തിരുവനന്തപുരം:യു.ഡി.എഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങൾ യുവജനങ്ങളും വിദ്യാർത്ഥികളും ഉൾപ്പെടെ വിവിധ വിഭാഗങ്ങളുമായി ചർച്ച ചെയ്യാൻ ശശി തരൂർ എം.പിയെ കോൺഗ്രസ് നേതൃത്വം നിയോഗിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലാകും തരൂർ പങ്കെടുക്കുന്ന യോഗങ്ങൾ.
ഉമ്മൻ ചാണ്ടി അദ്ധ്യക്ഷനായ തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ആദ്യയോഗമാണ് ശശി തരൂരിന് ചുമതല നൽകിയത്. ജില്ലാതലങ്ങളിലും തിരഞ്ഞെടുപ്പ് മേൽനോട്ട സമിതികൾ രൂപീകരിക്കാനും തീരുമാനിച്ചു. എ.ഐ.സി.സി നിരീക്ഷകനായ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള മൂന്ന് ഹൈക്കമാൻഡ് പ്രതിനിധികളുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം.
ജനവികാരം പ്രതിഫലിപ്പിക്കുന്ന പ്രകടനപത്രികയാണ് പാർട്ടിയുടെ ലക്ഷ്യമെന്നും അതിനായി യുവാക്കളും വിദ്യാർത്ഥികളുമുൾപ്പെടെ വിവിധ വിഭാഗങ്ങളുമായി തരൂർ വരും ദിവസങ്ങളിൽ സംവദിക്കുമെന്നും ഉമ്മൻ ചാണ്ടി പിന്നീട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിന്റെ ഐശ്വര്യ കേരളയാത്ര വിജയിപ്പിക്കാൻ ഓരോ ലോക്‌സഭാ മണ്ഡലത്തിലും അതത് എം.പിമാർക്ക് ചുമതല നൽകാനും തീരുമാനിച്ചു. യു.ഡി.എഫിന് എം.പിമാരില്ലാത്ത കോട്ടയത്ത് ഉമ്മൻ ചാണ്ടിക്കും ആലപ്പുഴയിൽ കെ.സി. വേണുഗോപാലിനുമായിരിക്കും ചുമതല. രാഹുൽഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലും ചുമതല കെ.സി. വേണുഗോപാലിനാകും.
സീറ്റ് വിഭജനത്തിന് ഘടകകക്ഷികളുമായി പരസ്യ ചർച്ച ഉണ്ടാകില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അവരുമായി അനൗപചാരിക ചർച്ച തുടങ്ങിയിട്ടുണ്ട്. പൂർത്തിയാകുമ്പോൾ മാദ്ധ്യമങ്ങളെ അറിയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.മണ്ഡലത്തിലെ ഔദ്യോഗിക പരിപാടികൾ കാരണം കെ. മുരളീധരനും ആരോഗ്യകാരണങ്ങളാൽ വിശ്രമിക്കുന്ന വി.എം. സുധീരനും ഒഴികെ പത്തംഗ മേൽനോട്ട സമിതിയിലെ എട്ട് പേരും യോഗത്തിൽ പങ്കെടുത്തു.
അന്വേഷണത്തെ ഭയക്കുന്നില്ല: ഉമ്മൻ ചാണ്ടി
ഒരന്വേഷണത്തെയും താൻ ഭയക്കുന്നില്ലെന്ന് വിഴിഞ്ഞം തുറമുഖ കരാർ സംബന്ധിച്ച വിജിലൻസ് അന്വേഷണ നീക്കത്തെക്കുറിച്ച് ഉമ്മൻ ചാണ്ടി പ്രതികരിച്ചു. മൂവായിരം കോടിയുടെ പദ്ധതിയിൽ ആറായിരം കോടിയുടെ അഴിമതി നടന്നുവെന്നാണ് കരാറിന് മുമ്പേ സി.പി.എം ആരോപിച്ചത്. ക്രമക്കേട് ബോദ്ധ്യപ്പെട്ടാൽ തുറമുഖ നിർമ്മാണത്തിന്റെ മുപ്പത് ശതമാനം പൂർത്തിയാക്കും മുമ്പ് പിന്മാറാൻ കരാറിൽ വ്യവസ്ഥയുണ്ടായിരുന്നു. എന്നിട്ടും അഞ്ച് വർഷം ഭരിച്ച ഇടതുസർക്കാർ അതിന് തയാറായില്ല. കുഴപ്പമില്ലെന്ന് ബോദ്ധ്യമുള്ളതിനാലാണ് അതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.