ഫാസിൽ സംവിധാനം ചെയ്ത നോക്കെത്താദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി നദിയാ മൊയ്തു അഭിനയരംഗത്ത് എത്തിയിട്ട് 37 വർഷം
മുപ്പത്തിയേഴുവർഷം പഴക്കമുണ്ട് ഈ കഥയുടെ ആദ്യ ഭാഗത്തിന്.മുംബയ് യിൽ ടാറ്റ കമ്പനിയിൽ ഉദ്യോഗസ്ഥനായ തലശേരിക്കാരൻ എൻ. കെ . മൊയ്തുവിന്റെ വീട്ടിൽ കുടുംബസുഹൃത്തായ നാസറിന്റെ സഹോദരൻ ഖയസ് എത്തുന്നു.ഗൾഫിൽനിന്ന് ഖയസ് ആദ്യമായി മൊയ് തുവിന്റെ വീട്ടിൽ വരികയാണ്. തന്റെ മറ്റൊരു സഹോദരൻ സിനിമയ്ക്ക് തിരക്കഥ എഴുതുകയാണെന്നും നായികയായി അഭിനയിക്കാൻ പുതിയ പെൺകുട്ടിയെ തേടുകയാണെന്നും പറഞ്ഞു.മൊയ്തുവിന്റെ ഭാര്യയും ടാറ്റ കമ്പനിയിൽ ഉദ്യോഗസ്ഥയുമായ ലളിതയെയും പെൺമക്കളായ സെറീനയെയും ഹസീനയെയും ഖയസ് പരിചയപ്പെട്ടു. മൊയ്തുക്കയുടെ മക്കളെ കണ്ടിട്ടുണ്ടെന്നും മൂത്ത മകൾക്ക് സിനിമയിൽ ഇതേവരെ കാണാത്ത മുഖഛായയാണെന്നും നാട്ടിൽ എത്തിയ ഖയസ് ജ്യേഷ്ഠ സഹോദരനോട് പറഞ്ഞു.അടുത്ത ദിവസം തന്നെ മുംബയിലെത്തിആ പെൺകുട്ടിയെ കണ്ട ജ്യേഷ്ഠ സഹോദരൻ വെള്ളിത്തിരയിൽ സംവിധായകൻ ഫാസിൽ എന്ന പേരിൽ അറിയപ്പെടും. നോക്കെത്താദൂരത്ത് കണ്ണും നട്ട് എന്ന ആ ഫാസിൽ ചിത്രത്തിലൂടെ സെറീന മൊയ്തു നദിയ മൊയ്തുവായി പ്രേക്ഷകർക്ക് മുൻപിൽ എത്തി.ഗേളി എന്ന കഥാപാത്രത്തെ മലയാളി ഇപ്പോഴും സ് നേഹിക്കുന്നു.നായകൻ മോഹൻലാൽ.ചരിത്ര വിജയം സൃഷ്ടിച്ച സിനിമ. നോക്കെത്താദൂരത്ത് കണ്ണുംനട്ട് തമിഴിൽ റീമേക്ക് ചെയ്തപ്പോൾ ഫാസിൽ ഗേളിയുടെ പേര് മാറ്രിയെങ്കിലും നായിക നദിയ തന്നെ. തമിഴിലും നദിയയെ കാത്തിരുന്നത് സൂപ്പർ ഹിറ്റുകൾ.ബസാർറൗഡിയിലൂടെ തെലുങ്ക് പ്രവേശം.മലയാളത്തിൽ സൂപ്പർ നായികയായി തിളങ്ങുന്ന സമയത്ത് സിരീഷ് ഗോഡ് ബോളി എന്ന നാഗപ്പൂരുകാരനെ വിവാഹം കഴിച്ചു നദിയ യു എസിനു പറന്നു
.ഇരുപത്തിയേഴുവർഷം പഴക്കമുണ്ട് ഈ കഥയുടെ രണ്ടാം ഭാഗത്തിന്. വധു ഡോക്ടറാണ് എന്ന ചിത്രത്തിൽ അഭിനയിച്ചു നദിയ മലയാളത്തിൽ തിരിച്ചുവരവ് നടത്തി.ആ വരവിലും നദിയെ കാത്തിരുന്നു സിനിമകൾ.
പതിനേഴുവർഷം പഴക്കമുണ്ട് കഥയുടെ മൂന്നാം ഭാഗത്തിന്. തമിഴ് ചിത്രമായ എം. കുമരൻ സൺ ഒഫ് മഹാലക്ഷമി യിൽ ജയംരവിയുടെ അമ്മ വേഷത്തിൽ തിളങ്ങുന്ന നദിയയെയാണ് അപ്പോൾ കണ്ടത്. ലോക് ഡൗണിൽ ഒ.ടി. ടി പ്ളാറ്റ് ഫോമിൽ എത്തിയ മിസ് ഇന്ത്യയിൽ കീർത്തി സുരേഷിന്റെ അമ്മ വേഷത്തിൽ മികച്ച പ്രകടനം .ഞങ്ങളുടെ അമ്മയായി വരുമ്പോഴാണ് കൂടുതൽ സൂപ്പറെന്ന് പെൺമക്കളായ സനവും ജാനയും പറയുന്നതു കേൾക്കുമ്പോൾ നദിയ നിറഞ്ഞു ചിരിക്കും.
ഗേളിയുടെ അതേ നോട്ടം, ചിരി, പ്രായം തോന്നുന്നില്ല?
പപ്പയുടെയും അമ്മയുടെയും ജനിറ്റിക് ജീൻ എനിക്കും സഹോദരിക്കും കിട്ടിയിട്ടുണ്ട്. കാത്തുസൂക്ഷിക്കാൻ കഴിയുന്നതാണ് സൗന്ദര്യമെന്ന് വിശ്വസിക്കുന്നു. ഭക്ഷണ കാര്യത്തിൽ ശ്രദ്ധിക്കാറുണ്ട്. വ്യായാമം മുടക്കാറില്ല. പ്രായമായ ആളുകളോട് സംസാരിക്കുമ്പോൾ ലഭിക്കുന്ന അനുഭവങ്ങൾ സൂക്ഷിക്കാറുണ്ട്. വിശാലമായ ചിന്താഗതിയാണ്. എല്ലാം സ്വീകരിക്കാൻ പാകമായതാണ് മനസ് . സന്തോഷത്തെയും വിഷമത്തെയും ഒരേപോലെ കാണുന്നു.ചിരി എപ്പോഴും എന്റെ കൂടെത്തന്നെയുണ്ട്.
ലണ്ടനിലും യു.എസിലും ജീവിച്ചപ്പോൾ തിരിച്ചുവരാൻ മുംബയ് നഗരം എത്ര പ്രാവശ്യം വിളിച്ചു?
മുംബയിലാണ് എന്റെ വേരുകൾ. ജനിച്ചതും വളർന്നതും മുംബയിൽ. ചെമ്പൂരിൽ പപ്പയും അമ്മയും ബാന്ദ്രയിൽ ഞങ്ങളും താമസിക്കുന്നു. അമ്മയുടെ നാട് തിരുവല്ല ആണ്. എന്റെ സുഹൃത്തുക്കൾ എല്ലാവരും മുംബയിൽത്തന്നെ. തിരിച്ചു വരുമെന്ന് കരുതിയില്ല. സിരീഷിന്റെ ജോലിയുടെ ഭാഗമായി വന്നു. പപ്പയ്ക്കും അമ്മയ്ക്കും പ്രായമായതിനാൽ അവർക്ക് കൂടുതൽ സ്നേഹവും പരിചരണവും കൊടുക്കേണ്ട സമയം. മക്കൾക്ക് ചെറിയ പ്രായം . അവർക്ക് പപ്പയുടെയും അമ്മയുടെയും സ്നേഹം വേണം. തിരിച്ചും കൊടുക്കുകയും വേണം. ആ നല്ല ഗുണങ്ങൾ എല്ലാം ലഭിച്ചു. തിരിച്ചുവന്നതിൽ സിരീഷും ഞാനും ഏറെ സന്തോഷിക്കുന്നു. വേര് ആഴ്ന്നു നിൽക്കുന്ന മണ്ണിലല്ലേ നിൽക്കേണ്ടത്.മുംബയ് നഗരത്തിൽ നിന്ന് ലഭിക്കുന്ന സ്വാതന്ത്ര്യവും സുരക്ഷിതത്വവും മറ്റെങ്ങും ലഭിക്കില്ല. വേറൊരു നഗരത്തിൽനിന്ന് വരുന്നവർക്കും ഗ്രാമത്തിൽ നിന്ന് ആദ്യമായി എത്തുന്നവർക്കും ആദ്യം മുംബയ് നഗരം ബുദ്ധിമുട്ടായി തോന്നുമെങ്കിലും ഇവിടത്തെ കാറ്റ് പിടിച്ചാൽ പിന്നേ വിട്ടുപോവില്ല.
മുംബയിൽ ജനിച്ചുവളർന്നിട്ടും ബോളിവുഡ് സിനിമയിൽ ഇതുവരെ അഭിനയിച്ചില്ല?
നോക്കെത്താദൂരത്ത് കണ്ണുംനട്ടിൽ അഭിനയിച്ച് മൂന്നുവർഷം സിനിമയിൽ സജീവമായി നിന്നു. ആ സമയത്ത് നാല് ഹിന്ദി ചിത്രങ്ങളിൽ നിന്ന് അവസരം ലഭിച്ചു. അപ്പോൾ തെന്നിന്ത്യൻ സിനിമയിൽ ഏറെ തിരക്കുണ്ട്. അവിടെ നല്ല പ്രശസ്തിയും സ്ഥാനവും ലഭിക്കുന്നതിനാൽ അത് ഉപേക്ഷിച്ച് ബോളിവുഡിൽ പോവാൻ ആഗ്രഹം തോന്നിയില്ല. വിവാഹത്തിന് അല്പം മുൻപാണ് മേനേ പ്യാർ കിയയിൽ അഭിനയിക്കാൻ വിളിച്ചത്.ബോളിവുഡ് സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ കുടുംബജീവിതത്തിന് പ്രാധാന്യം നൽകി. ബോളിവുഡ് സിനിമ ചെയ്യാൻ ഇപ്പോഴും ആഗ്രഹമില്ല. എന്നാൽ നല്ല ഒരു അവസരം വന്നാൽ ചെയ്യും. ഇപ്പോൾ തെന്നിന്ത്യൻ താരങ്ങൾ ഹിന്ദി സിനിമയിൽ അഭിനയിക്കുന്നു. ഞാൻ അഭിനയിച്ച തെലുങ്ക് ചിത്രങ്ങളിൽ ബോളിവുഡ് താരങ്ങളുണ്ട്.ഭാഷാഭേമില്ലാതെ സഞ്ചരിക്കാൻ ഒരു നല്ലപാലം പണികഴിപ്പിച്ചിട്ടുണ്ട്.
സെറീന എന്ന് വിളിക്കുന്നവർ
ഇപ്പോഴുമുണ്ടോ?
ഞാൻ ഇപ്പോഴും സെറീന തന്നെ . സെറീന എന്റെ കൂടെ ജനിച്ചുവളർന്ന ആളാണ്. സിനിമയ്ക്ക് പുറത്തുള്ള സുഹൃത്തുകൾ സെറീന എന്ന് വിളിക്കുന്നു. അവർക്ക് നദിയയെ അറിയില്ല.ഞാൻ എന്നെ പരിചയപ്പെടുത്തുന്നതും സെറീനയായാണ്.
സിനിമയിൽ മാത്രം ആണ് നദിയ. സെറീനയുടെയും നദിയയുടെയും ജീവിതം രണ്ടാണ്.ഫാസിൽ സാറിന്റെ സഹോദരൻ നാസർ അങ്കിളിന്റെ ഭാര്യ നീസ ആന്റി ആണ് നദിയ എന്ന പേര് നിർദ്ദേശിച്ചത്. മൈ ഡ്രീം കം ട്രൂ എന്ന് ചില ആളുകൾ പറയാറുണ്ട്. ഞാൻ അങ്ങനെ പോലും സ്വപ്നം കണ്ടില്ല.എന്നിട്ടും സിനിമയിൽ എത്തി. അന്ന് മുംബയ് ജെ.ജെ. സ്കൂൾ ഒഫ് ആർട്സിൽ രണ്ടാംവർഷം വിദ്യാർത്ഥി. യു എസിൽ എത്തിയപ്പോൾ രണ്ടുവർഷത്തെ ന്യൂസ് ആൻഡ് ബ്രോഡ് കാസ്റ്റിംഗ് കോഴ്സ് ചെയ്തു. അവിടെ ഒരു ജോലി ചെയ്യുക എന്നതല്ല ഞാൻ ബിസിയാകണമെന്ന് സിരീഷ് ആഗ്രഹിച്ചു.
2020 ജീവിതത്തിന് നൽകിയ പാഠം, കാഴ്ചകൾ എന്താണ്?
ക്ഷമ എന്നത് മനുഷ്യൻ പഠിച്ചു. മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കാൻ കഴിയുമെന്ന് പഠിക്കാനും സാധിച്ചു. വീട്ടിൽ ഇപ്പോൾ സഹായികളാരുമില്ല. എല്ലാം ഞങ്ങൾ രണ്ടുപേരും ചേർന്ന് ചെയ്യാൻ തുടങ്ങി. ആളുകളെ തിരിച്ചറിയാൻ കഴിഞ്ഞു.ഒപ്പം ഉള്ളവർ, സ്നേഹിക്കുന്നവർ, സഹായിക്കുന്നവർ എല്ലാവരെയും തിരിച്ചറിയാൻ സാധിച്ചു. മാതാപിതാക്കളെ കാണാൻ കഴിയാത്ത സമയമായിരുന്നു. ഇൗ ഘട്ടത്തിലൂടെ കടന്നുപോയ ഒരുപാട് മക്കളുണ്ട്. ചിലത് നമുക്ക് നിയന്ത്രിക്കാൻ കഴിയില്ലെന്നും വെറും നിസഹായകരാണ് മനുഷ്യനെന്ന തിരിച്ചറിവും ലഭിച്ചു.പലരും കണ്ണ് തുറന്നു. തിരിച്ചറിഞ്ഞവർ അത് മറന്നുപോകാതെ ജീവിക്കാൻ ശ്രമിക്കുക.
സമൂഹമാദ്ധ്യമത്തിന്റെ ഭാഗമായതും ഇൗ സമയത്താണ്. ഇതിന്റെ ഭാഗമാവണോ വേണ്ടയോ എന്ന് കുറേനാൾ ആലോചിച്ചിട്ടുണ്ട്.
പുതിയ സിനിമയിലെല്ലാം അമ്മ വേഷത്തിൽ തിളങ്ങുകയാണല്ലേ?
മാം എന്നാണ് എല്ലാവരും വിളിക്കുന്നത്. തമാശ പറഞ്ഞു അവർ സന്തോഷിപ്പിക്കുന്നു. അവരുടെ പ്രായമുള്ള ആളെപോലെ കാണുന്നു.ഞാൻ അത് ഏറെ ആസ്വദിക്കുകയും ചെയ്യുന്നു. പ്രഭാസിന്റെ അമ്മയുമായി.കീർത്തിയോടൊപ്പം അഭിനയിക്കുമ്പോൾ സംസാരിക്കാൻ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു.മേനക എന്റെ പ്രിയ സുഹൃത്താണ്.അമ്മ കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നതെങ്കിലും എല്ലാവരും നല്ല സുഹൃത്തുക്കൾ.
കുടുംബ ജീവിതത്തിന് പ്രാധാന്യം നൽകാൻ പ്രത്യേകം ശ്രദ്ധിച്ചല്ലേ?
വിവാഹത്തിന് മുൻപേ സിരീഷിനെ അറിയാം.സിനിമയിൽ പ്രശസ്തിയിൽ നിൽക്കുമ്പോഴാണ് വിവാഹമെന്നും പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്നുണ്ടെന്നും പറഞ്ഞു സിരീഷ് നൽകിയ പ്രോത്സാഹനത്തിലാണ് എം. കുമരൻ ചെയ്തത്.അമേരിക്കൻ കമ്പനിയുടെ ഇന്ത്യൻ വിഭാഗത്തിലാണ് സിരീഷിന് ജോലി.മൂത്തമകൾ സനത്തിന് 24 വയസായി. ന്യൂയോർക്കിൽ ഡിസ്കവറി ചാനലിൽ ഡിജിറ്റൽ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഇളയ മകൾ ജാന ബോസ്റ്റണിൽ ബിസിനസ് ആൻഡ് ഇന്റർപ്രെണറർ രണ്ടാംവർഷ വിദ്യാർത്ഥി. സിനിമയോട് രണ്ടുപേർക്കും താത്പര്യമില്ല. അവരുടെ ചിന്തകളും വേറിട്ടത്.അവരിൽനിന്ന് കുറെ നല്ല കാര്യം പഠിക്കാൻ കഴിഞ്ഞു.അവർക്ക് നല്ല അച്ഛനമ്മമാരെ കിട്ടി. എനിക്ക് സ്നേഹനിധിയായ ഭർത്താവിനെയും. സെറീന മൊയ്തു ഭാഗ്യവതി ആണ് .സനത്തിന് എന്റെ ഛായയുണ്ട്.മൂന്നു പേരും യാത്ര പ്രിയരാണ്. അവർക്കൊപ്പം എത്താൻ എനിക്ക് കഴിയില്ല.ലോക് ഡൗൺ യാത്രയ്ക്ക് ഇടവേള വരുത്തി. ക്രിസ്മസിന് സനവും ജാനയും എത്തും.അവരുടെ വരവിന് വേണ്ടി കാത്തിരിക്കുന്നു. മറാത്തി ആണ് വീട്ടിൽ സംസാരിക്കുന്നത്.സിരീഷിന് ആകെ അറിയുന്ന ഒരു മലയാളം വാക്കുണ്ട്. 'പിന്നേ".