തിരുവനന്തപുരം: ദേശീയ പോളിയോ നിർമാർജന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്യൂണൈസേഷൻ 31ന് നടക്കും. അഞ്ചു വയസിന് താഴെ പ്രായമുള്ള 24,49,222 കുട്ടികൾക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകുമെന്ന് മന്ത്രി ശൈലജ അറിയിച്ചു. രാവിലെ 8 മുതൽ വൈകിട്ട് 5 മണി വരെയാണ് പോളിയോ പ്രതിരോധ തുള്ളി മരുന്ന് വിതരണം ചെയ്യുന്നത്. ഇതിനായി 24,690ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. രോഗപ്രതിരോധ വാക്‌സിനേഷൻ പട്ടിക പ്രകാരം പോളിയോ പ്രതിരോധ മരുന്ന് നൽകിയിട്ടുള്ള കുട്ടികൾക്കും പൾസ് പോളിയോ ദിനത്തിൽ പ്രതിരോധ തുള്ളിമരുന്ന് നൽകണം.
പോളിയോ പ്രതിരോധ മാനദണ്ഡങ്ങളും കൊവിഡ് മാർഗനിർദ്ദേശങ്ങളും പൂർണമായും പാലിച്ചായിരിക്കും തുള്ളി മരുന്ന് വിതരണം.
തുള്ളിമരുന്ന് എവിടെ ലഭിക്കും ?
അങ്കണവാടികൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ, ആരോഗ്യകേന്ദ്രങ്ങൾ, വായനശാല, വിമാനത്താവളം, ബോട്ടുജെട്ടി, റെയിൽവേ സ്‌റ്റേഷനുകൾ തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും ബൂത്തുകൾ സ്ഥാപിച്ച് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കും. അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ 5 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കുന്നതിനായി മൊബൈൽ യൂണിറ്റുകൾ എത്തും.
മറക്കാതെ കൊടുക്കാം
കുട്ടികളുടെ നാഡീവ്യൂഹത്തെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് പോളിയോ. 2011ൽ ഇന്ത്യ പോളിയോ വിമുക്തമായെങ്കിലും അയൽ രാജ്യങ്ങളായ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനാലാണ് വാക്‌സിനേഷൻ നൽകുന്നത്. പനി,ഛർദി, വയറിളക്കം, പേശിവേദന എന്നിവയാണ് പോളിയോ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. രോഗബാധയുണ്ടായാൽ ശരീരത്തിന്റെ ഏതെങ്കിലും ഭാഗങ്ങൾ തളർന്നു പോകാൻ സാദ്ധ്യതയുണ്ട് പ്രധാനമായും കൈകാലുകളിൽ ആണ് വൈകല്യം ഉണ്ടാകുന്നത്.
31ന് വാക്‌സിൻ ലഭിക്കാത്ത കുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് വോളന്റിയർമാർ വീടുകളിൽ പോളിയോ തുള്ളിമരുന്ന് എത്തിക്കണമെന്ന് നിദേശിച്ചിട്ടുണ്ട്. എല്ലാവരും ഇതിൻെറ ഭാഗമാകണം.
- മന്ത്രി കെ.കെ.ശൈലജ