മലയിൻകീഴ് :കാട്ടാക്കട പ്രാഥമിക കാർഷിക ഗ്രാമ വികസന സഹകരണ സംഘം തിരഞ്ഞെടുപ്പിൽ കെ.പി.സി.സി.നിർദ്ദേശിച്ച ലിസ്റ്റിന് വിരുദ്ധമായി മത്സരിച്ച സ്ഥാനാർത്ഥികൾ വിജയിച്ചു.കോൺഗ്രസ് ഭരണം കൈയാളുന്ന സംഘത്തിൽ നിക്ഷേപക,പട്ടികജാതി വിഭാഗങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഐ ഗ്രൂപ്പിനെ തകർത്ത് എ ഗ്രൂപ്പ് എല്ലാ സീറ്റിലും വിജയിച്ചത് കോൺഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഗ്രൂപ്പ് പോര് മറനീക്കി സംഘം തിരഞ്ഞെടുപ്പിലൂടെ പുറത്ത് വന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ്. ഐ ഗ്രൂപ്പിന്റെ 4 സ്ഥാനാർത്ഥികൾക്കെതിരെ വിമത സ്ഥാനാർത്ഥികളുടെ വിജയത്തിന് പിന്നിൽ മുൻ ഭരണസമിതി പ്രസിഡന്റും കെ.പി.സി.സി. അംഗവുമായ ബി.എൻ.ശ്യാംകുമാറാണെന്നാണ് ഐ.ഗ്രൂപ്പ് ആരോപിക്കുന്നത്.12 ജനറൽ,3 വനിത അംഗങ്ങളുടെ ലിസ്റ്റ് അനുസരിച്ച് പി.കെ.എബ്രഹാം, എം.മഹേന്ദ്രൻ,എൽ.രാജരത്നം, പി.രാജശേഖരൻനായർ, എസ്.വിജയചന്ദ്രൻ,ജി.ശരത് ചന്ദ്രൻനായർ,സി.ശശികുമാർ,ബി.സുകുമാരൻ, എ.ഓമനഅമ്മ, കെ.രാധാഭായി,കെ.ബി.ലതകുമാരി എന്നിവരായിരുന്നു സ്ഥാനാർത്ഥികൾ. ഗ്രൂപ്പ് സമവായം അനുസരിച്ചായിരുന്നു കെ.പി.സി.സി.ലിസ്റ്റ് തയ്യാറാക്കി നൽകിയിരുന്നത്.തദ്ദേശ തിരഞ്ഞെടുപ്പിൽ റിബൽ സ്ഥാനാർത്ഥിയായി മത്സരിച്ചതിനെതുടർന്ന് കോൺഗ്രസ് പുറത്താക്കിയ ഗോപൻ എ ഗ്രൂപ്പിന്റെ വിജയിച്ചവരുടെ പട്ടികയിലുണ്ട്.

17 അംഗ ഭരണസമിതിയിൽ നിക്ഷേപക,പട്ടികജാതി വിഭാഗങ്ങളിൽ നിന്ന് രണ്ട് എ ഗ്രൂപ്പ്കാർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ഇവരിൽബി.എൻ.ശ്യാംകുമാർ നിക്ഷേപ വിഭാഗത്തിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.ഐ ഗ്രൂപ്പിൽ നിന്ന് മത്സരിച്ച ഡി.സി.സി. അംഗം ശരത്ചന്ദ്രൻനായർ, ഒറ്റശേഖരമംഗലം മുൻ മണ്ഡലം പ്രസിഡന്റ് കെ.സുകുമാരൻ, മുൻ പഞ്ചായത് അംഗം ഓമനഅമ്മ, ഡി.സി.സി. അംഗം ഇരണിയൽ ശശി എന്നിവർ പരാജയപ്പെടുകയും എ ഗ്രൂപ്പിലെ സനീഷ്,വിനോദ്കുമാർ,ഷീല, വലിയറത്തല ഗോപൻ എന്നിവർ വിജയിക്കുകയും ചെയ്തു.ഐ ഗ്രൂപ്പ് കോൺഗ്രസ് ഉന്നത നേതൃത്വത്തിന് പരാതി നൽകി.