titanium

തിരുവനന്തപുരം: ആത്മസമർപ്പണത്തോടെ കൃഷി ചെയ്താൽ മണ്ണ് ചതിക്കില്ലെന്ന വിശ്വാസത്തോടെ വിത്തെറിഞ്ഞപ്പോൾ മാലിന്യം നിറഞ്ഞ മണ്ണെന്ന് എഴുതിത്തള്ളിയ സ്ഥലത്ത് വിളഞ്ഞത് നൂറുമേനി. ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡാണ് കാമ്പസിനകത്തെ പത്തേക്കർ സ്ഥലത്ത് ജൈവപച്ചക്കറി കൃഷിയുടെ വിജയഗാഥ രചിച്ചത്. ഇതിന് പച്ചക്കറിക്കൃഷി ചെയ്യുന്ന മികച്ച പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കൃഷിവകുപ്പ് നൽകുന്ന പുരസ്‌കാരവും തേടിയെത്തി. ജൈവവൈവിദ്ധ്യ,​ പ്രകൃതി സൗഹൃദ പ്രവർത്തനങ്ങളിലൂടെ പച്ചക്കറി കൃഷി നടത്തി ഭക്ഷ്യോത്പാദനം ഉറപ്പുവരുത്തിയതിനുള്ള അംഗീകാരമാണ് സ്ഥാപനത്തിന് ലഭിച്ചത്.

വർഷങ്ങളായി ഫാക്ടറിയിലെ മാലിന്യം വീണുകിടന്ന സ്ഥലമായതിനാൽ മണ്ണ് ഫലഭൂയിഷ്ടമല്ലായിരുന്നു. ഇത് തിരിച്ചറിഞ്ഞ് കൃഷിവകുപ്പിന്റെ സഹായത്തോടെയാണ് ശാസ്ത്രീയമായി കൃഷിയിറക്കിയത്. നഗരസഭ ഉത്പാദിപ്പിച്ച കമ്പോസ്റ്റാണ് കൃഷിക്ക് ഉപയോഗിച്ചത്. അടുത്ത ഘട്ടത്തിൽ നൂറിനം മാവുകളുള്ള മാന്തോപ്പും കശുഅണ്ടിത്തോട്ടവും 10 സെന്റിൽ മിയാവാക്കി വനവും നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ് ട്രാവൻകൂർ ടൈറ്റാനിയം .

കൃഷി ഇങ്ങനെ...

വെണ്ട, വെള്ളരിക്ക, മത്തൻ, പയർ, പടവലം, ചീര, പാവയ്ക്ക, കാബേജ്, കോളിഫ്‌ളവർ, വിവിധയിനം വാഴകൾ, മഞ്ഞൾ, ചേന, ചേമ്പ്, കരനെല്ല് തുടങ്ങിയ വിളകളാണ് കൃഷി ചെയ്തത്. 25 സെന്റിൽ നെൽകൃഷി നടത്തി. ടൈറ്റാനിയത്തെ പരിസ്ഥിതി സൗഹൃദ കാമ്പസാക്കുന്നതിന് മാവ്, പ്ലാവ്, പേര, നെല്ലി, പപ്പായ, റമ്പൂട്ടാൻ എന്നിങ്ങനെ മൂവായിരത്തോളം ഫലവൃക്ഷങ്ങളും നട്ടു. ആറായിരത്തോളം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച രണ്ട് കുളങ്ങളും ഇവിടെയുണ്ട്.

"സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയാണ് കൃഷിക്ക് പ്രയോജനമായതെന്ന് പറഞ്ഞു. കമ്പനിയിലെ ഒരുകൂട്ടം ജീവനക്കാരുടെ കഷ്ടപ്പാടിന്റെ ഫലമാണ് ഈ അവാർഡ്."
എ.എ. റഷീദ്,ചെയർമാൻ