sivafla

മുടപുരം: 10 ദിവസക്കാലം നീണ്ടു നിൽക്കുന്ന ശിവകൃഷ്ണപുരം ശിവകൃഷ്ണ ക്ഷേത്രത്തിലെ രോഹിണി-അത്തം മഹോത്സവത്തിന് തൃക്കൊടികളേറി. ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ വാദ്യമേളങ്ങളുടെയും വായ്ക്കുരവകളുടെയും അകമ്പടിയോടെ ക്ഷേത്ര മേൽശാന്തി ബിജുമോഹൻ പോറ്റിയുടെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. രണ്ടു ശ്രീകോവിലുകളുള്ള ക്ഷേത്രത്തിൽ ബിജുമോഹൻ പോറ്റി, വിനീത് പോറ്റി എന്നിവരാണ് തൃക്കൊടികൾ ഉയർത്തിയത്.
രണ്ടാം ഉത്സവ ദിവസമായ ഇന്ന് രാവിലെ 5 മുതൽ നിത്യവും നടത്തുന്ന പൂജകളും ക്ഷേത്ര ചടങ്ങുകളും ആരംഭിക്കും. 6 ന് മഹാസുദർശന ഹോമം, 8.30 ന് ശ്രീഭൂതബലി തുടർന്ന് പന്തീരടി പൂജ,10ന് കളഭാഭിഷേകം, വൈകിട്ട് 5.30 ന് കാഴ്ച ശീവേലി തുടർന്ന് പൂമൂടൽ, പുഷ്പാഭിഷേകം, സന്ധ്യാ ദീപാരാധന, 6.30 ന് ദുർഗാ പൂജ,ഭഗവതി സേവ, 7.30 ന് അത്താഴപൂജ, അത്താഴ ശീവേലി, താലപ്പൊലി വിളക്ക് തുടർന്ന് അർദ്ധയാമ പൂജ.