തിരുവനന്തപുരം: പരാതിക്കാരിയായ വൃദ്ധയെ അപമാനിച്ചെന്ന ആരോപണം വസ്തുതയ്ക്ക് നിരക്കാത്തതാണെന്നും സംഭവത്തിന്റെ ഒരു വശം മാത്രം പെരുപ്പിച്ച് കാണിക്കുകയാണെന്നും വനിത കമ്മിഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ അറിയിച്ചു. അദ്ധ്യക്ഷയ്ക്കു വേണ്ടി കമ്മിഷൻ പുറത്തിറക്കിയ പ്രസ്താവനയിലാണ് വിശദീകരണം. 89കാരിയായ പരാതിക്കാരിക്കെതിരെ മോശമായി പെരുമാറിയിട്ടില്ല. ഫോൺ വിളിച്ചയാളുടെ ആശയവിനിമത്തിലെ അവ്യക്തതയാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായത്.
വാർത്തയിൽ സൂചിപ്പിക്കുന്ന ലക്ഷ്മിക്കുട്ടിയമ്മയുടെ അയൽവാസി മർദ്ദിച്ചെന്നുള്ള പരാതിയിൽ നിയമനടപടികൾ നടന്നുകൊണ്ടിരിക്കകയാണ്. ഈ സാഹചര്യത്തിൽ വനിതാ കമ്മിഷൻ അദ്ധ്യക്ഷയെ വിളിച്ച്, കേസ് സംബന്ധമായ കാര്യം സംസാരിക്കേണ്ട ആവശ്യമില്ലാത്തതാണ്.
അദ്ധ്യക്ഷ ഉദ്ദേശിച്ചത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓരോ വാർഡിലും പ്രവർത്തിക്കുന്ന ജാഗ്രതാസമിതിയുടെയും സ്ഥലം എം.എൽ.എയുടെയും മുന്നിൽ വിഷയം കൊണ്ടുവന്നോ എന്നാണ്. എല്ലാ പരാതികളും ഓർത്തുവയ്ക്കാൻ സാധിക്കില്ല. പരാതിക്കാരിയെ അധിക്ഷേപിച്ചിട്ടില്ലെന്നും കുറിപ്പിൽ വിശദീകരിക്കുന്നു.