വർക്കല: തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലുള്ള ദക്ഷിണകാശി എന്നറിയപ്പെടുന്ന വർക്കല ജനാർദ്ദന സ്വാമി ക്ഷേത്ര ഉത്സവത്തിന് കൊടിയേറി. ദീപക് നാരായണൻ തന്ത്രിയുടെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റു ചടങ്ങുകൾ നടന്നത്. മേൽശാന്തിമാരായ എസ്.സത്യനാരായണൻ പോറ്റി, എസ്.ജെ.സത്യനാരായണൻ പോറ്റി,അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ഉഷാകുമാരി,വർക്കല ഗ്രൂപ്പ് അസി. ദേവസ്വം കമ്മിഷണർ ശശികല,അഡ്വ.വി.ജോയി.എം.എൽ.എ കൗൺസിലർമാരായ അനു, നിധിൻ നായർ, ശ്രേയസ് തുടങ്ങി ഭക്തജനങ്ങളും സംബന്ധിച്ചു. കഴിഞ്ഞവർഷം മാർച്ച് 29ന് ആരംഭിക്കേണ്ട ഉത്സവം കൊവിഡ് കാരണം മുടങ്ങിയതിനാൽ കൊവിഡ് ചട്ടങ്ങൾ പാലിച്ച് താന്ത്രിക ചടങ്ങുകൾ മാത്രമായാണ് ഉത്സവം നടത്തുന്നത്. ആചാരവിധിപ്രകാരം ക്ഷേത്രം തന്ത്രിയുടെ ഉപദേശപ്രകാരമാണ് ആഘോഷങ്ങൾ ഒഴിവാക്കി ആചാരപരമായ ചടങ്ങുകൾ നടത്തുന്നത്.ഫെബ്രുവരി 1ന് ആറാട്ട് എഴുന്നള്ളിപ്പോടെ ഉത്സവം സമാപിക്കും. ഇന്ന് രാവിലെ 11 മണിക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉത്സവബലിദർശനം നടക്കും.