cpm

തിരുവനന്തപുരം: രണ്ട് തവണ മത്സരിച്ച് ജയിച്ചവർ മാറി നിൽക്കുക എന്നത് സി.പി.എമ്മിന്റെ പൊതുസമീപനമാണെങ്കിലും പാർലമെന്ററി അനുഭവ സമ്പത്തുള്ളവരെ വീണ്ടും പരിഗണിക്കേണ്ടി വരുമെന്ന സൂചന നൽകി സി.പി.എം. മന്ത്രിമാരുൾപ്പെടെ ചിലർ വീണ്ടും മത്സരിക്കുമെന്ന അഭ്യൂഹം നിലനിൽക്കെയാണ്, ഇന്നലെ സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സെക്രട്ടറി എ. വിജയരാഘവൻ ഈ സൂചന നൽകിയത്.

സർക്കാരിന്റെ ഭാഗമായി പ്രവർത്തിക്കേണ്ടിവരുമ്പോൾ അനുഭവം പ്രധാനമാണെന്ന് വിജയരാഘവൻ പറഞ്ഞു. രണ്ട് തവണ മത്സരിച്ച് ജയിച്ചവർ മാറി നിൽക്കുകയെന്നതാണ് സി.പി.എമ്മിന്റെ പൊതുസമീപനം. അതിൽ മാറ്റം വരുത്തണമെങ്കിൽ ഉയർന്ന കമ്മിറ്റി അംഗീകരിക്കണം.

സംസ്ഥാന സെക്രട്ടറി മത്സരിക്കുമോയെന്ന ചോദ്യത്തിന് ഉത്തരം പറയാൻ പാടില്ല. നല്ല ഐക്യത്തോടെ പുതിയ പാർട്ടികളും നിലവിലെ കക്ഷികളും സീറ്റ് വിഭജനം പൂർത്തീകരിക്കും. പാലാ സീറ്റിനെ ചൊല്ലിയുള്ള എൻ.സി.പി നേതാക്കളുടെ പരസ്യപ്രസ്താവന താൻ കേട്ടിട്ടില്ല. ഒരു വിഭാഗത്തോടും അനീതിയോടെ പ്രവർത്തിക്കുക എൽ.ഡി.എഫ് സർക്കാരിന്റെ നയമല്ലെന്ന് ന്യൂനപക്ഷ സ്കോളർഷിപ്പിൽ ക്രൈസ്തവ വിഭാഗങ്ങളുടെ പരാതിയെക്കുറിച്ച് മറുപടി നൽകി.

ഇടത് മേഖലാ ജാഥകൾ വരുന്നു

യു.ഡി.എഫിന്റെയും എൻ.ഡി.എയുടെയും തിരഞ്ഞെടുപ്പ് പ്രചരണ ജാഥകൾക്ക് ബദലായി തെക്കൻ, വടക്കൻ മേഖലാ ജാഥകൾ ഇടതുമുന്നണിയും നടത്താനൊരുങ്ങുന്നു.സി.പി.എം സെക്രട്ടേറിയറ്റിൽ ധാരണയായി. 27ന് ഇടതുമുന്നണി യോഗത്തിൽ ഇത് ചർച്ച ചെയ്യും. ഇന്ന് മുതൽ 31 വരെ നീളുന്ന ഗൃഹസന്ദർശന പരിപാടിയിൽ ജനങ്ങളിൽ നിന്ന് അഭിപ്രായ സ്വരൂപണം നടത്താനും സർക്കാരിന്റെ ക്ഷേമപ്രവർത്തനം വിശദീകരിക്കാനും തീരുമാനിച്ചു.