തിരുവനന്തപുരം: ആരോഗ്യമുള്ള ഭാവി തലമുറയ്ക്കായി കായിക വകുപ്പ് സ്‌കൂളുകളിൽ ആരംഭിക്കുന്ന പ്ലേ ഫോർ ഹെൽത്ത് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് കണ്ണൂർ തളാപ്പ് ഗവ.മിക്‌സ്ഡ് യു.പി സ്‌കൂളിൽ മന്ത്രി ഇ.പി. ജയരാജൻ നിർവഹിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അദ്ധ്യക്ഷനാകും.
വിദ്യാർത്ഥികളുടെ ശാരീരിക, മാനസികാരോഗ്യം ഉറപ്പാക്കാനും അവരെ കായിക മികവിലേക്ക് ഉയർത്താനും ലക്ഷ്യമിട്ടുള്ള പദ്ധതി സിഡ്‌കോയുടെ സാങ്കേതിക സഹകരണത്തോടെ ആദ്യഘട്ടത്തിൽ 25 സ്‌കൂളുകളിലാണ് നടപ്പാക്കുന്നത്.
ഇൻഡോർ, ഔട്ട്‌ഡോർ കായിക ഉപകരണങ്ങൾ സ്‌കൂളുകളിൽ സജ്ജമാക്കിയിട്ടുണ്ട്. ബാസ്‌കറ്റ്‌ബാൾ, ഫുട്‌ബാൾ തുടങ്ങിയ ഇനങ്ങളിലുള്ള അഭിരുചി കണ്ടെത്താൻ പരിശീലനം നൽകും. ഇതിനായി സ്‌കൂൾ അദ്ധ്യാപകരെ ചുമതലപ്പെടുത്തും. പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ പ്രത്യേക നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തുന്നുണ്ട്.