kseb

തിരുവനന്തപുരം: രാജ്യത്തെ വൈദ്യുതിവിതരണം പൂർണമായും സ്വകാര്യവത്കരിക്കുന്നതിനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന കരട് ഇലക്ട്രിസിറ്റി ബിൽ 2020ൽ പ്രതിഷേധിച്ച് വൈദ്യുതി ജീവനക്കാർ ഫെബ്രുവരി മൂന്നിന് രാജ്യവ്യാപകമായി പണിമുടക്കും. നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി ഒഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്‌സിന്റെ (എൻ.സി.സി.ഒ.ഇ.ഇ) ആഭിമുഖ്യത്തിലാണ് പണിമുടക്ക്.
കരട് ബിൽ പിൻവലിക്കുക, വിവിധ സംസ്ഥാനങ്ങളിലായി വിഭജിക്കപ്പെട്ട വൈദ്യുതിമേഖല കേരള, ഹിമാചൽപ്രദേശ് മാതൃകയിൽ പുനഃസംയോജിപ്പിക്കുക, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഭാരവാഹികൾ ഉന്നയിച്ചു.

വാർത്താസമ്മേളനത്തിൽ കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു) ജന.സെക്രട്ടറി കെ.ജയപ്രകാശ്, ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എ.എൻ.രാജൻ, ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സത്യരാജ്, വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ സജു,​ ഫെഡറേഷൻ സംസ്ഥാന ട്രഷറർ കെ.ആർ. മോഹൻദാസ് എന്നിവർ പങ്കെടുത്തു