ഷൻ വരുമെന്നാണ് പറയുന്നത്. വരുന്നതൊക്കെ നല്ലതു തന്നെ. വന്നില്ലെങ്കിലും ആരും കുറ്റം പറയരുത്. കാരണം ജൂണിൽ തെക്കുപടിഞ്ഞാറൻ കാലവർഷം പൊട്ടിപ്പുറപ്പെടുന്ന സമയമാണ്. വല്ല പ്രളയമോ മറ്റോ വന്നാൽ, എ.ഐ.സി.സിക്ക് അദ്ധ്യക്ഷനെ ഇപ്പോൾ കിട്ടിയിരിക്കണം എന്നൊക്കെ ശാഠ്യം പിടിക്കുന്നത് ഔചിത്യക്കേടാവില്ലേ? അതുകൊണ്ട് ചിന്തിച്ച് നോക്കുക. ആരും നിർബന്ധം കാട്ടരുത്.

......................................

- ശ്രീരാമകൃഷ്ണൻ സഖാവ് ലക്ഷണമൊത്ത സഖാവാണ് എന്നതിൽ തർക്കമേയില്ല. മാഞ്ചീരി രാമൻ നായർ എന്ന പിതാമഹന്റെ കുടുംബത്തിലാണ് അദ്ദേഹം പിറന്നത്. അന്തസുള്ള കുടുംബത്തിൽ പിറന്നയാളാണെന്ന് നിയമസഭയിൽ വച്ച് അദ്ദേഹം കൈവീശിക്കാട്ടി പറയുകയുണ്ടായി.

അന്തസുള്ള കുടുംബത്തിൽ പിറന്നുവീഴുന്നവർക്ക് വ്യക്തിപരമായും കുടുംബപരമായും അടുപ്പമുള്ളവർ ഏറെയുണ്ടാവും. അക്കൂട്ടത്തിൽ സ്വപ്നസുരേഷ് എന്ന സ്ത്രീയും ഉൾപ്പെട്ടിട്ടുണ്ടാവും. അവർ സ്വർണക്കടത്ത് കേസിൽ ജയിലിനകത്തായിപ്പോയി എന്നതിന് ശ്രീരാമകൃഷ്ണൻ സഖാവിന് അടുപ്പമുണ്ടായിക്കൂടാ എന്നർത്ഥമില്ലല്ലോ. ഏത് സ്വപ്ന സുരേഷ് വന്ന് കേറിയാലും അടുപ്പമുണ്ടാക്കിപ്പോകുന്ന ലോലഹൃദയം ചില അന്തസുള്ള മനസുകൾക്ക് പറഞ്ഞിട്ടുള്ളതാണ്. അതിന്റെ പേരിൽ സ്പീക്കറെ തൂക്കിക്കൊല്ലണം എന്നൊക്കെ ഉമ്മർ സാഹിബിനെ പോലുള്ളവർ വിധിക്കുന്നത് ക്രൂരതയാണ്.

ഇ-മെയിൽ: dronar.keralakaumudi@gmail.com