chennithala

തിരുവനന്തപുരം: ഇടതുസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ നിയമസഭയ്ക്കകത്തും പുറത്തും വിട്ടുവീഴ്ചയില്ലാതെ പോരാടാനായെന്നും അഞ്ച് വർഷത്തെ പ്രതിപക്ഷത്തിന്റെ പ്രവർത്തനത്തിൽ പൂർണ ആത്മവിശ്വാസമുണ്ടെന്നും പ്രതിപക്ഷനേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജനാധിപത്യ പ്രക്രിയയിൽ ജനങ്ങളുടെ കാവലാളായാണ് പ്രതിപക്ഷം പ്രവർത്തിക്കേണ്ടത്. ജനങ്ങളുടെ അവകാശങ്ങളിന്മേൽ ഭരണാധികാരികൾ നടത്തുന്ന കൈയേറ്റത്തെ തടയുകയും അഴിമതികൾ പുറത്തുകൊണ്ടുവരികയും ചെയ്യേണ്ടതാണ് പ്രതിപക്ഷത്തിന്റെ കടമ. സംസ്ഥാനത്തെ പൊതുവായി ബാധിക്കുന്ന പ്രശ്നങ്ങളിൽ ജനങ്ങളുടെ പക്ഷത്ത് നിന്ന് സർക്കാരുമായി സഹകരിക്കുകയും വേണം. അഞ്ചുവർഷത്തെ നിയമസഭയിലെ പ്രതിപക്ഷത്തിന്റെ പ്രവർത്തനം ഈ പ്രതിപക്ഷധർമ്മം പൂർണമായി നിറവേറ്റുന്നതായി.

പ്രതിപക്ഷത്തിന്റെ ജാഗ്രത ഭരണപക്ഷത്തെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. 'വല്ലതുമുണ്ടോ എന്ന് നോക്കി നടക്കുകയല്ലേ' എന്ന് മുഖ്യമന്ത്രി തന്നെ ചോദിച്ചു. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അഴിമതിക്കെതിരെയും ഉജ്വലമായ പോരാട്ടമാണ് കഴിഞ്ഞ അഞ്ചുവർഷവും പ്രതിപക്ഷം നിയമസഭയിൽ നടത്തിയതെന്നും വിവിധ ഉദാഹരണങ്ങൾ എടുത്തുപറഞ്ഞ് ചെന്നിത്തല വിശദീകരിച്ചു.

രാഷ്ട്രീയവിരോധം തീർക്കാൻ തലശ്ശേരിയിലെ കൂട്ടിമാക്കൂലിൽ പട്ടികവിഭാഗത്തിൽപ്പെട്ട രണ്ടുപെൺകുട്ടികളെ ജയിലിലടച്ചുകൊണ്ട് പ്രവർത്തനമാരംഭിച്ച ഇടതുസർക്കാർ,സി.എ.ജി.യുടെ കണ്ടെത്തലുകൾ നീക്കം ചെയ്യാൻ നിയമസഭയെ ദുരുപയോഗപ്പെടുത്തുക എന്ന വിനാശകരമായ കർമ്മം ചെയ്താണ് സഭാസമ്മേളനം അവസാനിപ്പിച്ചത്.

2017ലെ ധനമന്ത്രിയുടെ ബഡ്ജറ്റ് അവതരിപ്പിക്കുമ്പോൾ ചോർന്നത് സഭയിലെത്തിച്ചു. ബ്രുവറി, ഡിസ്റ്റിലറി തട്ടിപ്പ് മുതൽ പമ്പ മണൽക്കടത്ത് വരെ ഒട്ടേറെ അഴിമതികൾ അവസാനിപ്പിക്കാനും സർക്കാരിനെക്കൊണ്ട് തിരുത്തിക്കാനുമായി. സ്വർണക്കടത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ അവിശ്വാസപ്രമേയവും സ്വർണക്കടത്തു പ്രതികളുമായുള്ള ബന്ധത്തിന്റെയും നിയമസഭയിലെ അഴിമതിയുടെയും പേരിൽ സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയവും പ്രതിപക്ഷം കൊണ്ടുവന്നെന്നും ചെന്നിത്തല പറഞ്ഞു.