general

ബാലരാമപുരം: കാട്ടാക്കട നിയോജക മണ്ഡലത്തിൽ പള്ളിച്ചൽ പഞ്ചായത്തിലെ കുളങ്ങരക്കോണം സ്റ്റേഡിയം സ്മാർട്ട് മൾട്ടി പർപ്പസ് സ്റ്റേഡിയമാക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഐ.ബി. സതീഷ് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക അദ്ധ്യക്ഷത വഹിച്ചു. ഫുട്ബോൾ കോർട്ട്,​ ക്രിക്കറ്റ് പ്രാക്ടീസ് മാച്ച്,​ സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക ടോയ്ലെറ്റുകൾ, ഡ്രെയിനേജ് സൗകര്യം,​ ചുറ്റുമതിൽ,​ ഗേറ്റ് എന്നിവയുടെ നവീകരണം,​ യാ‌ഡ് ലൈറ്റിംഗ് എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഐ.ബി. സതീഷ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 49.5 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നത്. കായിക യുവജനകാര്യാലയത്തിനാണ് നിർമ്മാണ ചുമതല. കായികമേഖലയ്ക്ക് ചുക്കാൻ പിടിക്കുന്ന കുളങ്ങരക്കോണം സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തികൾ മൂന്ന് മാസം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എം.എൽ.എ പറഞ്ഞു. കാട്ടാക്കട മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലെയും നിലവിലുള്ള സ്റ്റേഡിയങ്ങളെ അത്യാധുനീക സൗകര്യങ്ങളുള്ള സ്റ്റേഡിയമാക്കുന്നതിന്റെ ഭാഗമായാണ് കുളങ്ങരക്കോണം സ്റ്റേഡിയവും സ്മാർട്ടാക്കുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ,​ നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.കെ. പ്രീജ,​ പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികല,​ മച്ചേൽ ഡിവിഷൻ ബ്ലോക്ക് മെമ്പർ സജിനകുമാർ എന്നിവർ പങ്കെടുത്തു.