rat

നട്ടെല്ലിന് പരിക്കേറ്റ് ശരീരം തളർന്ന അവസ്ഥയിലായിരുന്ന എലികളിൽ ജീൻ തെറാപ്പിയിലൂടെ നടക്കാനുള്ള കഴിവ് വീണ്ടെടുത്ത് ജർമൻ ഗവേഷകർ. സസ്തനികളിൽ ഇതുവരെ പരിഹരിക്കാൻ സാധിക്കില്ലെന്ന് കരുതിയിരുന്ന ഒരു ന്യൂറൽ ലിങ്കിനെ ഒരു ഡിസൈനർ പ്രോട്ടീൻ തലച്ചോറിലേക്ക് കുത്തിവച്ച് പുനസ്ഥാപിച്ചതിലൂടെയാണ് ഗവേഷകർ നിർണായകമായ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. കായിക മത്സരങ്ങൾക്കിടെയിലോ വാഹനാപകടങ്ങളിൽ നിന്നോ മറ്റോ നട്ടെല്ലിനുണ്ടാകുന്ന ക്ഷതം മനുഷ്യനിലും ശരീരം തളർന്നു പോകാൻ കാരണമാകുന്നു.

ശരീരത്തിനു പൂർണമായോ ഭാഗികമായോ ചലനശേഷി നഷ്ടപ്പെടുകയോ, പ്രതികരണ ശേഷി ഇല്ലാതാകുകയോ ചെയ്യുന്നു. തലച്ചോറിന്റെയോ സുഷുമ്നയുടെയോ സ്വതന്ത്ര നാഡീവ്യവസ്ഥയിലെ നാഡികളുടെയോ ഏതെങ്കിലും ഭാഗത്തിന് കേടുപാടു സംഭവിക്കുന്നതിനാൽ ആ ഭാഗവുമായി ബന്ധപ്പെട്ട പേശികളെയും അത് ബാധിക്കുന്നു. ക്ഷതത്തിന്റെ തീവ്രത അനുസരിച്ചാണ് ശരീര ഭാഗങ്ങൾക്ക് തളർവാതം ഉണ്ടാവുക.

എന്നാലിപ്പോൾ, തളർച്ച ബാധിച്ച എലിയുടെ നാഡീകോശങ്ങളെ ഒരു ഡിസൈനർ പ്രോട്ടീൻ ഉപയോഗിച്ച് പുനരുജ്ജീവിപ്പിക്കാൻ റൂർ യൂണിവേഴ്സിറ്റി ഒഫ് ബോക്കമിലെ ഗവേഷകർക്ക് കഴിഞ്ഞു. പ്രോട്ടീൻ നാഡീകോശങ്ങളെ പുനരുജ്ജീവിപ്പിക്കുക മാത്രമല്ല, തലച്ചോറിലേക്കും അത് വ്യാപിപ്പിക്കാൻ കഴിഞ്ഞതായി ഗവേഷകർ പറയുന്നു. താരതമ്യേന ചെറിയ ഇടപെടലിലൂടെ തന്നെ, വളരെ അധികം ഞരമ്പുകളെ ഉത്തേജിപ്പിക്കാൻ കഴിഞ്ഞതിനാലാണ് എലികൾക്ക് വീണ്ടും നടക്കാൻ സാധിച്ചത്.

ഗവേഷണ വിധേയമായ എലികൾ രണ്ടു മുതൽ മൂന്നാഴ്ചയ്ക്കുള്ളിൽ നടക്കാൻ തുടങ്ങി.' hyper-interleukin-6 ' എന്ന പ്രോട്ടീനെ ഉത്തേജിപ്പിക്കുന്നതിനായുള്ള കുത്തിവയ്ക്കൽ, ചികിത്സയിൽ ഉൾപ്പെടുന്നു. ചികിത്സയുടെ ഫലം കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് ഗവേഷകരിപ്പോൾ. പന്നി, നായ, കുരങ്ങ് തുടങ്ങിയ ജീവികളിലും ചികിത്സ ഫലം കാണുമോ എന്ന് പരിശോധിക്കാനൊരുങ്ങുകയാണ് ഗവേഷകർ. അതിലും വിജയിച്ചാൽ ഭാവിയിൽ ഇത്തരത്തിൽ ശരീരത്തിന്റെ തളർച്ചയിൽ നിന്ന് മോചനം നേടാൻ മനുഷ്യർക്കും സുരക്ഷിതമായ ചികിത്സാവിധി വികസിപ്പിച്ചെടുക്കാൻ സാധിക്കുമെന്നാണ് ഗവേഷകരുടെ പ്രത്യാശ. എന്നാൽ, ഇതിന് വർഷങ്ങളോളം കാത്തിരിക്കേണ്ടി വരും.