lab

തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തിൽ ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷയ്ക്ക് ഇത്തവണ പരിഷ്‌കരിച്ച സിലബസ്. മാർച്ചിൽ പൊതുപരീക്ഷ കഴിഞ്ഞ് ഏപ്രിലിലായിരിക്കും പ്രാക്ടിക്കൽ പരീക്ഷ. പുതിയ സിലബസിൽ പരീക്ഷണ പാഠങ്ങൾ കുറച്ചിട്ടുണ്ട്. കൊവിഡ് വ്യാപനത്തിനുള്ള സാദ്ധ്യത പരിഗണിച്ച് സുവോളജിയിൽ വായിലെ കോശങ്ങൾ ശേഖരിച്ചും രക്തം ഉപയോഗിച്ചുമുള്ള പരീക്ഷണങ്ങൾ ഒഴിവാക്കി.
എന്നാൽ സ്‌കൂളുകളിൽ പ്രാക്ടിക്കൽ പഠനം തുടങ്ങേണ്ടത് സംബന്ധിച്ച് അദ്ധ്യാപകർക്ക് ഔദ്യോഗിക നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. ലാബ് ക്ലാസുകൾ തുടങ്ങിയാൽ രോഗലക്ഷണങ്ങളുണ്ടെങ്കിലും വിദ്യാർത്ഥികൾ സ്‌കൂളിലെത്താൻ സാദ്ധ്യതയുണ്ടെന്നാണ് അദ്ധ്യാപകരുടെ വിലയിരുത്തൽ. അതുപോലെതന്നെ മൈക്രോസ്‌കോപ്പ് പോലുള്ള ഉപകരണങ്ങൾ പല കുട്ടികൾ ഉപയോഗിക്കേണ്ടിവരുന്നത് കണക്കിലെടുത്തിട്ടില്ല. റെക്കോർഡ് സമർപ്പിക്കുന്നത് സംബന്ധിച്ചും നിർദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. ഔദ്യോഗികമായി നിർദ്ദേശങ്ങൾ വന്നതിന് ശേഷം ലാബ് പഠനം ആരംഭിച്ചാൽ മതിയെന്ന നിലപാടിലാണ് അദ്ധ്യാപകർ.