ചിറയിൻകീഴ്: ലെവൽ ക്രോസ് വിമുക്ത കേരളം എന്ന ലക്ഷ്യം പ്രാവർത്തികമാക്കാനാണ് കേരളത്തിൽ ഓവർബ്രിഡ്‌ജുകൾ നിർമ്മിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചിറയിൻകീഴ് അടക്കമുള്ള പത്ത് റെയിൽവേ ഓവർബ്രിഡ്‌ജുകളുടെ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ച് ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതുവഴി റെയിൽവേ ക്രോസ് കാരണമുണ്ടാകുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ സാധിക്കും.നമ്മുടെ നാടിന്റെ വികസനത്തിന് ഈടുറ്റതും മെച്ചപ്പെട്ടതുമായ ഗതാഗത സൗകര്യം വേണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഈ മഹാമാരിയുടെ ഘട്ടത്തിലും റോഡുകളുടെയും ഓവർബ്രിഡ്‌ജുകളുടെയും നിർമ്മാണം സാദ്ധ്യമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.മന്ത്രി ജി. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ടി.എം. തോമസ് ഐസക് മുഖ്യാതിഥിയായി. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് സമീപം നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി ശിലാഫലകം അനാച്ഛാദനം ചെയ്‌തു. അടൂർ പ്രകാശ് എം.പി, മുൻ എം.എൽ.എ ആനത്തലവട്ടം ആനന്ദൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. അംബിക, ജില്ലാ പഞ്ചായത്തംഗം ആർ. സുഭാഷ്, ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി സി. വിഷ്ണുഭക്തൻ, അഡ്വ. ഫിറോസ് ലാൽ, ആർ. സരിത, കവിത സന്തോഷ്, പി. മണികണ്ഠൻ, കെ. മോഹനൻ, ജി. സുരേഷ് കുമാർ, മനോജ് ബി.ഇടമന എന്നിവർ സംസാരിച്ചു. ആർ.ബി.ഡി.സി.കെ എം.ഡി ജാഫർ മാലിക് സ്വാഗതവും ജനറൽ മാനേജർ ലിസി കെ.എഫ് നന്ദിയും പറഞ്ഞു.