കോവളം: കഴക്കൂട്ടം - കാരോട് ബൈപ്പാസിൽ മുക്കോല തലയ്‌ക്കോട് നിന്ന് കാരോട് ഭാഗത്തേക്ക് പോകുന്ന 16.5 കിലോമീറ്റർ ദൂരമുള്ള റോഡ് ഏപ്രിൽ അവസാനത്തോടെ തുറന്നുകൊടുക്കുമെന്ന് ദേശീയപാത അധികൃതർ. കോൺക്രീറ്റ് മാത്രമുപയോഗിച്ച് നിർമ്മിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ റോഡാണിത്. കഴക്കൂട്ടത്തിനെയും തമിഴ്നാട് അതിർത്തി പങ്കിടുന്ന കാരോടിനെയും ബന്ധിപ്പിച്ചുള്ള 43 കിലോമീറ്റർ ദൂരത്തിലാണ് ബൈപ്പാസ് നിർമ്മിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ മുക്കോല - തലയ്‌ക്കോട് - കാരോട് റോഡ് കമ്മിഷൻ ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധി കാരണം വൈകുകയായിരുന്നു. അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതും റോഡ് നിർമ്മാണത്തിനുള്ള ചെമ്മണ്ണ് സമയബന്ധിതമായി
കിട്ടാത്തതും തടസമായെന്ന് ദേശീയപാത അധികൃതർ പറഞ്ഞു. അഞ്ച് വില്ലേജുകളിൽ നിന്ന് മണ്ണെടുക്കുന്നതിനായി വില്ലേജുകളിൽ നിന്ന് അധികൃതർ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഈ സ്ഥലങ്ങളിൽ ജിയോളജി വകുപ്പ് അധികൃതർ ഇതുവരെയും പരിശോധന നടത്തിയിട്ടില്ല. ഇതുകാരണം മണ്ണെടുക്കാൻ കഴിയുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. ബൈപ്പാസ് കടന്നുപോകുന്ന കാഞ്ഞിരംകുളം ഭാഗത്ത് അടിപ്പാത വേണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധിച്ചിരുന്നു. 16.5 കിലോമീറ്റർ ദൂരമുമുള്ള കോൺക്രീറ്റ് റോഡിന്റെ 11 കിലോമീറ്റർ മാത്രമാണ് ഇതുവരെ പൂർത്തിയായത്. നിർമ്മാണം പൂർത്തിയായ തലയ്‌ക്കോട് ബൈപാസിൽ കടക്കാതിരിക്കാൻ ഇവിടത്തെ റോഡിൽ റോഡിനു കുറുകെ കോൺക്രീറ്റ് ബ്ലോക്കുകൾ അടുക്കിയിട്ടുണ്ട്. കോവളം ജംഗ്ഷൻ മുതൽ തലയ്‌ക്കോട് വരെയുള്ള റോഡ് പൊലീസിന്റെ നിർദ്ദേശ പ്രകാരം അടച്ചിട്ടിരിക്കുകയാണ്. കോവളം മുതൽ മുക്കോല വരെയുള്ള മൂന്നര കിലോമീറ്റർ റോഡിന്റെ മൂന്നിടത്തായി വാഹനങ്ങൾ കയറാതിരിക്കാനായി റോഡിനു കുറുകെ മെറ്റൽ നിരത്തിയിട്ടിട്ടുണ്ട്. റോഡ് തുറന്നുകൊടുത്തശേഷം ഇരുവശത്തുമുള്ള സർവീസ് റോഡുകളെ ബന്ധിപ്പിക്കുന്ന കോവളം ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ നടപ്പിലാക്കുമെന്നും ദേശീയപാത അധികൃതർ പറഞ്ഞു.
കഴക്കൂട്ടം - കാരോട് ബൈപ്പാസ് - 43 കിലോ മീറ്റർ
ആദ്യ 'റിജിഡ് പേവ്‌മെന്റ് റോഡ്'
സംസ്ഥാനത്തെ ആദ്യ റിജിഡ് പേവ്‌മെന്റ് റോഡ് ( കോൺക്രീറ്റ് ) ഒരുങ്ങുന്നത് മുക്കോല മുതൽ കാരോട് വരെയുള്ള 16.20 കിലോമീറ്റർ ദൂരത്താണ്. ഇന്ത്യൻ റോഡ് കോൺഗ്രസ് 2016 മാനുവലിൽ നിഷ്‌കർഷിച്ചിട്ടുള്ള പ്രകാരമാണ് കേരളത്തിൽ ആദ്യമായി റിജിഡ് പേവ്‌മെന്റ് റോഡ് നിർമിക്കുന്നതെന്ന് ദേശീയ ഹൈവേ അതോറിട്ടി അധികൃതർ അറിയിച്ചു. മറ്റ് ടാർ റോഡിനെക്കാൾ ഇത്തരം റോഡിന് ഈട് കൂടുതലും വെള്ളം തങ്ങിനിന്ന് റോഡുകളിൽ കുഴിയുണ്ടാകില്ലെന്നതുമാണ് സവിശേഷത.