വസ്തുകൈമാറ്റത്തിനുള്ള പ്രമാണച്ചെലവ് രണ്ടുശതമാനം കണ്ടു വർദ്ധിപ്പിക്കാനുള്ള സംസ്ഥാന ധനകാര്യ കമ്മിഷൻ ശുപാർശ സർക്കാർ അംഗീകരിച്ചതോടെ അടുത്ത ഏപ്രിൽ ഒന്നുമുതൽ സംസ്ഥാനത്ത് ഭൂമിയുടെയും കെട്ടിടങ്ങളുടെയും വില വീണ്ടും ഉയരാൻ പോവുകയാണ്. നിലവിൽ എട്ടുശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും രണ്ട് ശതമാനം രജിസ്ട്രേഷൻ ഫീസും സഹിതം പത്തുശതമാനമാണ് പ്രമാണച്ചെലവ്. എഴുത്തുകൂലിയും രജിസ്ട്രേഷൻ ഓഫീസിലെ 'അനാമത്തു" ചെലവും കൂടി ചേർത്താൽ ഭൂമിയോ കെട്ടിടമോ വാങ്ങുന്നയാളിന്റെ പക്കലുള്ള അവസാന പൈസയും തീരുന്ന സ്ഥിതിയാണിപ്പോൾ. ഇതിനൊപ്പം ഇനി മുതൽ വസ്തു വിലയുടെ രണ്ടുശതമാനം കൂടി നൽകേണ്ടിവരുന്നത് ദുർവഹമായ കാര്യം തന്നെ. വീണ്ടുവിചാരമില്ലാത്ത ഒരു നടപടിക്കാണ് സർക്കാർ ഒരുങ്ങുന്നതെന്ന് ഒറ്റനോട്ടത്തിൽ അറിയാം.
രാജ്യത്തു തന്നെ പ്രമാണച്ചെലവ് ഏറ്റവും ഉയർന്ന നിരക്കിൽ ഈടാക്കുന്ന സംസ്ഥാനമാണ് കേരളം. അഖിലേന്ത്യാ തലത്തിൽ രജിസ്ട്രേഷൻ ഫീസ് ഏകീകരിച്ച് അഞ്ചു ശതമാനമാക്കണമെന്ന നിർദ്ദേശം വർഷങ്ങൾക്കു മുൻപ് കേന്ദ്രം കൊണ്ടുവന്നതാണ്. വരുമാനം കുറയുമെന്നതിനാൽ അതു നടപ്പായില്ല. പല സംസ്ഥാനങ്ങളും സ്വന്തം നിലയ്ക്ക് രജിസ്ട്രേഷൻ ഫീസ് പല ഘട്ടങ്ങളിലായി കുറച്ചിട്ടുണ്ട്. അപ്പോഴെല്ലാം കേരളം മുഖം തിരിച്ചാണു നിന്നിട്ടുള്ളത്. മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് ഭൂമിക്ക് ഇവിടെ പൊന്നുവിലയാണ്. ഗ്രാമപ്രദേശങ്ങളിൽ പോലും ഒരു സെന്റ് ഭൂമിക്കു ലക്ഷങ്ങൾ നൽകേണ്ട സ്ഥിതിയാണിപ്പോൾ. സർക്കാരാകട്ടെ ന്യായവില നിശ്ചയിച്ചാണ് സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കിവരുന്നത്. യഥാർത്ഥ വില കുറവാണെങ്കിൽ പോലും സർക്കാർ നിശ്ചയിച്ചിട്ടുള്ള ന്യായവിലയ്ക്കനുസരണമായി പ്രമാണച്ചെലവു വഹിക്കാൻ വസ്തു വാങ്ങുന്നവർ ബാദ്ധ്യസ്ഥരാണിപ്പോൾ.
സാമ്പത്തിക മാന്ദ്യത്തിൽപ്പെട്ട് നേരത്തെ തന്നെ തളർച്ചയിലായ റിയൽ എസ്റ്റേറ്റ് മേഖലയിലുള്ളവരടക്കം ഭൂമി ക്രയവിക്രയത്തിൽ ഏർപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കും സർക്കാരിന്റെ പുതിയ നികുതി നിർദ്ദേശം കനത്ത ഭാരം തന്നെയാകും. ഭൂമി വാങ്ങുന്നവർക്കു മാത്രമല്ല വിൽക്കേണ്ടിവരുന്നവർക്കും ഇത് പ്രതികൂലമാകും. കൊവിഡിന്റെ പശ്ചാത്തലത്തിൽ മറ്റു മേഖലകളെക്കാൾ ഏറ്റവുമധികം സ്തംഭിച്ചുനിൽക്കുന്നത് റിയൽ എസ്റ്റേറ്റ് മേഖലയാണ്. കച്ചവടം പാടേ നിലച്ചതോടെ ഭൂമിയുടെ ക്രയവിക്രയം മാസങ്ങളോളം മുടങ്ങിക്കിടക്കുകയാണ്. ഇപ്പോൾ സ്ഥിതി ലേശമൊന്നു മെച്ചപ്പെടാൻ തുടങ്ങിയപ്പോഴാണ് ഇരുട്ടടിയെന്നവണ്ണം അധിക നികുതിഭാരം എത്തുന്നത്. ഒരുലക്ഷം രൂപയ്ക്കുമേൽ വിലയുള്ള ഏതു ഭൂമി കൈമാറ്റത്തിനും ഏപ്രിൽ മുതൽ പന്ത്രണ്ടു ശതമാനം ഫീസ് നൽകേണ്ടിവരുമ്പോൾ ആഘാതം എത്ര വലുതായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. യാതൊരു ശാസ്‌ത്രീയാടിസ്ഥാനവുമില്ലാതെയാണ് സർക്കാർ ഭൂമിയുടെ ന്യായവില നിശ്ചയിക്കുന്നത്. കൂടക്കൂടെ ഇതു പുതുക്കുന്നുമുണ്ട്. ആധാരത്തിൽ ഭൂമി വില കുറച്ചുവയ്ക്കുന്നത് തടയാൻ വേണ്ടി കൊണ്ടുവന്ന ന്യായവില നിർണയരീതി ഫലത്തിൽ ഉദ്ദേശിച്ചത്ര നേട്ടമുണ്ടാക്കിയിട്ടില്ലെന്നതാണ് അനുഭവം. ജനങ്ങളിൽ നിന്ന് വലിയ തോതിൽ എതിർപ്പ് ക്ഷണിച്ചുവരുത്തുകയും ചെയ്തു. ഇപ്പോഴത്തെ തീരുമാനത്തോടെ അത് രൂക്ഷമാവുകയും ചെയ്യും.
സെന്റിന് കാൽലക്ഷം രൂപയോ അതിനു മുകളിലോ വില വരുന്ന ഭൂമി വിൽക്കുമ്പോൾ ഒരു ശതമാനം അധിക ഫീസ് ചുമത്താനായിരുന്നു സംസ്ഥാന ധനകാര്യ കമ്മിഷന്റെ ശുപാർശ. ഇങ്ങനെ ലഭിക്കുന്ന വരുമാനം ജില്ലാ പഞ്ചായത്തുകൾക്കു കൈമാറാനായിരുന്നു നിർദ്ദേശം. എന്നാൽ സംസ്ഥാനത്തെവിടെയും കാൽലക്ഷത്തിനു ഒരു സെന്റ് ഭൂമി കിട്ടാത്ത സാഹചര്യം ബോദ്ധ്യപ്പെട്ടിട്ടാകണം സെന്റിന് ഒരുലക്ഷം രൂപ മുതൽ മുകളിൽ വിലയുള്ള എല്ലാ ഭൂമി കച്ചവടത്തിലും വിലയുടെ രണ്ടുശതമാനം അധിക നികുതി പിരിക്കാനുള്ള സർക്കാർ തീരുമാനം. നഗരപ്രദേശങ്ങളിൽ വീടു നിർമ്മാണത്തിനായി നാലോ അഞ്ചോ സെന്റ് ഭൂമി വാങ്ങേണ്ടിവരുന്നവർ ഇനി ലക്ഷങ്ങൾ തന്നെ അധികം മുടക്കേണ്ടിവരും. വീടോ ഫ്ളാറ്റോ വാങ്ങുന്നവരുടെ സ്ഥിതി ഇതിനെക്കാൾ ഭയാനകമാകും. അൻപതുലക്ഷം രൂപയുടെ ഒരു ഫ്ളാറ്റിന് ഒരുലക്ഷം രൂപയാണ് ഏപ്രിൽ ഒന്നുമുതൽ അധികം കണ്ടെത്തേണ്ടത്. വില കൂടുന്തോറും ഫീസും അതനുസരിച്ച് കൂടുതൽ അടയ്ക്കേണ്ടിവരും.
രണ്ടു ശതമാനത്തിന്റെ അധിക വസ്തു ഫീസ് ജില്ലാ പഞ്ചായത്തുകൾക്കു നൽകണമെന്നാണു ധനകാര്യ കമ്മിഷന്റെ ശുപാർശ. വികസന - ക്ഷേമ പ്രവർത്തനങ്ങൾ കൂടുതലായി ഏറ്റെടുക്കാൻ ജില്ലാ പഞ്ചായത്തുകൾക്ക് ഇതു സഹായകമാകുമെന്ന നിഗമനത്തിലാകാം ഇത്തരത്തിലൊരു നിർദ്ദേശം മുന്നോട്ടുവച്ചിട്ടുള്ളത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഫണ്ടിന്റെ അഭാവം തദ്ദേശ ഭരണസമിതികളെ ബാധിക്കാറേയില്ലെന്നതാണ് എടുത്തുപറയേണ്ട കാര്യം. എത്രയോ വർഷങ്ങളായി അനുവദിക്കപ്പെട്ട വിഹിതം പൂർണമായി വിനിയോഗിച്ച എത്ര പഞ്ചായത്തുകൾ സംസ്ഥാനത്തുണ്ടാകും. നടപ്പുവർഷം ജില്ലാ പഞ്ചായത്തുകൾക്ക് അനുവദിച്ച 864 കോടി രൂപയിൽ ചെലവിടാൻ ഇനിയും നാനൂറു കോടിയോളം രൂപ ബാക്കിയാണ്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലെയും സ്ഥിതി ഏറിയും കുറഞ്ഞും ഇങ്ങനെയൊക്കെത്തന്നെ. ഫണ്ട് ലഭ്യതയുടെ കുറവല്ല അത് ചെലവഴിക്കാൻ കഴിയാത്തതാണ് പ്രശ്നം. തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗ ശൈലി യഥാവിധി പഠിച്ചിരുന്നുവെങ്കിൽ ജില്ലാ പഞ്ചായത്തുകൾക്കു നൽകാൻ വേണ്ടി മാത്രം ജനങ്ങളെ കൂടുതൽ പിഴിയാൻ സർക്കാർ മുതിരുമായിരുന്നില്ല. തിരഞ്ഞെടുപ്പിലേക്കു നീങ്ങവേ ഇത്തരത്തിലൊരു ജനവിരുദ്ധ നികുതി പിരിവിലെ അധാർമ്മികത ആരും പറയാതെ തന്നെ ബോദ്ധ്യമാകേണ്ടതായിരുന്നു.