പാങ്ങോട്: നിരവധി കേസുകളിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. കേരളം, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിരവധി വാഹനമോഷണങ്ങൾ നടത്തിയിട്ടുള്ള പാങ്ങോട് വില്ലേജിൽ റാഫി മൻസിലിൽ ഫിറോസ് എന്ന് വിളിക്കുന്ന നൗഷാദ് (47) ആണ് അറസ്റ്റിലായത്.പാങ്ങോട് സി.ഐ എൻ. സുനീഷിന്റെ നേതൃത്വത്തിൽ പാങ്ങോട് പൊലീസും കടയ്ക്കൽ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്. നിരവധി വാഹനമോഷണം, കൊലപാതകശ്രമം, സാമ്പത്തിക തട്ടിപ്പ്, തട്ടിക്കൊണ്ടുപോകൽ എന്നിങ്ങനെ നിരവധി കേസുകളിൽ പ്രതിയായ നൗഷാദ് ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. പൊലീസ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകവെ ട്രെയിനിൽ നിന്നു ചാടി രക്ഷപ്പെട്ടതിനും കേസുണ്ട്. പൊലീസ് പിടികൂടുന്ന സമയം ആയുധം കാട്ടി രക്ഷപ്പെടാറുള്ള പ്രതിയെ തന്ത്രപൂർവം വീടിന് സമീപത്തുവച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പാങ്ങോട് എസ്.ഐ അജയൻ, രമേഷ് ചന്ദ്രൻ, കടയ്ക്കൽ എസ് .ഐ വി. സജു, എ. എസ്. ഐ സുരേഷ് കുമാർ, പൊലീസുകാരായ മുകേഷ്, അനൂപ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.