teacher

കാലാവധി തീരും മുമ്പ് റദ്ദാവുമെന്ന് ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം: കണക്കാക്കിയതിലേറെ ഒഴിവുകളുണ്ടെങ്കിലും എൽ.പി - യു.പി അദ്ധ്യാപക റാങ്ക് ലിസ്റ്റിന്റെ ചുരുക്കപ്പട്ടികയിൽ ഉദ്യോഗാർത്ഥികളുടെ എണ്ണം കുറവ്. ഇത് കാരണം മൂന്നു വർഷ കാലാവധിയുള്ള റാങ്ക് ലിസ്റ്റ് , അതിന് മുൻപേ അകാല ചരമമടയുമെന്ന് പരാതി ഉയരുന്നു. പൊതു വിദ്യാലയങ്ങളിൽ കുട്ടികൾ വർദ്ധിക്കുന്നത് പരിഗണിക്കാതെയും , കുട്ടികളുടെ വർദ്ധന കണക്കാക്കി ഫിക്സേഷൻ നടത്തുന്നതിന് മുമ്പുമാണ് ലിസ്റ്റ് തയ്യാറാക്കിയത്. എൽ.പി അദ്ധ്യാപക നിയമനത്തിന് 14 ജില്ലകളിലുമായി 12,600 പേരുടെയും യു.പിയിൽ 9,900 പേരുടെയും ഷോർട്ട് ലിസ്റ്റാണ് പുറത്തിറക്കുന്നത്.കഴിഞ്ഞ ലിസ്റ്റിൽ നിന്നും നിയമനം തുടങ്ങി ഒന്നര

വർഷമായപ്പോഴേക്കും ലിസ്റ്റിൽ ആളില്ലാത്തത് കാരണം അഞ്ച് ജില്ലകളിൽ നിയമനം നടത്താൻ കഴിയാത്ത നിലയായിരുന്നു. തൃശൂർ, പാലക്കാട്, മലപ്പുറം,കോഴിക്കോട്,കാസർകോട് ജില്ലകളിലെ പൊതു വിഭാഗത്തിലാണിത് . ഇക്കുറി ഈ കുറവ് പരിഹരിച്ച് ലിസ്റ്റ് തയ്യാറാക്കുമെന്ന് ഉദ്യോഗാർത്ഥികൾ കരുതിയിരുന്നെങ്കിലും, കൂടുതൽ പേരെ ഉൾപ്പെടുത്തേണ്ടെന്നാണ് പി.എസ്.സിയുടെ തീരുമാനം.

തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ എൽ.പി ലിസ്റ്റിൽ 400 പേരെയാണ് ഉൾപ്പെടുത്തിയിരുന്നത്. ഏറ്റവുമൊടുവിൽ 142 പേർക്ക് അഡ്വൈസ് നൽകിയതോടെ ലിസ്റ്റ് അവസാനിച്ചു.എന്നാൽ സ്‌കൂൾ തുറക്കാത്തതിനാൽ ഇവർക്ക് ജോലിയിൽ പ്രവേശിക്കാനായില്ല. ഇവരും പുതിയ പരീക്ഷ എഴുതിയിട്ടുണ്ട്.ഇവരെല്ലാം പുതിയ ലിസ്റ്റിലും ഉൾപ്പെട്ടാൽ ലിസ്റ്റിൽ അത്രത്തോളം എണ്ണം കുറയും. 180 പേർക്ക് ഹെഡ് മാസ്റ്റർ പ്രൊമോഷൻ ലഭിക്കുന്നതോടെ ഒഴിവുകളുടെ എണ്ണം ഇനിയും കൂടും. കെ ടെറ്റ് ഇല്ലാത്തവരും പരീക്ഷ എഴുതിയതിനാൽ ഇന്റർവ്യൂവിൽ അവർ ഒഴിവാകും.
വിവരാവകാശ രേഖകൾ പ്രകാരം ജില്ലയിൽ നിലവിൽ 401 ഒഴിവുകളുണ്ട് .ജില്ലയിൽ 450 പേരെ തിരുവനന്തപുരം ജില്ലയിലെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്താനാണ് തീരുമാനം.