nature-friendly

തിരുവനന്തപുരം: ഗ്രീൻ പ്രോട്ടോക്കൾ (ഹരിത ചട്ടം)​ പാലിച്ച് പ്രവർത്തിക്കുന്ന സംസ്ഥാനത്തെ പതിനായിരം സർക്കാർ ഓഫീസുകൾ ഹരിത ഓഫീസുകളായി. ഇത് സംബന്ധിച്ച പ്രഖ്യാപനം നാളെ രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ശേഖരിച്ച‌ അജൈവ മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറിയതിനുള്ള പ്രതിഫല തുക ഹരിതകർമസേനകൾക്ക് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. ഓൺലൈനായി നടക്കുന്ന ചടങ്ങിൽ മന്ത്രി എ.സി. മൊയ്തീൻ അദ്ധ്യക്ഷനാകും.

ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും കിലയുടെയും ഔദ്യോഗിക ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും പരിപാടി തത്സമയം കാണാനാവും.
തുടർന്ന് ഹരിതകർമസേനകൾ ശേഖരിച്ച അജൈവ മാലിന്യങ്ങൾക്കുള്ള പ്രതിഫലം ചെക്കായി നൽകുന്ന ചടങ്ങ് അതതു തദ്ദേശ സ്ഥാപനങ്ങളിൽ നടക്കും. ഹരിതചട്ടം പാലിക്കുന്ന ഓഫീസിനു നൽകുന്ന സാക്ഷ്യപത്ര സമർപ്പണവും പ്രഖ്യാപനവും പ്രതിജ്ഞയും ഹരിത ഓഫീസുകളിൽ നടക്കും.