eis

തിരുവനന്തപുരം: കൊവിഡും നിപയുമടക്കം കേരളം കേട്ടിട്ടില്ലാത്ത പകർച്ചവ്യാധികൾ സംസ്ഥാനത്ത് വേരുറപ്പിക്കുമ്പോൾ ആഗോള പ്രശസ്ത 'എപ്പിഡെമിക് ഇന്റലിജൻസ് സർവീസ്" പഠനപരിശീലനം ഡോക്ടർമാർക്ക് നൽകാൻ ആരോഗ്യ വകുപ്പ് മടിക്കുന്നതായി ആക്ഷേപം. പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്താൽ, വസ്തുതകൾ വേഗത്തിൽ കണ്ടെത്താനും വ്യാപനം തടയുന്നതിനുള്ള നിർദ്ദേശം നൽകുന്നതിനുമടക്കം പരിശീലനം നൽകുന്ന 'ഇ.ഐ.എസ്" എന്ന അഡ്വാൻസ്ഡ് സ്‌കിൽ ട്രെയിനിംഗ് കോഴ്‌സിനാണ് വേണ്ടത്ര പരിഗണന ലഭിക്കാത്തത്. മറ്റു സംസ്ഥാനങ്ങളിലെ സർക്കാർ ഡോക്ടർമാരെ സർക്കാർ ചെലവിൽ പഠിക്കാനയയ്ക്കുമ്പോൾ കേരളം അനങ്ങുന്നില്ലെന്നും പരാതിയുണ്ട്.

പകർച്ചവ്യാധികളെ പെട്ടെന്ന് കണ്ടെത്തുന്നതടക്കമുള്ള കോഴ്സ് ഹെൽത്ത് സർവീസ് ഡിപാർട്ട്മെന്റിൽ നിന്ന് പൂർത്തിയാക്കിയ ഏകയാൾ കുമാരപുരം സ്വദേശി ഡോ. ബിനോയ് എസ്. ബാബുവാണ്. അദ്ദേഹം ഡെപ്യൂട്ടേഷന് ശേഷം നാട്ടിൽ തിരിച്ചെത്തിയെങ്കിലും ഒഴിഞ്ഞുകിടക്കുന്ന സ്റ്റേറ്റ് എപ്പിഡമോളജിസ്റ്റ് പദവിയിൽ നിയമിക്കാൻ അധികൃതർ തയ്യാറായിട്ടുമില്ല.

അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ എന്ന സ്ഥാപനത്തിന്റെ സഹായത്തോടെ എൻ.സി.ഡി.സി നടത്തുന്ന കോഴ്സ് പഠിപ്പിക്കാൻ താത്പര്യമുള്ള ഡോക്ടർമാർക്ക് സഹായം നൽകാൻ സർക്കാർ തയ്യാറാവുന്നില്ലെന്നും പരാതിയുണ്ട്.