anakkutty

കാട്ടാക്കട: വിതുരയിൽ ചരിഞ്ഞ പിടിയാനയോടൊപ്പമുണ്ടായിരുന്ന കുട്ടിയാനയെ കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലെത്തിച്ചു. ഒരു വയസ് പ്രായമുള്ള കുട്ടിയാനയ്ക്ക് ഇവിടെ വിദഗ്ദ്ധ പരിചരണം നൽകും. കാപ്പുകാട്ട് ആനക്കുട്ടികളുടെ എണ്ണം ഇതോടെ ആറായി. വിതുര ക​ല്ലാ​റി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തിലാണ് ശനിയാഴ്ച കാ​ട്ടാ​ന​യെ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തിയത്. കാട്ടാനക്കൂട്ടം ഇല്ലാത്തതിനാൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കുട്ടിയാനയെ തിരിച്ചയയ്ക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഉദ്യോഗസ്ഥർ ഡി.എഫ്.ഒയുമായി ബന്ധപ്പെട്ട് കാപ്പുകാട്ട് എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. ഡി.എഫ്.ഒ കെ.ഐ. പ്രദീപ്കുമാർ, പാലോട് റെയിഞ്ച് ഓഫീസർ അജിത്ത് കുമാർ, കോട്ടൂർ കാപ്പുകാട് ഫോറസ്റ്റ് ഡെപ്യൂട്ടി വാർഡൻ സതീശൻ, റാപിഡ് റെസ്‌പോൺസ് ടീം എന്നിവരുടെ നേതൃത്വത്തിലാണ് ആനക്കുട്ടിയെ കോട്ടൂരിലെത്തിച്ചത്.