തിരുവനന്തപുരം: ജില്ലയിലെ 1,237 സർക്കാർ ഓഫീസുകൾ ഹരിത ഓഫീസുകളായി മാറിയതായി സബ് കളക്ടർ എം.എസ് മാധവിക്കുട്ടി അറിയിച്ചു. സർക്കാർ ഓഫീസുകളിലെ ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനങ്ങൾ ഹരിത ഓഡിറ്റിലൂടെ വിലയിരുത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്. 1,609 സർക്കാർ ഓഫീസുകളിൽ നടത്തിയ പരിശോധനയിലാണ് 1,237 ഓഫീസുകൾ ഹരിത ഓഫീസുകളായി മാറിയത്. 90 മാർക്കിന് മുകളിൽ ലഭിച്ച 423 സർക്കാർ ഓഫീസുകൾക്ക് എ ഗ്രേഡും 80-89 മാർക്ക് നേടിയ 422 ഓഫീസുകൾക്ക് ബി ഗ്രേഡും 70- 79 മാർക്ക് നേടിയ 393 ഓഫീസുകൾക്ക് സി ഗ്രേഡും ലഭിച്ചു.രാജ്ഭവൻ,ഡി.ജി.പി ഓഫീസ്, പഞ്ചായത്ത് ഡയറക്ടറേറ്റ്, ട്രാൻസ്‌പോർട്ട് കമ്മീഷണറേറ്റ്, സെൻട്രൽ ജയിൽ, കാർഷിക കോളേജ്, ശുചിത്വമിഷന്റെയും ഹരിതകേരളം മിഷന്റെയും സംസ്ഥാന ഓഫീസുകൾ എന്നിവയ്ക്ക് 100 ശതമാനം മാർക്കും ലഭിച്ചു. ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡി. ഹുമയൂൺ, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എ.ഫെയ്‌സി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ത്രേസ്യാമ്മ ആന്റണി,എ.ഡി.സി (ജനറൽ) ജി.സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു.