കാട്ടാക്കട: വിതരണം ചെയ്യാത്ത ആധാർകാർഡുകളും തപാൽ ഉരുപ്പടികളും കാട്ടാക്കടയിലെ ആക്രിക്കടയിൽ കണ്ടെത്തി. ഓട്ടോഡ്രൈവർ രണ്ടു ദിവസം മുമ്പ് പോസ്റ്റോഫീസിലെ താല്ക്കാലിക ജീവനക്കാരിയായ ഭാര്യയുടെ കൈവശമുണ്ടായിരുന്ന സാധനങ്ങൾ ആക്രിക്കടയിൽ വിറ്റ് 500രൂപ വാങ്ങുകയായിരുന്നു.
കാട്ടാക്കടയിൽ സദാശിവന്റെ ആക്രികടയിൽ നിന്നാണ് ആധാർ കാർഡുകൾ കണ്ടെത്തിയത്.കരകുളം പോസ്റ്റോഫീസ് പരിധിയിലെ കാച്ചാണി പ്രദേശങ്ങളിലെ മേൽവിലാസത്തിലുള്ളവയാണിവ.
തമിഴ്നാട് സ്വദേശിയായ അൻപ് പേപ്പറുകൾ തരം തിരിക്കവേ കടയിൽ എത്തിയ കേരള കൗമുദി കാട്ടാക്കട ഏജന്റ് സുകുമാരൻ നായരാണ് ആധാറും മറ്റും കണ്ടത്. ആധാറിന്റെ പ്രാധാന്യം അൻപിനെ ധരിപ്പിക്കുകയും അദ്ദേഹം വിവരം കേരള കൗമുദിയെ അറിയിക്കുകയും ചെയ്തു. കാട്ടാക്കട പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ഡി.ബിജുകുമാർ എത്തി ആധാർകാർഡുകളും തപാൽ ഉരുപ്പടികളും പൊലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി.
2015 മുതൽ 2019 വരെ ഡെലിവറി തപാൽ സീൽ ചെയ്ത കത്തുകളാണ് കൂടുതലായി ഉണ്ടായിരുന്നത്. 306 ആധാർ കാർഡുകൾ,ഇൻഷ്വറൻസ് കമ്പനി, ബാങ്ക്,രജിസ്ട്രർ ഓഫീസ്,ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിവയും ഉണ്ടായിരുന്നു.
താൽക്കാലിക ജീവനക്കാരിയ്ക്ക് വിതരണം ചെയ്യാൻ ഏൽപ്പിച്ചതാണെന്ന് കരകുളം പോസ്റ്റ് ഓഫീസിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. 2019വരെയുള്ള തപാൽ ഉരുപ്പടികൾ ഉണ്ടെന്ന് കാട്ടാക്കട പൊലീസ് ഇൻസ്പെക്ടർ ഡി.ബിജുകുമാർ അറിയിച്ചു. പരാതികൾ വരുന്ന മുറയ്ക്ക് അന്വേഷണം നടത്തുമെന്നും സ്വമേധയാ കേസെടുത്തതായും പൊലീസ് അറിയിച്ചു.ഓട്ടോറിക്ഷാ ഡ്രൈവറേയും താൽക്കാലിക ജീവനക്കാരിയെയും സ്റ്റേഷനിൽ വരുത്തി പൊലീസ് മൊഴിയെടുത്തു.