തിരുവനന്തപുരം:മൂന്നാംഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയെന്ന് ഇനിയും ഒൗദ്യോഗിക പ്രഖ്യാപനം വരാത്ത സാഹചര്യത്തിൽ,കേരളത്തിലെത്തിച്ച ഭാരത് ബയോടെക്കിന്റെ 37,000ഡോസ് കൊവാക്‌സിൻ തലസ്ഥാനത്തെ റീജിയണൽ വാക്‌സിൻ സ്റ്റോറിലേക്ക് മാറ്റി.ഇന്നലെയാണ് വിമാനമാർഗം തിരുവനന്തപുരത്ത് എത്തിച്ചത്. ഇത് ഉടൻ കുത്തിവയ്പിന് വിതരണം ചെയ്യില്ല. വിതരണ ക്രമവും വിജയകരമാണെന്ന അറിയിപ്പും കേന്ദ്രത്തിൽ നിന്ന് ലഭിച്ചശേഷമേ തുടർ നടപടികൾ സ്വീകരിക്കൂ എന്ന് അധികൃതർ അറിയിച്ചു.കേരളത്തിന് സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവീഷീൽഡ് മതിയെന്ന് മുഖ്യമന്ത്രി നേരത്തേ ആവശ്യപ്പെട്ടിരുന്നു. ആദ്യഘട്ടത്തിൽ 4,33,500 ഡോസ് കൊവിഷീൽഡ് വാക്‌സിനാണ് അനുവദിച്ചത്. രണ്ടാംഘട്ടത്തിലേക്കായി ,60,500 ഡോസ് കൊവിഷീൽഡ് വാക്‌സിൻ കൂടി അനുവദിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനത്തെ അറിയിച്ചിരുന്നു.രണ്ടാംഘട്ടത്തിൽ ആലപ്പുഴ 19,000, എറണാകുളം 59000, ഇടുക്കി 7500, കണ്ണൂർ 26500, കാസർകോട് 5500, കൊല്ലം 21000, കോട്ടയം 24000, കോഴിക്കോട് 33000, മലപ്പുറം 25000, പാലക്കാട് 25500, പത്തനംതിട്ട 19000, തിരുവനന്തപുരം 50500, തൃശൂർ 31000, വയനാട് 14000 എന്നിങ്ങനെ ഡോസ് നിശ്ചയിച്ച് കൊവീഷീൽഡ് വിതരണം ചെയ്യാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.അതിനിടെയാണ് കൊവാക്സിൻ അയച്ചത്.
മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയായെന്നും വാക്‌സിൻ സുരക്ഷിതമാണെന്നും നിർമാതാക്കൾ പറയുന്നു. കേന്ദ്രം നൽകിയ ലിസ്റ്ര് അനുസരിച്ചാണ് കേരളത്തിനും വാക്‌സിൻ ലഭ്യമാക്കിയതെന്നും കമ്പനി വിശദീകരിച്ചു. ഡൽഹിയിലുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ കൊവാക്‌സിൻ കുത്തിവയ്ക്കുന്നുണ്ട്. പാർശ്വഫലം റിപ്പോർട്ട് ചെയ്‌തിട്ടില്ല.
48 മണിക്കൂർ മുമ്പ് അറിയിപ്പ് വാക്സിനേഷന് 249 കേന്ദ്രങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്സിൻ കുത്തിവയ്പ് മന്ദഗതിയിലെന്ന്
കേന്ദ്രം ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് ദൗത്യം കാര്യക്ഷമമാക്കാൻ ആക്ഷൻ പ്ലാൻ തയ്യാറാക്കി. വാക്സിനേഷൻ കേന്ദ്രങ്ങൾ 141ൽ നിന്ന് 249 ആയി വർദ്ധിപ്പിക്കാൻ നടപടി തുടങ്ങി.
പല കാരണങ്ങളാൽ ആരോഗ്യ പ്രവർത്തകർക്ക് നിശ്ചിത സമയത്ത് വാക്‌സിനെടുക്കാൻ കഴിയുന്നില്ല. പ്രധാനമായും തലേദിവസം രാത്രിയിൽ വിവരം അറിയിക്കുന്നതാണ് പ്രതിബന്ധം സൃഷ്ടിക്കുന്നത്. പലർക്കും എത്താൻ കഴിയുന്നില്ല. ഇനി മുതൽ 48 മണിക്കൂർ മുമ്പ് വിവരം അറിയിക്കും. എത്താൻ അസൗകര്യമുണ്ടെങ്കിൽ അറിയിക്കണം. പകരം, രജിസ്റ്റർ ചെയ്ത മറ്റൊരാൾക്ക് വാക്‌സിൻ നൽകും. അസൗകര്യം അറിയിച്ച വ്യക്തിയ്ക്ക് മറ്റൊരുദിവസം നിശ്ചയിച്ച് നൽകണമെന്ന് മന്ത്രി കെ.കെ.ശൈലജ നിർദേശം നൽകി.
എറണാകുളത്ത് 38 കേന്ദ്രങ്ങളും തിരുവനന്തപുരം ജില്ലയിൽ 30കേന്ദ്രങ്ങളും സജ്ജമാക്കും. ഒരു ജില്ലയിൽ ചുരുങ്ങിയത് 14കേന്ദ്രങ്ങൾ ഒരുക്കും.
രണ്ടാം ഡോസ് ഫെബ്രു.15 മുതൽ
വാക്‌സിൻ സ്വീകരിച്ച ആരോഗ്യ പ്രവർത്തകർക്ക് രണ്ടാംഘട്ട വാക്‌സിൻ ഫെബ്രുവരി 15ന് ശേഷം തുടങ്ങാനാണ് പദ്ധതി.അതിന് മുമ്പായി ആദ്യഘട്ടവാക്‌സിനേഷൻ പൂർത്തിയാക്കും.
കൊവിഡ് കൂടി, 6960 രോഗികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുന്നു. ഇന്നലെ 6960 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 61,066 സാമ്പിളുകളാണ് പരിശോധിച്ചത്. 11.40 ശതമാനമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു.
6339 പേർ സമ്പർക്കരോഗികളാണ്. 499 പേരുടെ ഉറവിടം വ്യക്തമല്ല. 49 ആരോഗ്യ പ്രവർത്തകരിലും രോഗം കണ്ടെത്തി. എറണാകുളം 1083, കോഴിക്കോട് 814, കോട്ടയം 702, കൊല്ലം 684, പത്തനംതിട്ട 557, മലപ്പുറം 535, തിരുവനന്തപുരം 522, ആലപ്പുഴ 474, തൃശൂർ 401, കണ്ണൂർ 321, വയനാട് 290, ഇടുക്കി 256, പാലക്കാട് 234, കാസർകോട് 87 എന്നിങ്ങനെയാണ് ജില്ലകളിലെ സ്ഥിതി. യു.കെയിൽ നിന്നു വന്ന ഒരാൾക്കുകൂടി സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെയിൽ നിന്നെത്തി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 69 ആയി. 10 പേരിലാണ് ജനിതക മാറ്റംവന്ന വൈറസിനെ കണ്ടെത്തിയത്. ഇന്നലെ കേരളത്തിൽ 5283 പേർ രോഗമുക്തി നേടി. 2,11,824 പേർ നിരീക്ഷണത്തിലുണ്ട്.