sn-open-university-

തിരുവനന്തപുരം: കൊല്ലത്തെ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലാ നിയമം നിയമസഭ പാസാക്കിയതോടെ, യു.ജി.സി അംഗീകാരം നേടാനുള്ള ശ്രമങ്ങളാണ് അടുത്തത്. സഭ പാസാക്കിയ നിയമം യു.ജി.സിക്ക് അയച്ചുകൊടുക്കും. വിദൂര കോഴ്സുകൾക്ക് ഡിസ്റ്റൻസ് എഡ്യുക്കേഷൻ ബ്യൂറോയുടേയും അനുമതി നേടണം.

ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് യു.ജി.സി അനുമതി വേണം. തൊഴിലധിഷ്‌ഠിത ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴസുകൾക്ക് തടസമില്ല. തൊഴിൽ സാദ്ധ്യതയുള്ള നൈപുണ്യാധിഷ്‌ഠിത കോഴ്സുകളും ആരംഭിക്കും. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പുമായി ചേർന്ന് സേഫ്‌റ്റി മാനേജ്മെന്റിൽ വിദൂര പഠനകോഴ്സ് ഉടൻ ആരംഭിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് പരിശീലനം നൽകാൻ കിലയുമായി ചേർന്ന് സർട്ടിഫിക്കറ്റ് കോഴ്സും തുടങ്ങും.

വിദുര സമ്പ്രദായത്തിൽ ഡ്യൂവൽ ഡിഗ്രി കോഴ്സുകളാണ് സർവകലാശാലയുടെ മികവ്. ഇംഗ്ളീഷ് ഐശ്ചികമാക്കുന്ന വിദ്യാർത്ഥിക്ക് അതോടൊപ്പം ജേർണലിസവും ഐശ്ചികവിഷയമാക്കാം. ഇത് ജോലിസാദ്ധ്യത വർദ്ധിപ്പിക്കും. സയൻസ് കോഴ്‌സുകൾ വിദൂര സമ്പ്രദായത്തിൽ ആദ്യമായി തുടങ്ങും. ഇതിന് പഠനസൗകര്യമൊരുക്കാൻ അഫിലിയേറ്റഡ് കോളേജുകളുമായി ധാരണാപത്രം ഒപ്പിടും. കോളേജുകളിലെ അദ്ധ്യാപകരുടെയും ലബോറട്ടറികളുടെയും സേവനം ശനി, ഞായർ, ഒഴിവു ദിവസങ്ങളിൽ വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാം. ശ്രീനാരായണ ഗുരുദേവ ദർശനത്തെക്കുറിച്ച് ഡിപ്ലോമ, ഡിഗ്രി, പി.ജി കോഴ്സുകളുണ്ടാവും. വിദ്യാർത്ഥികളെ മാനവികതയും തർക്കശാസ്ത്രവും പഠിപ്പിക്കും.

"റഗുലർ വിദ്യാഭ്യാസം സാദ്ധ്യമാകാത്തവർക്കെല്ലാം പഠനം ഉറപ്പാക്കും. ഇത് സാമൂഹ്യനീതിയാണ്. വൈവിദ്ധ്യമാർന്ന അക്കാഡമിക് പ്രോഗ്രാമുകളും നിലവാരമുള്ള വിദ്യാഭ്യാസവും ഉറപ്പാക്കും."

-കെ.ടി.ജലീൽ

ഉന്നതവിദ്യാഭ്യാസ മന്ത്രി