lp-record

തിരുവനന്തപുരം: ഗ്രാമഫോണിലൂടെ സംഗീതാസ്വാദകരുടെ പ്രാണനിൽ അലിഞ്ഞുചേർന്ന വിനൈൽ റെക്കോർഡ് തിരിച്ചുകൊണ്ടുവരാനൊരുങ്ങി സംഗീതകൂട്ടായ്മ. സംഗീതജ്ഞൻ ദേവരാജൻ മാഷിന്റെ മാന്ത്രികസ്പർശമുള്ള എട്ട് ഗാനങ്ങളുമായാണ് 'താമരപ്പൂക്കളും ഞാനും' എന്ന പേരിൽ എൽ.പി റെക്കോർഡ് പുറത്തിറങ്ങുന്നത്. സ്വരം മ്യൂസിക്സ് പുറത്തിറക്കുന്ന ആൽബത്തിൽ വയലാർ രാമവർമ, പി.ഭാസ്കരൻ, ഒ.എൻ.വി കുറുപ്പ്, ശ്രീകുമാരൻ തമ്പി, കെ.ജയകുമാർ, ഏഴാച്ചേരി രാമചന്ദ്രൻ എന്നിവർ രചിച്ച് ദേവരാജൻ മാഷ് ഈണം നൽകിയ ഗാനങ്ങൾ കേൾക്കാം. 1987ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് എൽ.പി റെക്കോർഡ് പുറത്തിറങ്ങുന്നത്.

എൽ.പി റെക്കോർഡ് പ്രേമികളുടെ കൂട്ടായ്മയായ 'ഗ്രാമഫോൺ ആൻഡ് മ്യൂസിക് ലവേഴ്സ്' വാട്സാപ്പ് ഗ്രൂപ്പിന്റെ ആഗ്രഹമാണ് സ്വരം മ്യൂസിക്സിന്റെ അമരക്കാരനും വാട്ടർ അതോറിറ്റി ജീവനക്കാരനുമായ എം.ആർ അനിൽ രാജ് നിറവേറ്റുന്നത്. 2002ൽ സ്വരം മ്യൂസിക് പുറത്തിറക്കിയ 'പ്രണയത്തിന്റെ ദേവരാഗങ്ങൾ' എന്ന കാസറ്റിലെ പാട്ടുകളാണ് ഉപയോഗിക്കുന്നത്. ഇതറിഞ്ഞ് വയലാർ രാമവർമയുടെ മക്കളും ദേവരാജൻ മാഷിന്റെ കുടുംബവും ഫോണിൽ അനിൽ രാജിനെ അഭിനന്ദിച്ചു.

പ്രകാശനം ഇന്ന് വൈകിട്ട് അഞ്ചിന് ഭാരത് ഭവനിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി കെ. ജയകുമാറിന് നൽകി നിർവഹിക്കും. പന്ന്യൻ രവീന്ദ്രൻ, കവി ഏഴാച്ചേരി രാമചന്ദ്രൻ, ഗായകൻ കല്ലറ ഗോപൻ തുടങ്ങിയവർ പങ്കെടുക്കും.

കടൽ കടന്നെത്തി

ഇന്ത്യയിൽ എൽ.പി റെക്കോർഡുകളുടെ നിർമാണമില്ല. ഹോങ്കോംഗിൽ നിന്നാണ് 300 എൽ.പി റെക്കോർഡുകൾ എത്തിച്ചത്. ഒരു റെക്കോർഡിന് 1500 രൂപയോളം വില. നാലര ലക്ഷം രൂപ വേണ്ടിവന്നു.

 'താമരപ്പൂക്കളും ഞാനും'

ദേവരാജൻ മാഷിന് പ്രിയപ്പെട്ടതായിരുന്നു വയലാറിന്റെ 'റിയലിസവും റിയാലിറ്റി'യും എന്ന കവിത. അതിലെ വരികൾ സ്വീകരിച്ചാണ് 'താമരപ്പൂക്കളും ഞാനും' എന്ന ഗാനം ചിട്ടപ്പെടുത്തിയത്. പി.എ ബക്കറിന്റെ സിനിമയ്ക്കായി ചിട്ടപ്പെടുത്തിയതാണെങ്കിലും സിനിമ വെളിച്ചം കണ്ടില്ല. സ്വരം മ്യൂസിക്സിന്റെ 'പ്രണയത്തിന്റെ ദേവരാഗങ്ങൾ' എന്ന ആൽബത്തിൽ മാഷ് ഗാനം ഉൾപ്പെടുത്തുകയായിരുന്നു.