trivandram-central-press

തിരുവനന്തപുരം: അച്ചടി വകുപ്പിനു കീഴിലുള്ള തിരുവനന്തപുരത്തെ സെൻട്രൽ പ്രസിൽ പുതിയ തസ്തിക സൃഷ്ടിച്ച് അനധികൃത നിയമനത്തിന് നീക്കമെന്ന് ആക്ഷേപം. സർക്കാർ ഗസറ്റുകൾ അച്ചടിയ്ക്കാൻ വേണ്ടി തയ്യാറാക്കി ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുന്ന വിഭാഗമായ ഇ -കംപോസ് ഐ.ടി സെൽ വിഭാഗത്തിലേക്കാണ് പ്രോജക്‌ട് മാനേജർ എന്ന പുതിയ തസ്തിക സൃഷ്ടിച്ച് നിയമനം നടത്താൻ അച്ചടിവകുപ്പ് ഡയറക്ടർ സർക്കാരിന് ശുപാർശ നൽകിയത്.

ഇ-കംപോസ് ഐ.ടി സെൽ വിഭാഗത്തിന്റെ ജോലികൾക്കായി കമ്പ്യൂട്ടർ പരിജ്ഞാനമുള്ള രണ്ട് ജീവനക്കാരെ സെൻട്രൽ പ്രസിൽ നിന്നും തിരഞ്ഞെടുക്കയാണ് പതിവ്. ഇതിനു വേണ്ടി ഒരു വർഷം കൊച്ചിയിൽ ട്രെയിനിംഗും നൽകും. ഈ ജോലിക്ക് പ്രത്യേകം പോസ്റ്റോ അധിക ശമ്പളമോ ഇല്ല. എന്നാൽ ഇപ്പോൾ ഇ -കംപോസ് ഐ.ടി വിഭാഗത്തിലുള്ള ഈ രണ്ട് ജീവനക്കാരെ നിയന്ത്രിക്കാനെന്ന് പറഞ്ഞാണ് സാങ്കേതിക പരിജ്ഞാനമുള്ള പ്രോജക്ട് മാനേജർ എന്ന തസ്തിക സൃഷ്ടിച്ചിരിക്കുന്നത്.

ഇത്രയും വർഷം ഈ ജോലികൾ സുഗമമായി നടന്നുകൊണ്ടിരുന്നിട്ടും വ്യക്തി താത്പര്യങ്ങൾക്കു വേണ്ടിയാണ് പുതിയ നിയമനമെന്നാണ് ആക്ഷേപം. നിലവിൽ ഹയർ സെക്കൻഡറി ഡിപ്പാർട്ട്മെന്റിൽ അദ്ധ്യാപക ജോലി ചെയ്യുന്ന വ്യക്തിയെയാണ് ഡെപ്യൂട്ടേഷൻ നിയമനം വഴി കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് മാനേജർ തസ്തികയിലേക്ക് പരിഗണിച്ചിരിക്കുന്നത്.

1ലക്ഷം രൂപ വരെ ഇവർക്ക് ശമ്പളം നൽകാമെന്നും ശുപാർശയിൽ പറയുന്നുണ്ട്. ജോലി കുറവുള്ള ഈ വിഭാഗത്തിൽ ഉയർന്ന ശമ്പളിത്തിൽ ഒരാളെ നിയമിക്കുന്നത് സർക്കാരിനും അച്ചടിവകുപ്പിനും അധിക ചെലവാണ്.

സാധാരണ കരാർ അടിസ്ഥാനത്തിൽ ജോലിയ്ക്കെടുക്കുന്നവരുടെ ശുപാർശ സർക്കാരിന് നൽകന്നത് പ്രസിലെ സെക്ഷൻ ഓഫീസ് വഴിയാണ്.എന്നാൽ പുതിയ നിയമനത്തിന് തടസമാകുമെന്ന വിലയിരുത്തലിൽ ഡയറക്ടർ രഹസ്യമായാണ് ഫയൽ സർക്കാരിലേക്ക് സമർപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.