ksrtc

പറന്നു തുടങ്ങിയാൽ പിന്നെ നിലം തൊടാതെ പറന്നുകൊണ്ടേയിരിക്കുന്നതാണ് സ്വിഫ്റ്റ് എന്ന ശരപക്ഷി. അപോഡിഫോർമീസ് കുടുംബത്തിൽപ്പെട്ട ചെറുപക്ഷിയായ സ്വിഫ്റ്റിന്റെ വേഗത മണിക്കൂറിൽ 100 മുതൽ 200 കി.മീറ്റർ വരെ. പുതിയ ട്രാൻസ്പോർട്ട് കമ്പനി തുടങ്ങാൻ തീരുമാനിച്ചപ്പോൾ വരുമാനം തടസമില്ലാതെ ലഭിക്കാനും യഥേഷ്ടം പായാനുമാണ് 'കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ' എന്ന കമ്പനിക്ക് രൂപം നൽകിയിരിക്കുന്നത്. പ്രധാനമായും 'കിഫ്ബി ' വായ്പയിൽ തുടങ്ങുന്ന സംരംഭമായതിനാൽ കമ്പനിയായി തന്നെ വേണമെന്ന് ധനകാര്യവകുപ്പിന്റെ നിർദേശം കൂടി കണക്കിലെടുത്താണ് സ്വിഫ്റ്റ് രൂപീകരണം നടന്നത്. പക്ഷേ, ശരപക്ഷിയെ പ്രതിപക്ഷ തൊഴിലാളി സംഘടനകളെല്ലാം ചേർന്ന് ബഹളം വച്ച് ഓടിക്കാനാണ് ശ്രമിക്കുന്നത്.

തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടന്ന ചർച്ചയിൽ കമ്പനി രൂപീകരിക്കുമെന്ന് സി.എം.ഡി ബിജുപ്രഭാകർ തറപ്പിച്ചു പറഞ്ഞുവെങ്കിൽ, മുൻപ് നിശ്ചയിച്ച ചില കാര്യങ്ങളിൽ ഇപ്പോൾ മാറ്റം വരുത്തിയെന്നാണ് അറിയുന്നത്.

ഓർഡിനറി,​ ഫാസ്റ്റ് പാസഞ്ചർ ബസുകൾ നിലവിലുള്ള കോർപ്പറേഷനിൽ തുടരുമ്പോൾ സൂപ്പർഫാസ്റ്റ് മുതലുള്ള ദീർഘദൂര സർവീസുകളും സി.എൻ.ജി, ഇലക്ട്രിക് ബസുകളും ഉൾപ്പെടെ രണ്ടായിരത്തോളം ബസുകൾ പുതിയ കമ്പനിയുടെ കീഴിലാക്കാനായിരുന്നു ആദ്യം പദ്ധതി തയ്യാറാക്കിയിരുന്നത്. കെ.എസ്. ആർ.ടി.സി ജീവനക്കാർക്ക് നിലവിലെ സംവിധാനത്തിൽ തുടരാം. കമ്പനിയുമായി ബന്ധമുണ്ടാവില്ല.

കിഫ്ബി ധനസഹായത്തോടെ വാങ്ങുന്ന സി.എൻ.ജി, ഇലക്ട്രിക് ബസുകൾക്കായി കെ.എസ്.ആർ.ടി.സിക്കു കീഴിൽ ഉപകോർപ്പറേഷൻ രൂപീകരിക്കാനായിരുന്നു ധനവകുപ്പിന്റെ നിർദ്ദേശം. അതിനായി എം.ഡി ബിജു പ്രഭാകർ കണ്ടെത്തിയ പേരാണ് 'സ്വിഫ്റ്റ് '. എന്നാൽ വീണ്ടും ഒരു കോർപറേഷൻ രൂപീകരിച്ചാൽ കെ. എസ്. ആർ.ടിസിയുടെ ദുർഗതിയാകുമോ എന്ന ആശങ്കയും ജൻറം ബസുകൾക്കായി കെ.യു.ആർ.ടി.സി രൂപീകരിച്ചിട്ടും നേട്ടമുണ്ടാകാത്തതും കണക്കിലെടുത്താണ് കമ്പനി മതിയെന്ന് തീരുമാനിച്ചത്.

ഇപ്പോൾ സൂപ്പർ ഫാസ്റ്റുകളെ സ്വിഫ്റ്റിന്റെ ഭാഗമാക്കേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. കെ.യു.ആർ.ടി.സിയുടെ ഭാഗമായി നിലവിൽ സർവീസ് നടത്തുന്ന 200 എ.സി ബസുകളും പുതിയതായി വാങ്ങുന്ന 310 സി.എൻ.ജി ബസുകളും 50 ഇലക്ട്രിക് ബസുകളുമാണ് കമ്പനിയുടെ ഭാഗമാക്കുക. കെ.എസ്.ആർ.ടി.സിയുടെ റൂട്ടുകൾ പുതിയ കമ്പനിയിലേക്ക് കൈമാറുമ്പോഴുണ്ടാകുന്ന നിയമപരമായ പ്രശ്നങ്ങൾക്ക് ഉൾപ്പെടെ പരിഹാരം കണ്ടെത്തേണ്ടതുണ്ട്. എന്തായാലും പുതിയ കമ്പനിയിൽ ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ തുടങ്ങി കഴിഞ്ഞു.

നായകൾ വളരുന്ന

വർക്ക്ഷോപ്പുകൾ

ഒരു ആധുനികവത്കരണവും നടക്കാത്തതാണ് കെ.എസ്.ആ‌ർ.ടി.സിയുടെ വർക്ക്ഷോപ്പുകൾ. ആധുനിക ഉപകരണങ്ങളൊന്നും ഇല്ല. പഴഞ്ചൻ രീതിയാണ്. പുതിയ ഒരു ബസ് വന്നാൽ അത് പണിയാനറിയുന്നവരും കുറവ്. വാഹനങ്ങൾ നവീകരിക്കപ്പെടുന്നതിന് അനുസരിച്ച് തൊഴിലാളികൾക്ക് വേണ്ട പരിശീലനം നൽകുന്നുമില്ല. ഇപ്പോഴും കൈകൊണ്ടാണ് പെയിന്റടി പോലും നടക്കുന്നത്. വർക്ക്ഷോപ്പുകളിൽ കൃത്യമായി നടക്കുന്നത് ഒന്നുമാത്രം തട്ടിപ്പ് ! ഒരു ബസിന്റെ എൻജിൻ റീ കണ്ടീഷൻ ചെയ്യാൻ 80,000 രൂപയുടെ സ്പെയർപാർട്സ് വേണ്ടി വരുമത്രേ. അത്രയും തുക ചെലവഴിച്ച് ഒരു ബസ് നിരത്തിലിറങ്ങുമ്പോൾ 2.5 ലക്ഷം കിലോമീറ്റർ കൂടി ഓടും. അതേസമയം ഇതേ തുക ചെലവഴിക്കുന്ന ഒരു സ്വകാര്യബസ് ആറുലക്ഷം കിലോമീറ്റർ ഓടും. പണിയുടെ ഒരു ക്വാളിറ്റിയേ!

ലോക്കൽ പർച്ചേസ് എന്നൊരു സമ്പ്രദായത്തിലൂടെയാണ് തട്ടിപ്പ് അധികവും നടക്കുന്നതെന്നത് രഹസ്യം അല്ല. വർക്കുഷോപ്പുകളിൽ പ്രതിവർഷം ആയിരം കോടി രൂപയുടെ പർച്ചേസ് നടക്കുന്നുവെന്നാണ് ഏകദേശ കണക്ക്. അതിൽ എത്രകോടി ആരുടെയൊക്കെ പോക്കറ്റിൽ പോകാറുണ്ടെന്ന് കണ്ടെത്താൻ സി.ബി.ഐ അന്വേഷണമൊന്നും വേണ്ട . പക്ഷേ, അന്വേഷിക്കില്ല.

കമ്പനികളിൽ നിന്നും ഒറിജിനൽ സ്പെയർപാർട്സുകൾ നേരിട്ട് പർച്ചേസ് നടത്തി തട്ടിപ്പിന് അറുതി വരുത്താനാകും. ആധുനിക വർക്ക്ഷോപ്പുകൾ സജ്ജമാക്കി സർക്കാർ വാഹനങ്ങൾ ഉൾപ്പെടെ സർവീസ് ചെയ്യുന്ന കേന്ദ്രങ്ങളാക്കി മാറ്റാനും കഴിയും. 'കെ.എസ്.ആർ.ടി.സി വർക്ക്ഷോപ്പുകളിൽ നായകളെ വളർത്തുന്നത് എന്തിനാണ്?' വാർത്താസമ്മേളനത്തിനടയിൽ പലവട്ടം സി.എം.ഡി ബിജു പ്രഭാകർ ഈ ചോദ്യം ചോദിച്ചു. ഉത്തരം സിംപിൾ,​ - 'അപരിചിതരെ കാണുമ്പോൾ കുരയ്‌ക്കാൻ .' അപ്പോൾ അപരിചിതർ അസമയത്ത് അങ്ങോട്ടു പോകാൻ പാടില്ലെന്ന് ആർക്കൊക്കെയോ നിർബന്ധം ഉണ്ട്.

കെ.എസ്.ആർ.ടി.സിയെ തോൽപ്പിക്കുന്നവർ

ഉണ്ട ചോറിന് നന്ദി കാണിക്കാത്തവരായി ഏതു സ്ഥാപനത്തിലും കുറച്ചു പേരുണ്ടാകും. റൂട്ട്, പെർമിറ്റ് തുടങ്ങിയ വിഷയങ്ങളിൽ ട്രാൻസ്പോർട്ട് അതോറിട്ടി യോഗത്തിൽ പങ്കെടുക്കുന്ന കെ.എസ്.ആർ.ടി.സി പ്രതിനിധികൾ സ്വകാര്യന്മാരുടെ ആവശ്യത്തിന് തലകുലുക്കിയിട്ട് വരുന്നുവെന്ന പരാതി കുറച്ചുനാളായി ഉണ്ട്. നിയമകാര്യ വിഭാഗവും ശക്തമല്ലെന്ന് കണ്ടെത്തിയിരുന്നു.

ഈ പരമ്പര പ്രസിദ്ധീകരിച്ചു തുടങ്ങിയതു മുതൽ ഓപ്പറേഷൻ വിഭാഗത്തിന്റെ പിടിപ്പുകേടും സ്വകാര്യബസുടമകളുമായുള്ള കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരുടെ ഇടപാടും സംബന്ധിച്ച വിവരങ്ങൾ അറിയിക്കാൻ നിരവധി ജീവനക്കാരാണ് ഫോണിൽ ബന്ധപ്പെട്ടത്. അവർ പറഞ്ഞ കുറ്റക്കാരിൽ ഡ്രൈവർമാരും കണ്ടക്ടർമാരുമില്ല, മുകൾ തട്ടിലുള്ളവരാണുള്ളത് ! ട്രാൻസ്പോർട്ട് കോർപ്പറേഷൻ നന്നാകണമെങ്കിൽ ഒന്ന് ഉടച്ചു വാർത്തേ പറ്റൂ. ഉടച്ചിട്ടു വേണ്ടേ വാർക്കാൻ. ഉടയ്ക്കാനായി കൈ ഉയർത്തുമ്പോൾ തന്നെ മെയിൻ മേസ്തിരിയെ പൊക്കി മാറ്റുന്നതല്ലേ ചരിത്രം!

(അവസാനിച്ചു)