cpm

തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിന്റെ വികസന നയങ്ങൾ ചർച്ച ചെയ്തും ജനങ്ങളോട് അഭിപ്രായ, നിർദേശങ്ങൾ തേടിയുമുള്ള സി.പി.എമ്മിന്റെ ഗൃഹസന്ദർശന പരിപാടിക്ക് തലസ്ഥാനത്ത് തുടക്കമായി.31 വരെ തുടരുന്ന ഭവനസന്ദർശനത്തിലൂടെ ജില്ലയിലെ എല്ലാ വീടുകളിലും സന്ദേശമെത്തിക്കാനും ജനാഭിപ്രായം തേടാനുമാണ് ജില്ലാ കമ്മിറ്റി ലക്ഷ്യമിടുന്നത്. ജില്ലയിലെ സംസ്ഥാന കമ്മിറ്റിയംഗങ്ങളും ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും വരുംദിവസങ്ങളിലും വിവിധ ഏരിയകളിലായി ഗൃഹസന്ദർശനം തുടരും. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നെയ്യാറ്റിൻകരയിലും, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം.വിജയകുമാർ വഞ്ചിയൂരിലും, വി.ശിവൻകുട്ടി ആറ്റുകാലും, കോലിയക്കോട് കൃഷ്ണൻനായർ വെഞ്ഞാറമൂട്ടിലും, ടി.എൻ. സീമ ശ്രീവരാഹം, പെരുന്താന്നി എന്നിവിടങ്ങളിലും വീടുകളിലെത്തി. ജനപ്രതിനിധികളും പ്രാദേശികനേതാക്കളും അനുഗമിച്ചു. നാലര വർഷത്തെ സർക്കാരിന്റെ വികസന മുന്നേറ്റങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും സർക്കാരിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ തുടച്ചു നീക്കുകയെന്ന വലിയ ഉത്തരവാദിത്വവുമാണ് ഗൃഹസന്ദർശനത്തിലൂടെ ലക്ഷ്യംവയ്ക്കുന്നത്. കൊവിഡ് കാലത്തെ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് നേതാക്കൾ വീട്ടുകാരുമായി സംവദിച്ചത്. ഭാവിയിലേക്ക് വേണ്ട മാറ്റങ്ങളും നിർദ്ദേശങ്ങളും അവർ വീട്ടുകാരിൽ നിന്ന് സ്വീകരിച്ചു. വർദ്ധിപ്പിച്ച പെൻഷൻ കൈയിലെത്തുന്നതിലുള്ള സന്തോഷവും ചിലർ പ്രകടിപ്പിച്ചു.ജനക്ഷേമ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സർക്കാരിന്റെ ഭരണത്തുടർച്ചയുണ്ടാകുമെന്ന പ്രത്യാശ പ്രകടിപ്പിച്ചാണ് നേതാക്കൾ വീടുകളിൽ നിന്ന് മടങ്ങിയത്. രാവിലെയും വൈകിട്ടുമായിരുന്നു ഗൃഹസന്ദർശനം.