chennithala

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണയത്തിൽ ഒരു വിട്ടുവീഴ്‌ചയുമില്ലെന്നും നേതാക്കളുടെ താത്പര്യങ്ങൾക്ക് സ്ഥാനമുണ്ടാവില്ലെന്നും വ്യക്തമാക്കി കോൺഗ്രസ് ഹൈക്കമാൻഡ്. ഇന്നലെ ചേർന്ന മേൽനോട്ടസമിതി, ഭാരവാഹി യോഗങ്ങളിലാണ് എ.ഐ.സി.സി സംഘടനാ ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ ഹൈക്കമാൻഡ് നിലപാട് വ്യക്തമാക്കിയത്.

ഗ്രൂപ്പുൾപ്പെടെ ഒരു പരിഗണനയുമുണ്ടാവില്ല. ജയസാദ്ധ്യത മാത്രമാകും മാനദണ്ഡം. ഈ തിരഞ്ഞെടുപ്പ് അതീവ നിർണായകമാണ്. അതിനാൽ നേതാക്കൾ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റിവയ്ക്കണം. തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി മുന്നോട്ട് പോകണം. തനിക്ക് വ്യക്തിതാത്പര്യങ്ങളില്ല. താത്പര്യങ്ങളുള്ളവർ തുറന്നുപറഞ്ഞെന്ന് വരില്ല. മാദ്ധ്യമങ്ങൾ പറയുന്നതിനു പിന്നാലെ പോയി ആരും സ്ഥാനാർത്ഥിക്കുപ്പായം അണിയേണ്ടെന്നും വേണുഗോപാൽ കർശനമായി പറഞ്ഞു.

സ്ഥാനാർത്ഥി നിർണയത്തിലടക്കം ഹൈക്കമാൻഡിന്റെ കർശനമായ നിരീക്ഷണവും നിയന്ത്രണവും ഉണ്ടാകുമെന്ന സൂചനയാണ് വേണുഗോപാൽ നൽകിയത്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം എത്തിയ എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവറിന്റെ സമിതിയും ഇക്കാര്യത്തിൽ ചില നിർദ്ദേശങ്ങൾ നൽകിയിരുന്നു. പകുതി സ്ഥാനാർത്ഥികൾ പുതുമുഖങ്ങളാകണമെന്നും എം. എൽ.എമാരിൽ 20 ശതമാനത്തിനേ സീറ്റുണ്ടാവൂ എന്നും സമിതി വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഒരു നേതാവിനെ ഉയർത്തിക്കാട്ടാതെ തിരഞ്ഞെടുപ്പിനെ നേരിടുന്നതിനാൽ ഗ്രൂപ്പുകളി ശക്തമാകുമെന്ന വിലയിരുത്തലുണ്ടായിരുന്നു. അതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ നേതൃത്വത്തിന് ബോദ്ധ്യമുണ്ട്. ഈ സാഹചര്യത്തിലാണ് ഹൈക്കമാൻഡ് പിടിമുറുക്കുന്നത്.

അതേസമയം, പാർട്ടിയുടെ താഴേതട്ടിൽ എന്ത് നടക്കുന്നുവെന്ന് പലർക്കുമറിയില്ലെന്ന് യോഗത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിമർശിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ ആരും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് രംഗത്തിറങ്ങേണ്ട. യു.ഡി.എഫിന് ഈ തിരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ ഇടതുവിജയം അവസാനവാക്കല്ല. കിറ്റ് കൊടുത്തത് കൊണ്ടാണ് വിജയിച്ചത് എന്ന് പറയുന്നത് ശരിയല്ല. പ്രവർത്തിക്കാൻ നമ്മുടെ പ്രവർത്തകരില്ലായിരുന്നു. ഇടതുമുന്നണിയുടെയും ബി.ജെ.പിയുടെയുമൊക്കെ പ്രവർത്തകർ താഴേത്തട്ടിലിറങ്ങി ചെന്ന് ജനങ്ങളുമായി ചേർന്ന് കൂടുതൽ പ്രചാരണം നടത്തി. അതിനെ പ്രതിരോധിക്കാൻ കോൺഗ്രസ് പ്രവർത്തകർക്കായില്ല. സ്വന്തം സ്ഥലത്ത് എന്ത് നടക്കുന്നുവെന്ന് അവർക്കറിയില്ല. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. അല്ലെങ്കിൽ ഇനിയും തിരിച്ചടിയുണ്ടാവും. സ്ഥാനാർത്ഥികളാകാൻ ആരും പ്രമേയം ഇറക്കേണ്ട. അഞ്ച് വർഷവും ക്രിയാത്മക പ്രതിപക്ഷമായാണ് യു.ഡി.എഫ് പ്രവർത്തിച്ചത്. സർക്കാരിനെക്കൊണ്ട് പലതും തിരുത്തിക്കാനായി. അഴിമതിക്കെതിരെ ശക്തമായി പോരാടി. എല്ലാത്തിനെയും കണ്ണടച്ച് എതിർത്തില്ല. ഭരണഘടനയെ അടക്കം ചോദ്യംചെയ്ത് തുടങ്ങിയപ്പോഴാണ് എതിർത്തതെന്നും ചെന്നിത്തല പറഞ്ഞു.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും സംസാരിച്ചു. മാദ്ധ്യമങ്ങളെ ഒഴിവാക്കിക്കഴിഞ്ഞാണ് ചെന്നിത്തലയും വേണുഗോപാലും പ്രസംഗിച്ചത്.