മരണാനന്തര ജീവിതമുണ്ടോ എന്ന ചോദ്യത്തിന് തെളിവ് സഹിതം ഉത്തരങ്ങൾ നൽകുന്നവർക്ക് 10 ലക്ഷത്തോളം ഡോളർ സമ്മാനത്തുക പ്രഖ്യാപിച്ച് അമേരിക്കൻ ശതകോടീശ്വരൻ റോബർട്ട് ബിഗലോ. ലാസ് വേഗാസ് സ്വദേശിയായ ഇദ്ദേഹം പറക്കുംതളികകളെയും ( UFO ) അന്യഗ്രഹ ജീവികളെയും സംബന്ധിച്ച അന്വേഷണങ്ങളിലൂടെ പ്രശസ്തനാണ്. മരണാനന്തര ജീവിതത്തെ സംബന്ധിച്ച് തെളിവുകൾ നൽകുന്നവർക്ക് 10 ലക്ഷത്തോളം ഡോളറാണ് ഇദ്ദേഹം സമ്മാനത്തുകയായി നീക്കിവച്ചിരിക്കുന്നത്.
സ്പേസ് സ്റ്റേഷൻ മൊഡ്യൂൾ സ്റ്റാർട്ടപ്പായ ' ബിഗലോ എയർസ്പേസി'ന്റെ സി.ഇ.ഒയായ 75 കാരനായ റോബർട്ട് ബിഗലോ, അടുത്തിടെ ദ ബിഗലോ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോൺഷ്യസ്നസ് സ്റ്റഡീസ് എന്ന ഒരു സ്ഥാപനം സ്ഥാപിച്ചിരുന്നു. മനുഷ്യർക്ക് മരിച്ച് കഴിഞ്ഞാൽ എന്ത് സംഭവിക്കുന്നു എന്നതിനെ പറ്റിയുള്ള ഗവേഷണങ്ങൾക്ക് പിന്തുണ നൽകാൻ ലക്ഷ്യമിട്ടായിരുന്നു ഇത്.
55 വർഷം തന്റെയൊപ്പം ജീവിച്ച ഭാര്യ ഡയാൻ മോൺ ബിഗലോ 72ാം വയസിൽ ലുക്കീമിയ ബാധിച്ച് മരിച്ചതിന് നാല് മാസങ്ങൾക്ക് ശേഷം കഴിഞ്ഞ ജൂണിലായിരുന്നു അദ്ദേഹം ദ ബിഗലോ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോൺഷ്യസ്നസ് സ്റ്റഡീസ് സ്ഥാപിച്ചത്. മനുഷ്യന്റെ മരണശേഷം മനുഷ്യബോധത്തിന്റെ നിലനില്പ്പിനെ കുറിച്ചുള്ള ഗവേഷണത്തെ പിന്തുണയ്ക്കുന്നതിനും അത്തരം പഠനങ്ങളിൽ നിന്നുള്ള കണ്ടെത്തലുകളെ അടിസ്ഥാനമാക്കി മരണാനന്തര ജീവിതത്തെ പറ്റിയുള്ള ഗവേഷണങ്ങൾക്കുമാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചിരിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. ഒപ്പം, സംശയത്തിനതീതമായി കഠിനമായ തെളിവുകൾ തേടുകയാണ് ലക്ഷ്യമെന്നും ഇൻസ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടുന്നു.
1992ൽ 24 കാരനായിരുന്ന മകൻ റോഡ് ലീ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് ബിഗലോയ്ക്ക് ഇത്തരം വിഷയങ്ങളിൽ താത്പര്യമേറിയത്. മകന്റെ ആത്മാവ് നിലനിന്നിരുന്നതായും ബിഗലോ വിശ്വസിച്ചിരുന്നു. ശരീരം മരിക്കുന്നത് മനുഷ്യന്റെ നിലനിൽപ്പിന്റെ അവസാനത്തെയാണോ അതോ പ്രപഞ്ചത്തിൽ ഒറ്റപ്പെട്ടുപോകുന്നതിനെയാണോ അടയാളപ്പെടുത്തുന്നതെന്ന ചോദ്യമാണ് തന്നെ അലട്ടുന്നതെന്ന് ബിഗലോ മുമ്പ് മാദ്ധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.
ബിഗലോ പ്രഖ്യാപിച്ച സമ്മാനത്തിന് അർഹത ലഭിക്കാൻ, പങ്കെടുക്കാൻ താത്പര്യമുള്ളവർ ഫെബ്രുവരി 28നകം ഗവേഷകരായി യോഗ്യത നേടണം. കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ഈ മേഖലയിൽ നടത്തിയ പഠനങ്ങൾ സംബന്ധിച്ച രേഖകളും ബ്രിട്ടനിലെ ദ സൊസൈറ്റി ഫോർ ഫിസിക്കൽ റിസേർച്ച് പോലെയുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള അംഗീകാരവും അനിവാര്യമാണ്. ഓഗസ്റ്റ് 1ന് മുമ്പ് 25,000 വാക്കുകൾക്കുള്ളിലുള്ള പഠന റിപ്പോർട്ട് സമർപ്പിക്കണം. വിദഗ്ദ്ധരടങ്ങുന്ന ഗവേഷക സംഘത്തിന്റെ പാനൽ ഇതിൽ നിന്ന് വിജയിയെ കണ്ടെത്തും. നവംബർ 1നാണ് വിജയിയെ പ്രഖ്യാപിക്കുക.
ഒന്നാം സ്ഥാനത്തിന് 500,000 ഡോളറും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 300,000 ഡോളറും 150,000 ഡോളറും സമ്മാനമായി ലഭിക്കും. പഠന പ്രബദ്ധങ്ങളിലൂടെ ശാസ്ത്രീയമായ തെളിവുകളാണ് തങ്ങൾ തേടുന്നതെന്ന് ദ ബിഗലോ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോൺഷ്യസ്നസ് സ്റ്റഡീസ് പറയുന്നു.