tpr

തിരുവനന്തപുരം: ഇ.എസ്‌.ഐ കോർപറേഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മൂന്ന് ആശുപത്രികളിൽ വിദഗ്ദ്ധചികിത്സയും മരുന്നും നിഷേധിക്കപ്പെടുന്നതിന് അടിയന്തരപരിഹാരം ആവശ്യപ്പെട്ട് മന്ത്രി ടി.പി.രാമകൃഷ്ണൻ കേന്ദ്രതൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗാംഗ്വറിന് കത്തയച്ചു.
കൊല്ലം ആശ്രാമം മോഡൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി, എഴുകോൺ ആശുപത്രി, എറണാകുളം ഉദ്യോഗമണ്ഡൽ ആശുപത്രി എന്നിവിടങ്ങളിൽ മതിയായ ചികിത്സാ സംവിധാനങ്ങളില്ലെന്ന് തുടർച്ചയായി പരാതി ഉയരുകയാണ്. ഈ മൂന്ന് ആശുപത്രികളും കോർപറേഷൻ ഏറ്റെടുത്തിട്ട് ഒരു ദശാബ്ദത്തിലേറെയായെങ്കിലും അടിസ്ഥാനസൗകര്യങ്ങളിലും ചികിത്സാസംവിധാനങ്ങളിലും പറയത്തക്ക പുരോഗതി ഉണ്ടായിട്ടില്ല. ആശ്രാമം സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഇന്റൻസീവ് കെയർ യൂണിറ്റ് ഒരു മുന്നറിയിപ്പുമില്ലാതെ അടച്ചുപൂട്ടി. ആശുപത്രിയിലെ വിവിധ വിഭാഗങ്ങളുടെ നടത്തിപ്പ് ഏറ്റെടുത്ത സ്വകാര്യ ഏജൻസിയിൽ നിന്ന് ആവശ്യമായ ഒരു സേവനവും ലഭിക്കുന്നില്ലെന്ന് തൊഴിലാളികളും തൊഴിലുടമകളും തൊഴിലാളി സംഘടനകളും നിരന്തരം പരാതി ഉന്നയിച്ചുവരികയാണെന്നും കത്തിൽ പറയുന്നു.