തിരുവനന്തപുരം: എസ്.എ.ടിയിൽ നടന്ന ശസ്ത്രക്രിയയിൽ 64കാരിയുടെ വയറ്റിൽ നിന്നും എട്ടുകിലോ തൂക്കമുള്ള മുഴ നീക്കം ചെയ്‌തു. കൊല്ലം സ്വദേശിയായ വൃദ്ധയുടെ ഗർഭപാത്രത്തിൽ നിന്നാണ് 30 സെന്റിമീറ്റർ വീതം നീളവും വീതിയും ആഴവുമുള്ള മുഴ പുറത്തെടുത്തത്. വിശപ്പില്ലായ്‌മ, വയറുവേദന, ശരീരഭാരം കുറയൽ എന്നീ ലക്ഷണങ്ങളുമായാണ് വൃദ്ധ ഒമ്പതുമാസം മുമ്പ് ആശുപത്രിയിലെത്തിയത്. പരിശോധനയിൽ മുഴ കണ്ടെത്തി. കാൻസറായിരിക്കാമെന്ന സംശയമുണ്ടായിരുന്നതിനാൽ എത്രയുംവേഗം ശസ്ത്രക്രിയ നടത്തണമെന്നും രോഗിയോട് നിർദ്ദേശിച്ചു. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ ചികിത്സയ്‌ക്കെത്താൻ വൈകിയതോടെ ഗർഭാശയമുഴ എട്ടുകിലോഗ്രാം തൂക്കത്തിലേക്ക് വളർന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് വീണ്ടും ആശുപത്രിയിലെത്തിയത്. ഗൈനക്കോളജി വിഭാഗത്തിലെ ഡോ. ശ്രീലതയുടെ യൂണിറ്റിൽ അഡ്മിറ്റായ രോഗിക്ക് ഡോ. ബിന്ദു നമ്പീശൻ, ഡോ.ജെ. സിമി എന്നിവരുടെ നേതൃത്വത്തിൽ അതിസങ്കീർണമായ ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്യുകയായിരുന്നു. അനസ്‌തേഷ്യാ വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ജയകുമാർ, ഡോ. കൃഷ്ണ, ഡോ. അഞ്ജു, നഴ്സ് ലക്ഷ്മി എന്നിവരും ശസ്ത്രക്രിയയിൽ പങ്കെടുത്തു.