തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തതോടെ തലസ്ഥാന നഗരിയിലെ റോഡുനവീകരണവും ശരവേഗത്തിൽ. പത്തോളം റോഡുകളുടെ ടാറിംഗ് അവസാനഘട്ടത്തിലാണ്. അവശേഷിക്കുന്ന ചെറിയ റോഡുകളിൽ അറ്റകുറ്റപ്പണികളും നടക്കുന്നുണ്ട്. തലസ്ഥാനത്തിന് പ്രത്യേക പരിഗണന നൽകണമെന്നുള്ള മന്ത്രിതല നിർദ്ദേശങ്ങളും നവീകരണത്തിന്റെ വേഗത വർദ്ധിപ്പിക്കുന്ന ഘടകമാണ്.
നിർമ്മാണം പൂർത്തിയായ കാര്യവട്ടം തൃപ്പാദപുരം റോഡ് ഫെബ്രുവരി ആദ്യവാരം പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. മൂന്നു കിലോമീറ്ററോളമുള്ള റോഡിന്റെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിക്കുന്നത്. ഫെബ്രുവരി അവസാന വാരമോ മാർച്ച് ആദ്യ വാരത്തോടെയോ മറ്റ് റോഡുകളുടെ ടാറിംഗ് ജോലികൾ പൂർത്തിയാക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. സ്മാർട്ട് സിറ്റി അടക്കമുള്ള പദ്ധതികളിൽ ഉൾപ്പെട്ട പ്രധാന റോഡുകളിലെ കുഴിയടയ്ക്കൽ അടക്കമുള്ള പ്രവൃത്തികൾക്കും ടെൻഡർ നൽകിയിട്ടുണ്ട്. നബാർഡിന്റെ നേതൃത്വത്തിൽ ജഗതിപാലം മുതൽ തിരുമല വരെയുള്ള റോഡിന്റെ നവീകരണവും ആറുമാസത്തിനുള്ളിൽ ആരംഭിക്കും. കരാറുകരുടെ ദൗർലഭ്യവും ഡിസംബർ-ജനുവരി മാസങ്ങളിൽ കാലം തെറ്റിയെത്തിയ മഴയും റോഡ് നവീകരണം വൈകിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രവൃത്തികൾ വേഗത്തിലാക്കാൻ പൊതുമരാമത്ത് വകുപ്പ് നിർദ്ദേശം നൽകിയത്.
നവീകരണം നടക്കുന്ന റോഡുകൾ
കുറവൻകോണം മുക്കോല-വയലിക്കട റോഡ്
ഇടപ്പഴഞ്ഞി-ശാസ്തമംഗലം
ടി.കെ.ഡി റോഡ്
പള്ളിമുക്ക്-തിരുമല-മങ്കാട്ട് കടവ്
കുണ്ടമൺക്കടവ്-പേയാട്
പി.എം.ജി- ലാ കോളേജ്- പൊട്ടക്കുഴി
കവടിയാർ ഗോൾഫ് ലിങ്ക്സ്
വെസ്റ്റ് ഫോർട്ട്- കാഞ്ഞിരവിളാകം
സൗന്ദര്യ വർദ്ധനയ്ക്കും ഫണ്ട്
നഗരത്തിലെ റോഡുകളുടെ സൗന്ദര്യവർദ്ധനയ്ക്കും ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഓടകൾ നിർമിച്ച് ടൈൽ പാകി നടപ്പാതകൾ നിർമ്മിക്കാനും റോഡുവക്കിൽ ഇരിപ്പിടങ്ങളും ഇരുഭാഗത്തും തെരുവുവിളക്കുകളും സ്ഥാപിക്കാനുമാണിത്. ഇതിനൊപ്പം വിദ്യാർത്ഥികളുടെയും കലാകാരന്മാരുടെയും സഹായത്തോടെ ചുവർചിത്രങ്ങൾ ഉൾപ്പെടുത്തി നഗരത്തിലെ റോഡുകൾ സുന്ദരമാക്കും.
കുഴിക്കാൻ വാട്ടർ അതോറിട്ടി
ടാറിംഗ് പൂർത്തിയായ റോഡിലും നവീകരണം ആരംഭിക്കേണ്ട റോഡിലും പൈപ്പിടലിന് കുഴിക്കാനുള്ള അനുമതി തേടി വാട്ടർ അതോറിട്ടി പൊതുമരാമത്ത് വകുപ്പിനെ സമീപിക്കുന്നുണ്ട്. ഇതിനാൽ ടെൻഡർ നൽകിയ പല ജോലികളും വൈകുന്നതായി പരാതിയുണ്ട്. പൂജപ്പുര റൗണ്ടിലടക്കം ഇത്തരം പരാതികൾ നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കുന്നു.