തിരുവനന്തപുരം: നഗരം സുന്ദരമാക്കാൻ ആർട്ടിസ്റ്റുകളുടെ കൂട്ടായ്മ ടൂറിസം വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കുന്ന ആർട്ടീരിയയുടെ മൂന്നാംഘട്ടം പുരോഗമിക്കുന്നു. നഗരത്തിലെ ചുമരുകളിലും മതിലുകളിലുമുള്ള ചിത്രങ്ങൾ കാലപ്പഴക്കം കൊണ്ട് നിറം മങ്ങുകയും,ചില ഭാഗങ്ങളിൽ പൊട്ടിപ്പൊളിഞ്ഞും പോയത് കലാകാരൻമാരുടെ നേതൃത്വത്തിൽ പുനർനിർമ്മിച്ച് കൊണ്ടിരിക്കുകയാണ്.നേരത്തെ ചെയ്ത പെയിന്റിംഗിന്റെ തനിമ ഒട്ടും ചോരാതെയാണ് ചിത്രങ്ങൾ പുനർ ചിത്രീകരിക്കുന്നത്. കലാകാരൻമാരായ കാനായി കുഞ്ഞിരാമൻ,പ്രസന്ന കുമാർ,മോഹനൻ നെടുമങ്ങാട്,വിനയൻ നെയ്യാറ്റിൻകര,ഷിബു ചന്ദ്, കെ.ജി. സുബ്രഹ്മണ്യൻ എന്നിവരുടെ പെയിന്റിംഗുകൾ പൂർത്തിയായി.കാട്ടൂർ നാരായണപിള്ള, പ്രദീപ് പൂത്തൂർ,ശ്രീലാൽ, സുനിൽ കോവളം, റിംസൺ എന്നിവരുടെ ചിത്രങ്ങളിലെ മിനുക്ക് പണികൾ തുടരുകയാണ്.തലസ്ഥാന നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി 2015ൽ കളക്ടറായിരുന്ന ബിജു പ്രഭാകറിന്റെ നേതൃത്വത്തിലാണ് ആർട്ടീരിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.അന്ന് മൂന്ന് വർഷം വരെ പ്രതീക്ഷിച്ച പെയിന്റിംഗുകൾ അഞ്ച് വർഷം വരെ വലിയ കേടുപാടുകൾ കൂടാതെ നിൽക്കുകയായിരുന്നു.തുടർന്ന് വി.കെ. പ്രശാന്ത് എം.എൽ.എ ചെയർമാനായ പുനരുദ്ധാരണ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നവീകരണ പ്രവർത്തനം നടക്കുന്നത്. 23 പെയിന്റിംഗുകൾ 31നകം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.