kv-thomas

തിരുവനന്തപുരം: കോൺഗ്രസ് വിടുമെന്ന അഭ്യൂഹം തള്ളിയും പാർട്ടിയിൽ പൂർണ്ണ വിശ്വാസം പ്രഖ്യാപിച്ചും പ്രൊഫ.കെ.വി. തോമസ്. പാർട്ടി അദ്ധ്യക്ഷ സോണിയാഗാന്ധി കഴിഞ്ഞ ദിവസം ടെലിഫോണിൽ വിളിച്ച് സംസാരിച്ചതോടെയാണ് മഞ്ഞുരുകിയത്. സോണിയയുടെ നിർദ്ദേശപ്രകാരം കെ.പി.സി.സി ആസ്ഥാനത്തെത്തിയ തോമസ്, ഹൈക്കമാൻഡ് പ്രതിനിധികളായ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പരിഭവങ്ങൾ പങ്കുവച്ചു. സംഘടനാരംഗത്ത് സജീവമാകുമെന്ന സൂചനയാണ് തോമസ് നൽകുന്നത്. അദ്ദേഹത്തിന് കെ.പി.സി.സി സീനിയർ വർക്കിംഗ് പ്രസിഡന്റ് പദവി നൽകുമെന്നാണ് സൂചന.

തനിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ അപവാദ പ്രചരണം നടക്കുന്നതായും സ്വന്തം തട്ടകമായ എറണാകുളത്ത് പോലും സഹകരിപ്പിക്കുകയോ പാർട്ടിക്കാര്യങ്ങൾ താനുമായി കൂടിയാലോചിക്കുകയോ ചെയ്യുന്നില്ലെന്നും ഗെഹ്‌ലോട്ടുമായി ഒറ്റയ്ക്ക് നടത്തിയ ചർച്ചയിൽ അദ്ദേഹം അറിയിച്ചു.

പരിഹാരം കാണാമെന്ന് ഗെഹ്‌ലോട്ട് ഉറപ്പ് നൽകി. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരുമായും കൂടിക്കാഴ്ച നടത്തിയശേഷമാണ് തോമസ് മടങ്ങിയത്. പാർട്ടിയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും ന്യായമായ ചില പരാതികൾ അറിയിച്ചെന്നും തോമസ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. നിയമസഭാ സീറ്റ് ചോദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസിന്റെ സമുന്നത നേതാവാണ് കെ.വി. തോമസെന്നും അദ്ദേഹം കോൺഗ്രസിൽ തുടർന്നുമുണ്ടാകുമെന്നും രാവിലെ മേൽനോട്ട സമിതി യോഗത്തിന് ശേഷം ഉമ്മൻ ചാണ്ടി പറഞ്ഞു. പാർട്ടിയിൽ ആർക്കെന്ത് പ്രശ്നമുണ്ടായാലും ചർച്ച ചെയ്യും. ജനാധിപത്യപാർട്ടിയായ കോൺഗ്രസ് അഭിപ്രായം പറയുന്നതിന്റെ പേരിൽ ആരെയും തള്ളിക്കളയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.