തിരുവനന്തപുരം: സോളാർ കേസ് സി.ബി.ഐക്ക് വിട്ടത് സർക്കാരിന് തന്നെ തിരിച്ചടിയാകുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. തീരുമാനത്തിനെതിരെ കോടതിയിൽ പോകില്ല. ഏത് ഏജൻസിയും വരട്ടെ. എട്ട് വർഷത്തിനിടെ ഒരിക്കൽപ്പോലും കേസിനെ തടസപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. പരാതിക്കാരി വീണ്ടും പരാതി നൽകിയതിൽ ഗൂഢാലോചനയുണ്ടോയെന്ന് മാദ്ധ്യമങ്ങൾ അന്വേഷിക്കണം.
ഒരു തെറ്റും ചെയ്‌തിട്ടില്ലെന്ന പൂർണ ബോദ്ധ്യമുള്ളതിനാൽ നിയമത്തിന് മുന്നിൽ നിവർന്നുനിൽക്കും. കഴിഞ്ഞ സർക്കാരിന്റെ അവസാനത്തെ മൂന്ന് വർഷവും പിണറായിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം സോളാറുമായി ബന്ധപ്പെട്ട സമരങ്ങളാണ് നടത്തിയത്. പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞാണ് എൽ.ഡി.എഫ് അധികാരത്തിൽ കയറിയത്. എന്നാൽ മൂന്ന് ഡി.ജി.പിമാർ അന്വേഷിച്ചിട്ടും നടപടിയെടുക്കാൻ സാധിച്ചില്ല. രാഷ്ട്രീയ മര്യാദയില്ലാതെ പ്രതിയോഗികളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പരാജയമാണിത്.
ജാമ്യമില്ലാവകുപ്പുകൾ പ്രകാരം കേസെടുത്തതിനാൽ എപ്പോൾ വേണമെങ്കിലും അറസ്റ്റ് ചെയ്യാമായിരുന്നു. എന്തുകൊണ്ട് ചെയ്തില്ല. ജോസ് കെ. മാണിക്കെതിരെ അന്വേഷണമില്ലെന്ന ആരോപണം ഉന്നയിക്കില്ല. ലാവ്‌ലിൻ കേസിൽ ഭരണപക്ഷവും പ്രതിപക്ഷവും കുറ്റക്കാരെന്ന ആരോപണം ഉയർന്നതോടെയാണ് സി.ബി.ഐക്ക് വിട്ടത്.
സോളാർ ജുഡിഷ്യൽ കമ്മിഷൻ റിപ്പോർട്ട് ലഭിച്ച ഉടൻ നടപടിയെടുക്കുമെന്ന് പറഞ്ഞ് ക്യാബിനറ്റ് കൂടുകയും, വേങ്ങര തിരഞ്ഞെടുപ്പ് ദിവസം മുഖ്യമന്ത്രി നടപടികൾ പ്രഖ്യാപിക്കുകയും ചെയ്‌തു. കമ്മിഷന്റെ നിയമവിരുദ്ധമായ നടപടികൾ ചൂണ്ടിക്കാണിച്ചപ്പോൾ ഹൈക്കോടതി ഞങ്ങൾക്ക് അനുകൂലമായി വിധിച്ചു. ഇതിനെതിരെ എന്തുകൊണ്ട് സർക്കാർ അപ്പീലിന് പോയില്ലെന്ന് പിണറായി വിജയൻ വ്യക്തമാക്കണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.