തിരുവനന്തപുരം: കൽപ്പറ്റ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി കെ. ബൈജുനാഥ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡിഷ്യൽ അംഗമാകും. മുഖ്യമന്ത്റി,സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന തിരഞ്ഞടുപ്പ് സമിതിയുടെ ശുപാർശ നിയമനാധികാരിയായ ഗവർണർക്ക് കൈമാറി. ഹൈക്കോടതി ജഡ്ജിക്ക് തുല്യമാണ് പദവി.
കോഴിക്കോട് സ്വദേശിയായ കെ.ബൈജുനാഥ് 1987 ൽ അഭിഭാഷകനായി. 1992 ൽ മജിസ്‌ട്രേറ്റും പിന്നീട് ജില്ലാ ജഡ്ജിയുമായി. മഞ്ചേരിയിലും തലശേരി എം.എ.സി.ടിയിലും ജില്ലാ ജഡ്ജിയായിരുന്നു. തലശേരിയിൽ എൻക്വയറി കമ്മിഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജായും പ്രവർത്തിച്ചു. മണ്ണാർക്കാട്ട് പട്ടികജാതി, പട്ടികവർഗങ്ങൾക്കെതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന കോടതിയിൽ സ്പെഷ്യൽ ജഡ്ജിയായിരുന്നു. ജുഡിഷ്യൽ ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റാണ്. വിവിധ താലൂക്ക് ലീഗൽ സർവീസ് അതോറിട്ടികളിൽ ചെയർമാനായിരുന്നു.
കോഴിക്കോട് കുതിരവട്ടം ശബരീ തീർത്ഥത്തിൽ പരേതരായ കെ.രാംദാസിന്റെയും രാധാ പനോളിയുടെയും (ഇരുവരും അദ്ധ്യാപകർ) മകനാണ്. ഭാര്യ: യു.കെ. ദീപ. മക്കൾ: അഡ്വ. അരുൺ നാഥ്, ഡോ. അമ്യത് കെ. നാഥ്.