തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ അമ്പരന്ന സംസ്ഥാന കോൺഗ്രസിനെ യുവതലമുറയുടെ ഊർജ്ജം കൂടി പകർന്ന് സടകുടഞ്ഞ് എഴുന്നേൽപ്പിച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ കളംപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ഹൈക്കമാൻഡ്. ഇതിന്റെ ഭാഗമായി യുവജനങ്ങളെ ആകർഷിക്കാനും തിരഞ്ഞെടുപ്പ് പ്രകടനപത്രിക രൂപീകരണത്തിലും നിർണായക ചുമതല നൽകി ശശി തരൂർ എം.പിയെ രംഗത്തിറക്കി.
പ്രകട പത്രികയ്‌ക്കായി ബെന്നി ബെഹനാൻ എം.പി സമതിയെ നിയോഗിച്ചതിന് പുറമേയാണ് തരൂരിന്റെ നിയോഗം. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ തരൂർ യുവതലമുറ ഉൾപ്പടെയുള്ളവരുമായി സംവദിക്കും. ഇതിൽ ഉരുത്തിരിയുന്ന ആശയങ്ങൾ പ്രകടനപത്രികയുടെ ഭാഗമാകും. ഇതിന് പുറമേ മഞ്ചേശ്വരത്ത് നിന്ന് 31ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങുന്ന ഐശ്വര്യ കേരളയാത്രയിൽ സ്വരൂപിക്കുന്ന ആശയങ്ങളും ഉൾപ്പെടുത്തി ജനകീയ പ്രകടനപത്രിക തയ്യാറാക്കുന്ന ദൗത്യമാണ് ബെന്നിബഹ്‌നാൻ സമിതിക്കും തരൂരിനും ഉള്ളത്.
സ്ഥാനാർത്ഥി നിർണയത്തിൽ ഗ്രൂപ്പുകളിക്കാർക്കും സ്വാർത്ഥ താൽപര്യക്കാരായ നേതാക്കൾക്കും കർശന താക്കീത് നൽകിയ നേതൃത്വം അരഡസനോളം മുൻ നിര നേതാക്കളെ നിരീക്ഷണത്തിന് നിയോഗിച്ച് സംസ്ഥാന പാർട്ടിയുടെ പൂർണനിയന്ത്രണം കൈയിലെടുത്തിരിക്കയാണ്. ഉമ്മൻ ചാണ്ടിയെ അദ്ധ്യക്ഷനാക്കി തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി രൂപീകരിച്ചത് ഇതിന്റെ തെളിവാണ്. ഉമ്മൻ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും നേതൃത്വത്തിൽ വിവിധ സാമൂഹ്യ വിഭാഗങ്ങളുമായും മതമേലദ്ധ്യക്ഷന്മാരുമായുള്ള സാമൂഹിക എൻജിനീയറിംഗ് ആരംഭിച്ചിണ്ട്.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ വരും ദിവസങ്ങളിൽ കേരളത്തിൽ സജീവമാകും. എ.കെ ആന്റണി തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാലുടൻ ഇവിടെ ശ്രദ്ധ കേന്ദ്രീകരിക്കും. സ്ഥാനാർത്ഥി നിർണയത്തിൽ നേതാക്കളുടെ താൽപര്യങ്ങൾക്ക് വഴങ്ങില്ലെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കി കഴിഞ്ഞു. ഈ തിരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമാണെന്നും വിട്ട് വീഴ്ച്ചകൾക്ക് കനത്ത വില നൽകേണ്ടി വരുമെന്നുമാണ് ഹൈക്കമാൻഡ് കരുതുന്നത്.
എന്തുകൊണ്ട് തരൂർ
പുത്തൻ ആശയങ്ങളേയും സാമൂഹിക വീക്ഷണങ്ങളേയും പരമാവധി ഉയർത്തിപിടിച്ച് യുവതലമുറയെ ആകർഷിക്കാനാണ് നീക്കം. അതിനു പറ്റിയ ആൾ തരൂരാണെന്ന് ഹൈക്കമാൻഡ് കരുതിന്നു. ബഹുമുഖ പ്രതിഭയായ തരൂരിന്റെ ആധുനിക മുഖവും ചിന്തകളും വികസന കാഴ്ചപ്പാടുകളും പ്രകടനപത്രികയിൽ പ്രയോജനപ്പെടുത്തണമെന്ന ചിന്ത ഹൈക്കമാൻഡിൽ ഉണ്ടായെന്നാണ് സൂചന. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നിർദ്ദേശമാണ് തരൂരിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
പിണറായി സ്റ്റൈലിന് ബദൽ
തിരഞ്ഞെടുപ്പിനിറങ്ങുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ മേഖലകളിലുള്ളവരുമായി സംവാദം നടത്തി ആശയങ്ങൾ സ്വരൂപിച്ചിരുന്നു. അതിന്റെ ബദലാണ് കോൺഗ്രസ് നീക്കം. ഇടതുപക്ഷം ശക്തമായ പ്രവർത്തനങ്ങളാണ് തുടർഭരണം ലക്ഷ്യമിട്ട് നടത്തുന്നത്. അതിന് മുഖ്യമന്ത്രിയുടെ സോഷ്യൽ എൻജിനീയറിംഗ് ഫലിക്കുന്നെന്നാണ് യു.ഡി.എഫ് വിലയിരുത്തുന്നത്.
''പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം കൃത്യമായി നിർവഹിക്കും. സിപി.എമ്മിന്റെ വികസനവിരുദ്ധമുഖം തുറന്നു കാട്ടും. ചിലരൊക്കെ പറയുന്നു കോൺഗ്രസും ഇടതും തമ്മിൽ വ്യത്യാസം ഇല്ലെന്ന്. അതു ശരിയല്ല. സി.പി.എം ഇപ്പോഴും 19-ാം നൂറ്റാണ്ടിൽ നിൽക്കുന്നേ ഉള്ളൂ. യുവാക്കൾക്കു വേണ്ടിയും പ്രൊഫഷണൽസിനു വേണ്ടിയും സാധാരണക്കാർക്കു വേണ്ടിയും ഒരുപോലെ പ്രവർത്തിക്കാൻ കോൺഗ്രസിനു കഴിയും''-
ശശി തരൂർ എം.പി