കടയ്ക്കാവൂർ: കടയ്ക്കാവൂർ പോക്സോ കേസിൽ താൻ നിരപരാധിയാണെന്നും ഭർത്താവും രണ്ടാം ഭാര്യയും കെട്ടിച്ചമച്ച കേസാണിതെന്നും ആരോപണവിധേയയായ മാതാവ് പറഞ്ഞു. മകനെ ഭീഷണിപ്പെടുത്തിയാണ് ലൈംഗികാരോപണം ഉന്നയിച്ചത്. ഭർത്താവിനെതിരെ വിവാഹമോചന കേസ് നൽകിയിരുന്നു. അതിന്റെ വൈരാഗ്യമാണ് കേസിനാധാരമെന്നും ജാമ്യത്തിലിറങ്ങിയ യുവതി മാധ്യമങ്ങളോട് പറഞ്ഞു. പൊലീസിൽനിന്നും മോശം അനുഭവം ഉണ്ടായിട്ടില്ല. മകൻ പരാതി നൽകിയിട്ടുണ്ടെന്നും മൊഴിയെടുക്കാനാണെന്നും പറഞ്ഞാണ് പൊലീസ് ജോലി സ്ഥലത്തുനിന്ന് വിളിച്ചുകൊണ്ടുപോയത്. അവിടെയെത്തിയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തനിക്കൊപ്പം നിൽക്കുന്ന മകനെ കൊണ്ടുപോകാൻ ഭർത്താവ് ശ്രമിച്ചിരുന്നു. അവൻ പോകാൻ തയ്യാറായില്ല. എന്തുവില കൊടുത്തും തന്നെ ജയിലിലാക്കി മകനെ തിരിച്ചുകൊണ്ടുപോകുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയിരുന്നു. മകനേയും ഭീഷണിപ്പെടുത്തി. ഹൈക്കോടതിയുടെ നിർദ്ദേശാനുസരണം നടത്തുന്ന കേസ് അന്വേഷണത്തിൽ നിരപരാധിത്വം തെളിയുമെന്നും, മകനെ കാണാൻ ആഗ്രഹമുണ്ടെന്നും യുവതി പറഞ്ഞു.