1

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ മാലിന്യ പ്രശ്നങ്ങൾ രൂക്ഷമാകുമ്പോഴും എയ്റോബിന്നുകൾ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ലെന്ന് പരാതി. പ്ലാസ്റ്രിക് രഹിത മാലിന്യങ്ങൾ സംസ്കരിക്കുന്നതിനു വേണ്ടിയിട്ടാണ് നഗരത്തിൽ എയ്റോബിന്നുകൾ സ്ഥാപിക്കാൻ കഴിഞ്ഞ നഗരസഭാ ഭരണസമിതി തയാറായത്. നഗരത്തിൽ നിറയുന്ന മാലിന്യങ്ങളും വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമുളള മാലിന്യങ്ങളും വേർതിരിച്ച് എയ്റോബിന്നുകളിൽ നിക്ഷേപിച്ച് കംമ്പോസ്റ്റ് ആക്കി മാറ്രുകയായിരുന്നു ലക്ഷ്യം. ഇത്തരത്തിൽ സമാഹരിക്കുന്ന കംമ്പോസ്റ്റ് കാർഷിക ആവശ്യങ്ങൾക്കും നൽകുകയായിരുന്നു നഗരസഭയുടെ ഉദ്ദേശ്യം. എന്നാൽ എയ്റോബിന്നുകളിൽ നിർമ്മിക്കുന്ന കംമ്പോസ്റ്റ് ആവശ്യക്കാർക്ക് എത്തിക്കുന്നതിനുളള പദ്ധതി നഗരസഭ തയാറാക്കിയിരുന്നില്ല. ഇതുകാരണം എയ്റോബിന്നുകളിൽ നിറയുന്ന കംമ്പോസ്റ്റുകൾ അതേപടി കിടക്കുകയാണ്. എയ്റോബിന്നുകളിൽ നിറയുന്ന മാലിന്യങ്ങൾ ഇപ്പോൾ ഗ്രാമം ജംഗ്ഷനിലെ എയ്റോബിൻ യൂണിറ്രിനു മുകളിൽ നിറച്ചിട്ടിരിക്കുകയാണ്. മറ്റിടങ്ങളിലും ഇതു തന്നെയാണ് അവസ്ഥ. മാലിന്യങ്ങൾ നിറച്ചിട്ടിരിക്കുന്നത് പൊതു ജനങ്ങൾക്കും ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്. ശുചീകരണ തൊഴിലാളികൾ നഗരത്തിൽ പണി എടുക്കുന്നെങ്കിലും എയ്റോബിന്നുകളിൽ നിറയുന്ന കംപോസ്റ്റ് യഥാസമയം നീക്കം ചെയ്യാൻ കഴിയാത്തതിനാൽ പദ്ധതി നിലച്ചു.

 എയ്റോബിൻ സ്ഥാപിക്കാൻ ചെലവായത്...... 12 ലക്ഷം

 എയ്റോബിന്നുകൾ

4 അടി വീതം നീളവും വീതിയും ഉയരവുമുളള ടാങ്കാണ് എയ്റോബിൻ യൂണിറ്റ്. ഇത് ഫെറോ സിമെന്റ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ടാങ്കിന്റെ അടിയിൽ ചാണകം ബാക്ടീരിയ കൾച്ചർ, ബയോഗ്യാസ് ഫ്ലറി എന്നിവ ഇടും. അതിനുശേഷം 6 ഇഞ്ച് കനത്തിൽ കരിയില, വൈക്കേൽ, ഉണക്കപുല്ല്, ഉണങ്ങിയ ഓല, ചകിരി, കീറിയ കടലാസ് എന്നിവ ചേർക്കും അതിനുശേഷം 6 ഇഞ്ച് കനത്തിൽ ബാക്ടീരിയ, ചകിരിച്ചോറ് എന്നിവ നിക്ഷേപിക്കും. 90 ദിവസത്തിനകം മാലിന്യങ്ങൾ ജൈവ വളമായി മാറും. ഇതാണ് എയ്റോബിന്നുകളുടെ പ്രക്രിയ. ഇത്തരത്തിൽ സ്ഥാപിച്ച എയ്റോബിന്നിലൂടെ നഗരത്തിൽ നിറയുന്ന മാലിന്യപ്രശ്നം ഒരു പരിധി വരെ പരിഹരിക്കാനാകുമായിരുന്നെങ്കിലും പദ്ധതിയെ ഉപയോഗപ്പെടുത്താൻ കഴിയാത്തത് നഗരത്തിൽ മാലിന്യം കുന്നുകൂടുന്നതിന് കൂടുതൽ കാരണമായിട്ടുണ്ട്.

 അനാഥമായി എയ്റോബിന്നുകൾ

ആറാലുംമൂട് മാർക്കറ്റ്, നഗരസഭ ആഫീസ്, പെരുമ്പഴുതൂർ മാർക്കറ്റ്, ഫോർട്ട്, അമരവിള മാർക്കറ്റ്, ഓലത്താന്നി മാർക്കറ്റ്, ടൗൺ മാർക്കറ്റ്, വ്ലാങ്ങാമുറി, ഗ്രാമം ജംഗ്ഷൻ എന്നിവിടങ്ങളിലാണ് എയ്റോബിന്നുകൾ സ്ഥാപിച്ചിച്ചുളളത്. എന്നാൽ പലയിടങ്ങളിലും ഇപ്പോൾ എയ്റോബിന്നുകൾ പ്രവർത്തിക്കുന്നില്ല. ആദ്യഘട്ടത്തിൽ ഇവിടങ്ങളിൽ പ്ലാസ്റ്റിക് രഹിത മാലിന്യങ്ങൾ നിക്ഷേപിച്ച് കംമ്പോസ്റ്റ് ആക്കി മാറ്റിയിരുന്നെങ്കിലും പിന്നീട് അത് നിലച്ചു. ഇതിനെ തുടർന്ന് സ്ഥാപിച്ച എയ്റോബിന്നുകളെല്ലാം അനാഥമാവുകയും ചെയ്തു.

അധികൃതരുടെ അനാസ്ഥയാണ് എയ്റോബിൻ യൂണിറ്റുകൾ അനാഥമാകാൻ കാരണം.

ഖരമാലിന്യങ്ങൾ സംസ്കരിക്കാൻ പ്രത്യേകം പദ്ധതി തയ്യാറാക്കണം.

ഗ്രാമം പ്രവീൺ (കൃഷ്ണപുരം വാർഡ് കൗൺസിലർ)