തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിൽ പങ്കെടുക്കാനായി കീർത്തി സുരേഷ് കഴിഞ്ഞദിവസം ദുബായിൽ എത്തി. മഹേഷ് ബാബുവിന്റെ നായികയായി കീർത്തി എത്തുന്ന സർക്കാരു വാരി പാട്ട എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് തുടങ്ങും. നേരത്തെ അമേരിക്കയിൽ ചിത്രീകരിക്കാൻ നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ദുബായിലേക്ക് മാറ്റിയത് വിസ പ്രശ്നങ്ങൾ കാരണമാണ്.
ദുബായി യാത്രയിൽ ട്രാക്ക് പാന്റ്സും പുള്ളോവർ ടീ ഷർട്ടും ക്യാൻവാസും ധരിച്ച് വിമാനത്തിലെ ബിസിനസ് ക്ളാസ് സ്യൂട്ടിലിരിക്കുന്ന ചിത്രം കീർത്തി പങ്കുവച്ചിരുന്നു.
മിസ്. ഇന്ത്യ പെൻഗ്വിൻ തുടങ്ങിയ ചിത്രങ്ങളിലെ തന്റെ ശുഷ്ക്കിച്ച രൂപം ട്രോളന്മാർ ആഘോഷമാക്കിയതിനാൽ വീണ്ടും ശരീരഭാരം വർദ്ധിപ്പിച്ചിരിക്കുകയാണ് കീർത്തി.
ഗീതാഗോവിന്ദം ഫെയിം പരശുറാം പെട്ല സംവിധാനം ചെയ്യുന്ന സർക്കാരു വാരി പാട്ട നിർമ്മിക്കുന്നത് 14 റീൽസ് പ്ളസ്, ജി.എം.ബി എന്റർടെയ്ൻമെന്റ് എന്നീ നിർമ്മാണ കമ്പനികളുമായി ചേർന്ന് മൈത്രി മൂവീ മേക്കേഴ്സാണ്.
തെലുങ്ക് ചിത്രമായ മഹാനടിയിലെ അഭിനയത്തിനാണ് കീർത്തി സുരേഷിന് മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചത്