അസാധാരണകാലത്തെ അസാധാരണ നടപടി എന്നത് ഏത് കാര്യങ്ങൾക്കും ഫലപ്രദമായി ഉപയോഗിക്കാനാവുന്ന ന്യായീകരണ യുക്തിയാണ്. കേരള നിയമസഭയുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത അതിക്രമം അരങ്ങേറിയ ദിവസമായിരുന്നു 2015 മാർച്ച് 13. കെ.എം. മാണി അന്ന്, ബാർ കോഴക്കേസ് സൃഷ്ടിച്ച വിവാദങ്ങളുടെ ഓളപ്പരപ്പിൽ നിലകിട്ടാതെ പിടയ്ക്കുകയായിരുന്നു. ബാറുടമയായ ബിജുരമേശ്, ഒരു ചാനൽ ചർച്ചയ്ക്കിടെ പൊട്ടിച്ച ഒരു കോടി കോഴയെന്ന പൊട്ടാസ്, ഇടതുപക്ഷത്തിന്റെ കൈയിൽ അത്യുഗ്രൻ ബോംബായി മാറി. ആ ബോംബുമായി ഇടതുപക്ഷം കേരളമെമ്പാടും പാഞ്ഞു.
ആ മാർച്ച് 13, കെ.എം. മാണിക്ക് ഒരിക്കലും മായാത്തൊരു മുറിപ്പാട് സമ്മാനിച്ച കറുത്ത ദിനമായി. 2015 മാർച്ച് 13ന്റെ ആ കറുത്ത ദിനത്തെ സി.പി.എം ന്യായീകരിച്ചത്, അസാധാരണ സാഹചര്യത്തിൽ വേണ്ടിവന്ന അസാധാരണ നടപടിയെന്നായിരുന്നു. അതിനുശേഷം മാണിയുടെ സ്വന്തം മീനച്ചിലാറ്റിലൂടെ വെള്ളമൊരുപാട് ഒഴുകി. ബാർകോഴക്കേസ് മാഞ്ഞുപോയി. വിജിലൻസിന് തെളിവുകൾ കിട്ടിയില്ല. കെ.എം. മാണിയുടെ നിയമസഭാ സാമാജികത്വത്തിന്റെ സുവർണജൂബിലി സഭ കൊണ്ടാടുമ്പോൾ ഉമ്മൻചാണ്ടിക്ക് പകരം പിണറായി വിജയൻ മുഖ്യമന്ത്രിയായിക്കഴിഞ്ഞിരുന്നു. മാണിയിൽ 'അനുരാഗ വിലോചനരാകുന്ന രാസമാറ്റം' സി.പി.എമ്മിലും സംഭവിച്ചിരുന്നു. മാണിയെ സഭ ആദരിച്ചപ്പോൾ 'മാണി പ്രമാണി' എന്ന് കവി പാലാ നാരായണൻ നായരെ ഉദ്ധരിച്ച് മുഖ്യമന്ത്രി പുകഴ്‌ത്തി.
അന്തരിച്ച തോമസ് ചാണ്ടി പിണറായി മന്ത്രിസഭയിൽ ഗതാഗതമന്ത്രിയായിരിക്കെ കുട്ടനാട്ടിലെ റിസോർട്ടിന്റെ പേരിലുള്ള ഭൂമികൈയേറ്റ പ്രശ്നം വേമ്പനാട്ട് കായലിൽ വിവാദ വേലിയേറ്റമുണ്ടാക്കി. ഹൈക്കോടതി മന്ത്രിക്കെതിരെ രൂക്ഷവിമർശനമുയർത്തി. ചാണ്ടിയുടെ രാജിക്കുള്ള മുറവിളി, രാഷ്ട്രീയാന്തരീക്ഷത്തെ മേഘാവൃതമാക്കി. ഹൈക്കോടതി പരാമർശത്തിന് പിറ്റേന്ന് മന്ത്രിസഭായോഗത്തിൽ തോമസ് ചാണ്ടി എത്തുന്നത് പോലും മഹാഅപരാധമെന്ന് ഇടതുമുന്നണിക്കകത്തെ രണ്ടാംകക്ഷിയായ സി.പി.ഐക്ക് തോന്നി. അവരുടെ നാല് മന്ത്രിമാർ ചാണ്ടി ഇരിക്കുന്ന അന്നത്തെ മന്ത്രിസഭായോഗം ബഹിഷ്കരിച്ചു. സി.പി.ഐയുടെ നടപടി അസാധാരണമെന്ന് മുഖ്യമന്ത്രി പറയാൻ നിർബന്ധിതനായി. അസാധാരണ സാഹചര്യങ്ങളിൽ അസാധാരണനടപടി വേണ്ടി വരുമെന്നായിരുന്നു സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ന്യായീകരണയുക്തി.
ലോക്ക് ഡൗൺ കാലത്ത് വ്യക്തികളുടെ വിവരശേഖരണത്തിനായി അമേരിക്കൻ കമ്പനിയായ സ്പ്രിൻക്ലറിനെ ഐ.ടി വകുപ്പ് കരാർ ഏല്പിച്ചതിനെ ചോദ്യം ചെയ്തത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയായിരുന്നു. സ്വകാര്യ വിവരശേഖരണത്തിനെതിരായ നയം പിന്തുടരുന്ന കമ്മ്യൂണിസ്റ്റുകൾ ഭരിക്കുന്നിടത്ത് അതെങ്ങനെ സംഭവിച്ചുവെന്ന അദ്ദേഹത്തിന്റെ പരിഹാസത്തെ സി.പി.എം തള്ളി. അസാധാരണ സാഹചര്യത്തിലെ അസാധാരണ നടപടിയെന്ന് ന്യായീകരണം. സി.പി.ഐക്ക് അതത്ര ബോധിച്ചില്ലെന്നത് വേറെ കാര്യം.
ഇന്നിപ്പോൾ മറ്റൊരു അസാധാരണ സാഹചര്യത്തിലെ അസാധാരണ നടപടിയുണ്ടായിരിക്കുന്നു. ധനമന്ത്രി ഡോ. തോമസ് ഐസകിന്റെ യുക്തിക്കനുസരിച്ചായതിനാൽ, 'അസാധാരണം' ഒരു താർക്കിക വിഷയമായി തുടർന്നേക്കാം. സംസ്ഥാനസർക്കാർ നിയമനിർമ്മാണത്തിലൂടെ രൂപീകരിച്ച കേരള അടിസ്ഥാനസൗകര്യ വികസന നിക്ഷേപബോർഡ് അഥവാ കിഫ്ബി ആണ് കേന്ദ്രസ്ഥാനത്ത്. കിഫ്ബിയിലൂടെ സമാനതകളില്ലാത്ത വികസനപ്രക്രിയയിലേക്ക് നാട് നീങ്ങുന്നുവെന്ന് സർക്കാർ വിലയിരുത്തുന്നു. അടിസ്ഥാനസൗകര്യ വികസനനേട്ടങ്ങളുടെ പട്ടികകൾ പരിശോധിച്ചാൽ ഒരു പരിധിവരെ ഇത് അംഗീകരിക്കാം. എന്നാൽ സർക്കാരിന്റെ വികസനനേട്ടങ്ങൾക്ക് വിഘാതമായി ഭരണഘടനാസ്ഥാപനമായ സി.എ.ജി നിൽക്കുന്നുവെന്ന് ഒരു മന്ത്രി വിലയിരുത്തുമ്പോൾ അതിന് മറ്റൊരു മാനമുണ്ടാകുന്നു. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ എന്ന സ്ഥാപനം ഭരണഘടനാനുസൃതമായി രാഷ്ട്രപതിയാൽ നിയമിക്കപ്പെട്ടതാണ്. ആ നിലയ്‌ക്ക് നോക്കുമ്പോൾ ജനാധിപത്യസംവിധാനത്തിൽ ഗൗരവമേറിയ ചോദ്യങ്ങളുയർത്തുന്ന നീക്കങ്ങളാണ് പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തിൽ അരങ്ങേറിയത്. മസാല ബോണ്ടുകൾ വഴിയുള്ള വിദേശ കടമെടുപ്പുകളുടെ മൊത്തം തിരിച്ചടവും സർക്കാരിന്റെ തനത് റവന്യൂ വിഭവങ്ങൾ വഴിയായതിനാൽ ഇവ ഭരണഘടനാവ്യവസ്ഥകളുടെ ലംഘനവും കേന്ദ്രത്തിന്റെ അധികാരത്തിന്മേലുള്ള സംസ്ഥാനത്തിന്റെ കടന്നുകയറ്റവുമായി കാണണം എന്നാണ് സി.എ.ജി കിഫ്ബിയെ വിമർശിച്ചത്. സി.എ.ജിയുടെ ഏറെ ശ്രദ്ധിക്കപ്പെടേണ്ട നിരീക്ഷണമിങ്ങനെ: " സംസ്ഥാനസർക്കാരിന് കിഫ്ബി വഴി വിദേശ കടമെടുപ്പിന് അവസരം നൽകിയതിനാൽ കിഫ്ബിക്ക് മസാല ബോണ്ടുകളിറക്കാൻ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ നൽകിയ അനുമതിയും ചോദ്യം ചെയ്യപ്പെടാവുന്നതാണ്. ഈ മാതൃക മറ്റ് സംസ്ഥാനങ്ങളും തുടർന്നാൽ കേന്ദ്രസർക്കാരിന്റെ അറിവിൽപ്പെടാതെ രാജ്യത്തിന്റെ ബാഹ്യമായ ബാദ്ധ്യതകൾ ഗണ്യമായി വർദ്ധിക്കാനിടയാക്കും."
സി.എ.ജിയുടെ വിമർശനങ്ങൾ സർക്കാരിന് പറയാനുള്ളത് കേൾക്കാതെയെന്ന് ധനമന്ത്രി തോമസ് ഐസക് പറയുന്നു. നിയമസഭ പാസാക്കിയ കിഫ്ബി നിയമപ്രകാരം സ്ഥാപിതമായതാണ് കിഫ് ബോർഡ് എന്നിരിക്കെ, ആ നിയമം അസ്ഥിരപ്പെടുത്താതെ കിഫ്ബി ഭരണഘടനാവിരുദ്ധമാണെന്ന് പറയാൻ സി.എ.ജിക്കാവില്ലെന്ന് മുൻ ജില്ലാ ജഡ്ജിയും നിയമസഭാ മുൻസെക്രട്ടറിയുമായ വി.കെ. ബാബുപ്രകാശും ചൂണ്ടിക്കാട്ടി. 1971ലെ ഓഡിറ്റ് നിയമത്തിലുള്ള 13 മുതൽ 16 വരെ വകുപ്പുകളനുസരിച്ച് സർക്കാരിന്റെ വിശദീകരണം കേൾക്കാതെ നിരീക്ഷണം നടത്തുന്നതും നിയമവിരുദ്ധമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിലെ കണ്ടെത്തലുകളോട് സർക്കാരിനും ധനമന്ത്രിക്കും വിയോജിപ്പും അതൃപ്തിയുമുണ്ടാവാം. റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ച്, സഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി മുമ്പാകെ അതെത്തുമ്പോൾ ഈ വിയോജിപ്പുകൾ അറിയിക്കുകയുമാവാം.
ഇവിടെ, റിപ്പോർട്ടിന്റെ ഉള്ളടക്കം ഗവർണർക്കു വേണ്ടി സഭയിൽ സമർപ്പിക്കും മുമ്പ് മന്ത്രി വെളിപ്പെടുത്തി. ഇത് കാട്ടി, മന്ത്രിക്കെതിരെ പ്രതിപക്ഷത്തിന്റെ അവകാശലംഘന പരാതി സ്പീക്കറുടെ മുന്നിലെത്തി. മന്ത്രിക്ക് നേരിട്ട് നിയമസഭയുടെ പ്രിവിലജസ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ മുന്നിൽ ഹാജരാകേണ്ടി വരുന്ന അസാധാരണ സാഹചര്യം അങ്ങനെയും ഉരുത്തിരിഞ്ഞു. അവകാശലംഘന പരാതി സഭാസമിതി തള്ളിയെങ്കിലും മന്ത്രിയുടെ ഭാഗത്ത് ഭരണഘടനാ ലംഘനമുണ്ടായെന്ന ആക്ഷേപം, പരാതിക്കാരനായ പ്രതിപക്ഷ അംഗം വി.ഡി. സതീശൻ പോലും പിന്നീട് ഉയർത്തിയില്ലെന്നത് വേറെ കാര്യം.
സി.എ.ജി റിപ്പോർട്ടിലെ നിരീക്ഷണം മന്ത്രിയെ ഒട്ടൊന്നുമല്ല പ്രകോപിപ്പിച്ചത് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തം, ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വണ്ണം സി.എ.ജിയുടെ കിഫ്ബി വിമർശനത്തെ നിരാകരിക്കുന്ന പ്രമേയം മുഖ്യമന്ത്രിയിലൂടെ ധനമന്ത്രി സഭയിലെത്തിച്ച് പാസാക്കിയെടുത്തു എന്നതാണ്. കേന്ദ്ര ഏജൻസികളെ കേന്ദ്രസർക്കാർ രാഷ്ട്രീയമായി ദുരുപയോഗിക്കുന്നുവെന്ന രാഷ്ട്രീയവിമർശനം ഭരണഘടനാസ്ഥാപനമായ സി.എ.ജിയുടെ മേലും ബാധകമാക്കുന്നതിൽ ഒരു തരം അനൗചിത്യമില്ലേ എന്ന ചോദ്യവും ഇവിടെ ഉയരുന്നുണ്ട്. പക്ഷേ കഥയിൽ ചോദ്യമരുത് !
സർക്കാർവാദങ്ങൾ മുഖവിലയ്ക്കെടുത്ത് സി.എ.ജിയുടെ ഓഡിറ്റ് റിപ്പോർട്ട് നിയമപ്രകാരമല്ലെന്ന് സമ്മതിച്ച് കൊടുത്താലും, ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശങ്ങൾ നിരാകരിക്കാൻ സഭയ്ക്കാവില്ലെന്നാണ് വി.കെ. ബാബുപ്രകാശിന്റെ പക്ഷം. അദ്ദേഹം ഈ ലേഖകനോട് പറഞ്ഞത് ഇപ്രകാരം: " സി.എ.ജി റിപ്പോർട്ട് സഭയ്ക്ക് ചർച്ച ചെയ്യാം. നിയമസഭാചട്ടം 118 പ്രകാരം പ്രമേയവും പാസാക്കാം. എന്നാൽ, ഓഡിറ്ര് റിപ്പോർട്ടിലെ ഉള്ളടക്കം നീക്കാൻ സഭയ്ക്കാവില്ല. സഭ ചർച്ചചെയ്ത് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് വിടുകയാണ്. അവിടെ സർക്കാരിന് പരാമർശങ്ങൾ ഒഴിവാക്കാനാവശ്യപ്പെടാം. വേണമെങ്കിൽ റിപ്പോർട്ട് തന്നെ തള്ളാനാവശ്യപ്പെടാം. അല്ലാതെ ഒരു രാഷ്ട്രീയപ്രമേയത്തിലൂടെ സി.എ.ജിയെ പോലൊരു ഭരണഘടനാസ്ഥാപനത്തെ നിരാകരിക്കാൻ സഭയ്ക്കാവില്ല. ചട്ടം 242 സി പ്രകാരം മുഴുവൻ റിപ്പോർട്ടും വേണം പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് കൈമാറാൻ."
സി.എ.ജിയുടെ നടപടിക്കെതിരെ നിയമസഭ കൊണ്ടുവന്നത് കേവലം രാഷ്ട്രീയപ്രമേയം മാത്രമാണെന്ന് നിസാരവത്കരിക്കുകയാണെങ്കിൽ, ന്യായാന്യായങ്ങൾക്ക് പ്രസക്തിയില്ല. നിയമപരമായി സ്വന്തം അസ്തിത്വമുള്ള സ്ഥാപനമെന്ന അർത്ഥത്തിൽ ബോഡി കോർപ്പറേറ്റ് എന്ന് കിഫ്ബിയെ ധനമന്ത്രിയും മറ്റും വിശേഷിപ്പിക്കുന്നുണ്ട്. എന്നാൽ, 1956ലെ കമ്പനി നിയമം ബോഡി കോർപ്പറേറ്റ് എന്നതുകൊണ്ട‌് ഉദ്ദേശിക്കുന്നത് ആ നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ലാത്ത വിദേശകമ്പനികളെയാണ്. 2013ലെ കമ്പനി നിയമഭേദഗതി, കേന്ദ്രസർക്കാർ പ്രത്യേക അറിയിപ്പിലൂടെ ബോഡി കോർപ്പറേറ്റ് എന്ന് പ്രഖ്യാപിക്കുന്ന സ്ഥാപനങ്ങളെയും, കമ്പനി ആക്‌ടിന്റെ നിർവചനത്തിന് കീഴിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് രാഷ്ട്രീയ സമ്പദ് ശാസ്ത്രജ്ഞൻ ഡോ.കെ.ടി. റാംമോഹൻ ഒരു വാരികയിലെ ചോദ്യോത്തര പംക്തിയിൽ ചൂണ്ടിക്കാട്ടുന്നു. അതായത്, പാർലമെന്റ് പാസാക്കിയ പ്രത്യേക നിയമത്തിലൂടെ നിലവിൽ വന്ന സ്ഥാപനങ്ങളെയാണ് ബോഡി കോർപ്പറേറ്റുകളായി റിസർവ് ബാങ്ക് മസാലബോണ്ട് വ്യവസ്ഥകളിൽ അംഗീകരിക്കുന്നത്. കിഫ്ബി സ്ഥാപിക്കപ്പെട്ടത് സംസ്ഥാന നിയമസഭ പാസാക്കിയ നിയമപ്രകാരമാണ്. അതിനാൽ വിദേശനാണയ നിർവഹണ നിയമത്തിന്റെ വകുപ്പുകൾ മാത്രം കണക്കിലെടുത്താണ് , കിഫ്ബി മസാലബോണ്ട് ഇറക്കുന്നതിൽ എതിർപ്പില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയതെന്നാണ് റാംമോഹൻ ചൂണ്ടിക്കാട്ടുന്നത്. റിസർവ് ബാങ്ക് ഇതുമായി ബന്ധപ്പെട്ട് കൈമാറിയ എല്ലാ രേഖകളും ധനവകുപ്പ് പുറത്തുവിട്ടിട്ടില്ല. അപ്പോൾ നിക്ഷ്‌പക്ഷമതികളിൽ ചില സന്ദേഹങ്ങൾ ഉടലെടുത്താൽ കേവലം വികസനത്തിന്റെ രാഷ്‌ട്രീയം മാത്രം പറഞ്ഞ് അതിനെ അടിച്ചിരുത്തുന്നത് യുക്തിസഹമാകുമോ?