തിരുവനന്തപുരം: മെഡിക്കൽ കോളേജ്, ആർ.സി.സി, ശ്രീചിത്ര, എസ്.എ.ടി തുടങ്ങിയ ആശുപത്രികളിൽ പോകുന്നവരെ കൃത്യസമയത്ത് എത്തിക്കുന്നതിനായി 27 മുതൽ രാവിലെയും വൈകിട്ടും കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിക്കും. പാറശാല, നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട്, വിതുര, കുളത്തൂപ്പുഴ, ആര്യങ്കാവ്, വെള്ളനാട്, വെള്ളറട, പൂവാർ, വിഴിഞ്ഞം, വെഞ്ഞാറമൂട്, ആറ്റിങ്ങൽ, കണിയാപുരം, പാലോട് എന്നിവിടങ്ങളിൽ നിന്ന് രാവിലെ 6ന് ഒ.പിയിൽ എത്തിച്ചേരുന്ന വിധത്തിലാണ് സർവീസുകൾ ക്രമീകരിക്കുക. ഒ.പിയിലെ പരിശോധനയ്‌ക്ക് ശേഷം തിരികെ പോകുന്നതിനായി രാവിലെ 11 മുതൽ വൈകിട്ട് 3 വരെ 15 മിനിട്ട് ഇടവേളകളിൽ സെൻട്രൽ ഡിപ്പോയിൽ നിന്നും പാറശാല, നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട് എന്നീ പ്രദേശങ്ങളിലേക്ക് തിരികെ സർവീസുകൾ ഉണ്ടായിരിക്കും. കിഴക്കേകോട്ടയിൽ നിന്ന് തമ്പാനൂർ ബസ് ടെർമിനലിൽ കണക്ട് ചെയ്‌ത് മെഡിക്കൽ കോളേജിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് നടത്തും. രാവിലെ ഏഴ് വരെയുള്ളവ മെഡിക്കൽ കോളേജ് കാമ്പസിനുള്ളിൽ വരെ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. മെഡിക്കൽ കോളേജ് ഒ.പി കൗണ്ടറിൽ സർവീസുകൾ സംബന്ധിച്ച സമയവിവരപ്പട്ടിക സ്ഥാപിക്കും. ഇവയിൽ ഹോസ്‌പിറ്റൽ സർവീസ് എന്ന പ്രത്യേക ബോർഡും ഉണ്ടായിരിക്കും. കൊച്ചിൻ യൂണിവേഴ്‌സിറ്റിയുടെ സ്‌കൂൾ ഒഫ് മാനേജ്മെന്റ് നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് 21 ഷെഡ്യൂളുകൾ ആരംഭിക്കുന്നത്.