തിരുവനന്തപുരം: സംസ്ഥാനം ഉന്നയിച്ചുകൊണ്ടിരിക്കുന്ന വിവിധ ആവശ്യങ്ങൾ കേന്ദ്ര ബഡ്ജറ്റിൽ ഉൾപ്പെടുത്താൻ എം.പിമാർ സമ്മർദ്ദം ചെലുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാർലമെന്റ് ബഡ്ജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള എം.പി മാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സിൽവർ ലൈൻ റെയിൽപാത യാഥാർത്ഥ്യമാക്കൽ,തൃപ്പൂണിത്തുറ ബൈപാസ് ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തണം, പളനി - ശബരിമല പുതിയ ദേശീയപാതയ്ക്ക് അംഗീകാരം ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.കേന്ദ്ര റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ ഉൾപ്പെടുത്തി 2020-21 സാമ്പത്തിക വർഷത്തിൽ ഭരണാനുമതിക്കായി 115 കോടി രൂപയുടെ എട്ട് പദ്ധതികൾ കേന്ദ്രമന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്. അതിന് അംഗീകാരം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ കാർഷികനിയമം പിൻവലിക്കണമെന്ന പ്രമേയം യോഗം അംഗീകരിച്ചു. മന്ത്രിമാർ, എം.പിമാർ, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.